Web Desk

ഹൈദരാബാദ്​

February 19, 2020, 10:30 pm

മുസ്ലിം യുവാക്കളോട് പൗരത്വം തെളിയിക്കണമെന്ന് യുഐഡിഎഐ

Janayugom Online

ഹൈദരാബാദ് സ്വദേശികളായ മൂന്ന് മുസ്ലിം യുവാക്കളോട് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ട യുണീക്​ ഐഡൻറിഫിക്കേഷൻ അതോറിറ്റിയുടെ നടപടി വിവാദത്തിൽ. പൗരത്വം തെളിയിക്കുന്ന രേഖകളുമായി ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ യുഐഡിഎഐ ഇവര്‍ക്ക് നോട്ടീസ് അയച്ചു. ഇവർ ഇന്ത്യൻ പൗരന്മാരല്ലെന്ന്​ പരാതി ഉയർന്നതിനെ തുടർന്നാണ്​ നടപടി. വ്യാജ പ്രമാണങ്ങൾ ഹാജരാക്കിയല്ല ആധാർ കാർഡ് നേടിയതെന്നതിന്​​ തെളിവ് നൽകണമെന്നാവശ്യപ്പെട്ടാണ് ​ അതോറിറ്റിയുടെ ഹൈദരാബാദ്​ റീജണൽ ഓഫീസ് മൂന്നുപേർക്കും​ നോട്ടീസ്​ നൽകിയത്​.

പൗരത്വത്തെക്കുറിച്ച്​ റീജണൽ ഓഫീസ് വിശദ അന്വേഷണം നടത്തും. രേഖകൾ ഹാജരാക്കിയില്ലെങ്കിൽ ആധാർ നമ്പർ റദ്ദാക്കും. അതേസമയം, പൗരത്വം തെളിയിക്കുന്നതിനാവശ്യമായ രേഖകൾ എന്തൊക്കെയാണെന്ന്​ അതോറിറ്റി വ്യക്തമായിട്ടില്ല. 2016ലെ ആധാർ നിയമപ്രകാരം ആധാർ നമ്പറുകൾ വ്യക്തിയുടെ താമസരേഖമാത്രമാണെന്നും പൗരത്വ രേഖയല്ലെന്നും പറയുന്നുണ്ട്​. ഇന്ത്യയിൽ താമസിക്കുന്ന വിദേശികളക്കമുള്ളവർക്ക്​ ആധാറിന്​ ​​അപേക്ഷിക്കാനുള്ള അർഹതയുണ്ട്​. പക്ഷേ ​അപേക്ഷകൻ ഇന്ത്യയിൽ 182 ദിവസമെങ്കിലും താമസിച്ചയാളായിരിക്കണം. സംഭവം വിവാദമായതിനെ തുടർന്ന് യുഐഡിഐയുടെ നടപടി ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

യുഐഡിഎ​ഐക്ക്​ ജനങ്ങളോട്​ പൗരത്വം തെളിയിക്കണമെന്ന്​ പറയാൻ എന്ത്​ അധികാരമാണുള്ളതെന്ന് യുവാക്കളുടെ​ അഭിഭാഷകൻ മുസഫറുല്ല ഖാൻ ഷഫാത്ത്​ ചോദിച്ചു. നിരക്ഷകരരായ തൊഴിലാളി കുടുംബത്തിൽനിന്നുള്ള യുവാക്കൾ ഹൈദരാബാദിൽ താമസിച്ചുവരുന്നവരാണ്​. രേഖകൾ ഹാജരാക്കി പൗരത്വം തെളിയിക്കുമെന്ന് അഭിഭാഷകൻ പറഞ്ഞു. സംഭവം വിവാദമായതോടെ, ഹിയറിങ് മേയിലേക്ക് മാറ്റിവച്ചുവെന്ന് യുഐഡിഎഐ മറ്റൊരു നോട്ടീസില്‍ പറയുന്നു. പൗരത്വം തെളിയിക്കുന്നതിനാവശ്യമായ യഥാര്‍ത്ഥ രേഖകള്‍ ശേഖരിക്കാന്‍ ഇവര്‍ക്ക് സമയം നല്‍കാനാണ് ഹിയറിങ് മാറ്റിവച്ചത് എന്നാണ് അതോറിറ്റിയുടെ പുതിയ വിശദീകരണം.