September 28, 2022 Wednesday

Related news

September 27, 2022
September 27, 2022
September 26, 2022
September 26, 2022
September 26, 2022
September 26, 2022
September 26, 2022
September 25, 2022
September 25, 2022
September 25, 2022

രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി വോട്ടുവിവരങ്ങളും യുഡിഎഫ് വിറ്റു

Janayugom Webdesk
തിരുവനനന്തപുരം
April 1, 2021 10:48 pm

രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി വോട്ട് അവകാശമുള്ള കേരളത്തിലെ 2.74 കോടിയിൽപ്പരം ജനങ്ങളുടെ തിരിച്ചറിയൽ വിവരങ്ങൾ വിദേശ സോഫ്റ്റ്‌വേർ കമ്പനിക്ക് യുഡിഎഫ് വിറ്റു. വോട്ടവകാശമുള്ള മുഴുവൻ ജനങ്ങളുടെയും ഡിജിറ്റൽ വിവരങ്ങളാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ വിദേശ കമ്പനിക്കു കൈമാറിയത്. ഇതിൽ നിന്നു 4.34 ലക്ഷത്തിൽപ്പരം ജനങ്ങളുടെ പേരും, മേൽവിലാസവും ഫോട്ടോയും തിരിച്ചറിയൽ കാർഡ് നമ്പരുമടക്കം ഇരട്ട വോട്ട് ആരോപിച്ച് വിദേശ കമ്പനി തയ്യാറാക്കിയ പുതിയ വെബ്സൈറ്റിലൂടെ പ്രസിദ്ധപ്പെടുത്തി. ഇരട്ട വോട്ടു തടയാൻ തെരഞ്ഞെടുപ്പു കമ്മിഷൻ സമർപ്പിച്ച മാർഗരേഖ കഴിഞ്ഞ ദിവസം ഹൈക്കോടതി അംഗീകരിച്ചു ഉത്തരവിട്ടതിനു പിന്നാലെയാണ് ഗുരുതര പ്രത്യാഘാതമുണ്ടാകുന്ന നടപടി പ്രതിപക്ഷനേതാവിന്റെയും യുഡിഎഫിന്റെയും ഭാഗത്തുനിന്നും ഉണ്ടായത്.

സംസ്ഥാനത്ത് 38,586 ഇരട്ട വോട്ടുകൾ മാത്രമാണുള്ളതെന്നും വോട്ടർപട്ടികയിൽ മാറ്റം വരുത്താൻ ആകില്ലെന്നും തെരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചത് ബുധനാഴ്ച ഹൈക്കോടതി അംഗീകരിച്ചിരുന്നു. ഇരട്ട വോട്ട് തടയാൻ തെരഞ്ഞെടുപ്പു കമ്മിഷന്റെ മാർഗരേഖ അംഗീകരിച്ച ഹൈക്കോടതി പ്രതിപക്ഷനേതാവ് നൽകിയ ഹർജിയിലും തീർപ്പു കൽപ്പിച്ചാണ് ഉത്തരവിറക്കിയത്. മണിക്കൂറുകൾക്കുശേഷം തെരഞ്ഞെടുപ്പു കമ്മിഷനെയും നീതിന്യായ വ്യവസ്ഥയെയും വെല്ലുവിളിച്ച് സിങ്കപ്പൂർ ആസ്ഥാനമായ സോഫ്റ്റ്‌വേർ കമ്പനി നേരത്തേ തയ്യാറാക്കിയ operationtwins.com എന്ന വെബ്സൈറ്റിലൂടെ കണ്ടെത്തിയെന്ന് പറയുന്ന ഇരട്ടവോട്ട് വിവരം പുറത്തുവിട്ടു. രാജ്യത്തെ പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ മറ്റു രാജ്യങ്ങൾക്കോ അവിടെ സ്ഥിതിചെയ്യുന്ന കമ്പനികൾക്കോ നൽകരുതെന്ന ഐടി നിയമങ്ങളാണ് യുഡിഎഫ് ലംഘിച്ചത്.

കേരളത്തിലെ 140 നിയോജക മണ്ഡലത്തിലെയും വോട്ടവകാശമുള്ളവരുടെ വിവരങ്ങളടങ്ങുന്ന തെരഞ്ഞെടുപ്പു കമ്മിഷന്റെ വോട്ടർപട്ടിക അപ്പാടെ വിദേശ കമ്പനിക്കു നൽകിയാണ് ഡാറ്റാ ദുരുപയോഗം യുഡിഎഫ് നടത്തിയത്.

 

ഇരട്ടസഹോദരങ്ങളും സമാനപേരുകാരും ‘വ്യാജ’വോട്ടർമാർ

ഇരട്ട വോട്ട് കണ്ടെത്തിയതായി പ്രതിപക്ഷനേതാവ് പ്രസിദ്ധപ്പെടുത്തിയ വെബ് സൈറ്റിലൂടെ വോട്ടർമാരെ വ്യക്തിഹത്യ നടത്തുന്നതായുള്ള പരാതിയും വ്യാപകമായി. ഇരട്ട സഹോദരങ്ങളെയും ഒരേ പേരുള്ള വ്യക്തികളെയും സാമ്യമുള്ള ഫോട്ടോ ഉള്ളവരെയും വ്യാജ വോട്ടർമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് അപമാനിച്ചത്. ഇതിനെതിരെ കേരളത്തിലെ മുഴുവൻ നിയോജക മണ്ഡലത്തിലെയും നിരവധിപേർ പ്രതിപക്ഷ നേതാവിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ്. ഇന്ന് നിരവധിപേർ തെരഞ്ഞെടുപ്പു കമ്മിഷനും വിവിധ കോടതികളിലും പരാതി നൽകും.

ഒറ്റപ്പാലം മണ്ഡലത്തിലെ 135-ാം നമ്പർ ബൂത്തിലെ തോട്ടക്കര തേക്കിൻകാട്ട് വീട്ടിലെ ഇരട്ട സഹോദരങ്ങളായ അരുണും വരുണും ചെന്നിത്തലയുടെ പട്ടികയിൽ ഇടം നേടിയത് വ്യാജവോട്ടർമാരായാണ്. കണ്ണൂർ പയ്യന്നൂരിലെ കരിവെള്ളൂരിൽ ഇരട്ടസഹോദരങ്ങളായ സുജിത്തും സുമിത്തും പട്ടികയിൽ വ്യാജ വോട്ടർമാരായി. എരുമം കുറ്റൂരിലെ മുകേഷും സുമേഷും സമാന അനുഭവസ്ഥരാണ്.
രക്ഷിതാക്കളുടെ പേര് വ്യത്യാസമുണ്ടെങ്കിലും സമാന പേരുകളുള്ളവരെയും പലയിടത്തും വ്യാജവോട്ടർമാരാക്കി. എന്നാൽ, യുഡിഎഫ് സ്ഥാനാർത്ഥികളുടെയും എംഎൽഎമാരുടെ ബന്ധുക്കളുടെയും മറ്റു കോൺഗ്രസ് നേതാക്കളുടെയും ഇരട്ടവോട്ടുകളും ചെന്നിത്തലയുടെ അമ്മ ദേവകിയമ്മയുടെ ഇരട്ടവോട്ടും വെബ്സൈറ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Eng­lish sum­ma­ry: UDF sells vot­ers data

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.