100 വര്‍ഷങ്ങള്‍ക്ക് ശേഷം ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയില്‍ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടണ്‍

Web Desk
Posted on April 10, 2019, 8:00 pm

ലണ്ടന്‍: ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയില്‍ 100 വര്‍ഷങ്ങള്‍ക്ക് ശേഷം അതീവ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടണ്‍.  പ്രധാനമന്ത്രി തെരേസാ മേയാണ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഖേദപ്രകടനം നടത്തിയത്. കൂട്ടക്കൊലയുടെ നൂറാം വാര്‍ഷിക ദിനത്തിലാണ്  ബ്രിട്ടന്‍റെ ഖേദപ്രകടനം.

അതേസമയം പൂര്‍ണഖേദ പ്രകടനമല്ല മേയ് നടത്തിയത്. തുടര്‍ന്ന് പൂര്‍ണവും വ്യക്തവും നിസ്സംശയവുമായ മാപ്പ് അപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ജെറെമി കോര്‍ബിന്‍ ആവശ്യപ്പെട്ടു.

1919 ഏപ്രില്‍ 19നാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്നത്. റൗലറ്റ് നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ ജാലിയന്‍ വാലാബാഗ് മൈതാനത്ത് സമാധാനപരമായി യോഗം ചേര്‍ന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്കു നേരെ ജനറല്‍ ഡയറിന്റെ ഉത്തരവു പ്രകാരം ബ്രിട്ടീഷ് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.

മതിലുകളാല്‍ ചുറ്റപ്പെട്ടതായിരുന്നു മൈതാനത്തിലെ പല വാതിലുകളും സ്ഥിരമായി അടച്ച നിലയിലായിരുന്നു. പ്രധാനവാതിലും മറ്റു വാതിലുകളും അടയ്ക്കാന്‍ ഡയര്‍ ആദ്യം തന്നെ പട്ടാളക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ശേഷമാണ് അവിടെ കൂടിയിരുന്ന ആളുകള്‍ക്കു നേരെ വെടിയുതിര്‍ക്കാന്‍ പട്ടാളത്തിന് നിര്‍ദേശം നല്‍കിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായത്.