ഉപതെരഞ്ഞെടുപ്പ്: രമ്യാ ഹരിദാസിന്റെ വാര്‍ഡില്‍ യുഡിഎഫ് ഭൂരിപക്ഷം പകുതിയായി കുറഞ്ഞു

Web Desk
Posted on September 04, 2019, 7:29 pm

കോഴിക്കോട്: ജില്ലയില്‍ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പുവ്വാട്ടുപറമ്പ് ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം പകുതിയായി കുറഞ്ഞു. എം പിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ് രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു ഇവിടെ ഉപ തെരഞ്ഞെടുപ്പ്. യുഡിഎഫിലെ നസീബാ റായിയാണ് വിജയിച്ചത്. ഈ ഡിവിഷനില്‍ ബിജെപിക്കും വോട്ട് കുറഞ്ഞു. ആകെ പോള്‍ ചെയ്ത വോട്ട് — 9799. എല്‍ ഡി എഫിലെ ദീപ — 3889, യൂ ഡി എഫിലെ നസീബാ റായ് — 4794, ബി ജെ പിയിലെ കെ ടി ജയ- 995, നസീബ സ്വതന്ത്ര — 121. ഭൂരിപക്ഷം- 905. മുന്‍ തെരഞ്ഞെടുപ്പില്‍ രമ്യാ ഹരിദാസിന് ലഭിച്ച ഭൂരിപക്ഷം 1536 വോട്ടായിരുന്നു. നാല് മാസങ്ങള്‍ക്ക് മുമ്പ് നടന്ന ലോക സഭാ തെരഞ്ഞെടുപ്പില്‍ രണ്ടായിരത്തിലധികമായിരുന്നു യൂ ഡി എഫ് ഭൂരിപക്ഷം. മുന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 1654 വോട്ടാണ് ലഭിച്ചത്.

ഈ തെരഞ്ഞെടുപ്പില്‍ അത് 995 ആയി കുറഞ്ഞു. ജില്ലയില്‍ ഉപതെരെഞ്ഞെടുപ്പ് നടന്ന മേലടി ബ്ലോക്ക് പഞ്ചായത്ത് തിക്കോടി ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ വി എം സുനിത (സിപിഐ എം) വിജയിച്ചു. സുനിതയ്ക്ക് 1895 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശാന്ത കുറ്റിയിലിന് 1195 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 700 വോട്ട്. എല്‍ഡിഎഫ് വിജയിച്ച വാര്‍ഡാണ്. നിലവിലെ അംഗമായിരുന്ന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി കൈരളിക്ക് സര്‍ക്കാര്‍ജോലി ലഭിച്ചതിനാല്‍ രാജിവച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. 2015ല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി 346 വോട്ടു നേടിയ ബി ജെ പി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല.

കോട്ടൂര്‍ പഞ്ചായത്ത് 17ാം വാര്‍ഡ് (പടിയക്കണ്ടി) ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഐ എമ്മിലെ വി കെ അനിത വിജയിച്ചു. 255 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിന്റെ വിജയം. പോള്‍ ചെയ്ത 1114 വോട്ടില്‍ അനിതയ്ക്ക് 668 വോട്ടും യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുജ പറക്കുന്നത്തിന് 413 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി കണ്ടപ്പാട്ടില്‍ശോഭനയ്ക്ക് 33 വോട്ട് ലഭിച്ചു. ബിജെപിയുടെ വോട്ട് കഴിഞ്ഞതിനെക്കാളും കുറഞ്ഞു. 2015ലെ തെരഞ്ഞെടുപ്പില്‍ 269 വോട്ടിനാണ് സിപിഐ എം ഈ വാര്‍ഡില്‍ വിജയിച്ചത്.