രണ്ടുമില്ല, മൂന്നുമില്ല; യുഡിഎഫ് സീറ്റ് ചര്‍ച്ച പൊളിഞ്ഞു

Web Desk
Posted on February 26, 2019, 10:05 pm

കൊച്ചി: യുഡിഎഫ് സീറ്റ് ചര്‍ച്ച പൊളിഞ്ഞു. മൂന്നാം സീറ്റ് എന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം മുസ്‌ലിം ലീഗിനെയും രണ്ടാം സീറ്റെന്ന ആവശ്യം നടക്കില്ലെന്ന് കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പിനെയും അറിയിച്ചു. ഇന്ന് കൊച്ചിയില്‍ തുടങ്ങിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് ലീഗിന്‍റെയും കേരള കോണ്‍ഗ്രസിന്‍റേയും നിലപാട് കോണ്‍ഗ്രസ് തള്ളിയത്. പരമാവധി സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കേണ്ട നിര്‍ണായക തെരഞ്ഞെടുപ്പാണ് വരുന്നതെന്നും ഈ സാഹചര്യത്തില്‍ ലീഗിന്റെ ആവശ്യം അംഗീകരിക്കില്ലെന്നും ഉഭയകക്ഷി ചര്‍ച്ചയില്‍ കെപിസിസി നേതൃത്വം നിലപാടെടുത്തു.

മുസ്‌ലിം ലീഗും മാണിഗ്രൂപ്പും അധിക സീറ്റിനായി വാശി പിടിച്ചതോടെ കൊച്ചിയില്‍ നടന്ന ചര്‍ച്ച മുന്നോട്ടുപോകാതെ വഴിമുട്ടി. പിന്നീട് കേരള കോണ്‍ഗ്രസുമായി നടന്ന ചര്‍ച്ചയും സൗഹാര്‍ദപരമായിരുന്നില്ല. മുഖത്തോടു മുഖം നോക്കാതെയായിരുന്നു മാണിയും ജോസഫും ചര്‍ച്ചയില്‍ പങ്കെടുത്തത്. രണ്ടു സീറ്റ് വേണമെന്ന ആവശ്യത്തില്‍ കേരള കോണ്‍ഗ്രസ് ഉറച്ചു നിന്നതോടെ ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമായി. നിലവില്‍ ഉണ്ടായിരുന്നതിനു പുറമെ ഒരു രാജ്യസഭാ സീറ്റ് കൂടി കേരള കോണ്‍ഗ്രസിന് നല്‍കിയിട്ടുണ്ടെന്നും. ഫലത്തില്‍ രണ്ടു സീറ്റ് നല്‍കിയിട്ടുള്ളതിനാല്‍ ഇനിയൊരു സീറ്റ് കൂടി നല്‍കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ബെന്നി ബഹനാനും ഇതേ നിലപാട് സ്വീകരിച്ചപ്പോള്‍ രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കിയപ്പോള്‍ കോണ്‍ഗ്രസില്‍ ഉണ്ടായ കലാപം ഉമ്മന്‍ചാണ്ടി ഓര്‍മ്മപ്പെടുത്തി. ഇതോടെ രണ്ടാംഘട്ട ചര്‍ച്ചകള്‍ക്ക് തീയതി കുറിച്ച് ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു. ചര്‍ച്ച പുരോഗമിക്കുകയാണെന്ന് യോഗത്തില്‍ പങ്കെടുത്ത മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. പാര്‍ട്ടി നിയമസഭ കക്ഷി നേതാവ് എം കെ മുനീറും യോഗത്തില്‍ പങ്കെടുത്തു. ചര്‍ച്ചകളില്‍ പ്രതീക്ഷയുള്ളതായി മറ്റു ഘടകകക്ഷി നേതാക്കളും അഭിപ്രായപ്പെട്ടു. വിവിധ ഘടക കക്ഷികളെ പ്രതിനിധീകരിച്ച് കെ എം മാണി, പി ജെ ജോസഫ്, ജോസ് കെ മാണി, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, ജോണി നെല്ലൂൂര്‍, അനൂപ് ജേക്കബ്, സി പി ജോണ്‍, ജി ദേവരാജന്‍ എന്നിവര്‍ പങ്കെടുത്തു.

പൊന്നാനി, മലപ്പുറം എന്നീ സീറ്റുകള്‍ക്ക് പുറമേ മൂന്നാമതൊരു സീറ്റു കൂടി എന്നതായിരുന്നു ലീഗിന്റെ ആവശ്യം. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യം തള്ളിയതോടെ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായില്ല.ഇടുക്കി സീറ്റ് വേണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും ഉന്നയിച്ചു .സിഎംപി ലോകസഭാ സീറ്റു ചോദിച്ചില്ലെങ്കിലും അടുത്ത രാജ്യസഭാ സീറ്റ് തങ്ങള്‍ക്ക് നല്‍കണമെന്ന ആവശ്യമാണ് മുന്നോട്ട് വച്ചത് .രാജ്യസഭാ സീറ്റ് നല്‍കുമ്പോള്‍ രണ്ടാം ലോകസഭാ സീറ്റെന്ന ആവശ്യം മുന്നോട്ടു വയ്ക്കില്ലെന്നു കേരളകോണ്‍ഗ്രസ് നേതാക്കള്‍ സമ്മതിച്ചിരുന്നതാണെന്ന വാദമാണ് കോണ്‍ഗ്രസ് മുന്നോട്ട് വച്ചത്. രണ്ട് സീറ്റെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെ എം മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആവശ്യങ്ങളെല്ലാം പറഞ്ഞുവെന്നതായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. യുഡിഎഫില്‍ ഒരു പൊട്ടിത്തെറിയും ഉണ്ടാവില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു .കെ പി സി സി അധ്യക്ഷന്‍ പങ്കെടുക്കുന്ന ദിവസത്തില്‍ ചര്‍ച്ച വേണമായിരുന്നുവെന്ന ആവശ്യം ഘടകകക്ഷികള്‍ മുന്നോട്ടുവച്ചു. എന്നാല്‍ ചര്‍ച്ചകളുടെ അടുത്ത ഘട്ടത്തില്‍ മുല്ലപ്പള്ളി പങ്കെടുക്കുമെന്ന മറുപടിയാണ് ലഭിച്ചത്. മുസ്‌ലിംലീഗിലെ ഉന്നതന്റെ ആവശ്യപ്രകാരം 23 ന് മലപ്പുറത്തു ആദ്യഘട്ട ചര്‍ച്ചയ്ക്കു രമേശ് ചെന്നിത്തല സമയം കുറിച്ചെങ്കിലും ചര്‍ച്ച കൊച്ചിയിലോ തിരുവനന്തപുരത്തോ മതിയെന്ന നിലപാട് യു ഡി എഫ് കണ്‍വീനര്‍ എടുക്കുകയായിരുന്നു. അടുത്തമാസം ആറിനാണ് രണ്ടാം ഘട്ട ചര്‍ച്ചയ്ക്കു സമയം തീരുമാനിച്ചിട്ടുള്ളത്.