സ്വന്തം ലേഖകൻ

January 05, 2020, 9:36 pm

ഉജ്വല പദ്ധതി അവതാളത്തിൽ

Janayugom Online

ന്യൂഡൽഹി: രാജ്യത്തെ പാവപ്പെട്ട ജനങ്ങൾ കൂടുതൽ പട്ടിണിക്കാരാകുന്നുവെന്ന് വ്യക്തമാക്കി ഉജ്വല പദ്ധതി അവതാളത്തിൽ. പാവപ്പെട്ട ജനങ്ങൾക്ക് സൗജന്യമായി പാചക സിലിണ്ടറുകൾ നൽകുന്ന പദ്ധതിയാണ് ഉജ്വല. ആദ്യ സിലിണ്ടർ പദ്ധതി പ്രകാരം സൗജന്യമായി നൽകും. തുടർന്നുള്ള സിലിണ്ടറുകൾ ഉപഭോക്താക്കൾ വിലകൊടുത്ത് വാങ്ങണം. ഇങ്ങനെ വാങ്ങുന്ന സിലിണ്ടറുകളുടെ എണ്ണത്തിലുണ്ടായ കുറവാണ് പദ്ധതി ഉപഭോക്താക്കൾ ഉൾപ്പടെയുള്ള പാവപ്പെട്ട ജനങ്ങൾ ഭക്ഷണം പോലും പാചകം ചെയ്യാൻ ഇല്ലാത്ത വിധം കൊടിയ പട്ടിണിയിലെന്ന് വ്യക്തമാക്കുന്നത്. 2019 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം ഉജ്വല പദ്ധതിയിലെ സിലിണ്ടറുകളുടെ ഉപയോഗം 3.08 ആയി കുറഞ്ഞു. 2018 ഡിസംബർവരെ ഇത് 3.21 ആയിരുന്നു. 2018 മാർച്ച് വരെ 3.66 ആയിരുന്നുവെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. പദ്ധതിയുമായി ബന്ധപ്പെട്ട സിലിണ്ടറുകളുടെ ഉപയോഗിത്തിലുള്ള കുറവ് ആശങ്കയുളവാക്കുന്നതാണെന്ന് സിഎജി റിപ്പോർട്ടും പരാമർശിച്ചിരുന്നു.

18 സംസ്ഥാനങ്ങളിൽ സിലണ്ടറുകളുടെ ഉപയോഗം ദേശീയ ശരാശരിയെക്കാൾ ഏറെ കുറവാണ്. പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2018–19 സാമ്പത്തിക വർഷത്തിൽ ശരാശരി ഉപയോഗം 6.25 സിലിണ്ടറുകളാണ്. ആന്ധ്രാ പ്രദേശ്-3.34, അസം-2.82, ബിഹാർ‑3.31, ഗോവ 3.94, ഗുജറാത്ത്- 3.96, ജമ്മു കശ്മീർ‑2.37, കേരളം-3.49, മധ്യപ്രദേശ്-2.35,തമിഴ്നാട്-3.33, മഹാരാഷ്ട്ര‑3.03, കർണാടക‑3.53, ഒഡീഷ- 2.65, പഞ്ചാബ്- 4.22, രാജസ്ഥാൻ- 2.98, ഉത്തർപ്രദേശ്- 3.28, പശ്ചിമ ബംഗാൾ- 3.01, ഹരിയാന- 5.22, ഡൽഹി-8.36, തെലങ്കാന- 2.55 സിലിണ്ടറുകളാണ് ശരാശരി ഉപയോഗം.

മുൻ കൂർ ഡെപ്പോസിറ്റില്ലാതെയാണ് പദ്ധതി പ്രകാരം കണക്ഷൻ നൽകുന്നത് ആദ്യം കണക്ഷൻ ഉൾപ്പടെ നൽകുന്നതിനുള്ള നഷ്ടം അടുത്ത സിലിണ്ടറുകൾ വാങ്ങുമ്പോഴുള്ള വിലയിലൂടെ പരിഹരിക്കാമെന്നായിരുന്നു പൊതുമേഖലാ എണ്ണ കമ്പനികകളുടെ കണക്കുകൂട്ടൽ. ഇത് അവതാളത്തിലായതിലൂടെ കോടികളുടെ നഷ്ടമാണ് കമ്പനികൾക്ക് ഉണ്ടായത്. എട്ട് കോടി ജനങ്ങൾക്ക് ചാപക വാതക കണക്ഷനുകൾ സൗജന്യമായി നൽകിയെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാക്കൾ പറഞ്ഞത്. പാചക വാതക കണക്ഷനുകളുള്ള കുടംബങ്ങൾ 94.3 ശതമാനമായി ഉയർന്നെന്നാണ് മോഡി സർക്കാർ വാദിക്കുന്നത്. പദ്ധതിയുടെ സാധുത സംബന്ധിച്ച ഗുരുതരമായ ആശങ്കയാണ് കഴിഞ്ഞ സിഎജി റിപ്പോർട്ട് ഉന്നയിക്കുന്നത്. 12.46 ലക്ഷം കണക്ഷനുകളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും സിഎജി റിപ്പോർട്ട് പറയുന്നു. സബിസിഡി ഇനത്തിൽ സർക്കാർ നൽകുന്ന തുകയുടെ ആനുകൂല്യങ്ങൾ പാവപ്പെട്ട ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപം നേരത്തെ ശക്തമായിരുന്നു. 2016–17ൽ 2,999 കോടി രൂപയാണ് സബ്സിഡി അനുവദിച്ചതെങ്കിൽ 2018–19ൽ 5,683 കോടി രൂപയായി ഉയർന്നു.