24 April 2024, Wednesday

ഉക്രെയ്ന്‍ സംഘര്‍ഷം: സ്ത്രീകളുടെയും കുട്ടികളുടെ അവകാശ ലംഘനങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് യുഎന്‍

Janayugom Webdesk
ജെനീവ
April 13, 2022 9:49 pm

സെെനിക നടപടിക്കിടെ റഷ്യന്‍ സെെന്യം സ്ത്രീകള്‍ക്കെതിരെ നടത്തുന്ന അക്രമണങ്ങളിലും കുട്ടികളുടെ സംരക്ഷണത്തെ കുറിച്ചും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യുഎന്‍ ഉന്നത ഉദ്യോഗസ്ഥര്‍. ന്യൂയോര്‍ക്കില്‍ നടന്ന സുരക്ഷാ കൗണ്‍സില്‍ യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്.

ബലാത്സംഗവും ലെെംഗീകാതിക്രമവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും നീതി ഉറപ്പാക്കാൻ ഈ ആരോപണങ്ങൾ സ്വതന്ത്രമായി അന്വേഷിക്കണമെന്നും യുഎൻ വനിതാ ഏജൻസി ഡയറക്ടർ സിമ ബഹൂസ് പറഞ്ഞു.

അതേസമയം, സുരക്ഷാ കൗൺസിൽ അംഗങ്ങളുടെ ആരോപണങ്ങൾ റ‍ഷ്യ തള്ളി. നിരപരാധിത്വത്തിന്റെ അർത്ഥത്തെ എല്ലാവരും ബഹുമാനിക്കണമെന്ന് യുഎന്നിലെ റഷ്യൻ ഡെപ്യൂട്ടി അംബാസഡർ ദിമിത്രി പോളിയാൻസ്‌കി ആരോപണങ്ങളോട് പ്രതികരിച്ചു.

ഉക്രെയ്ൻ ജനതയുടെ ഭാവി സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള സൈനിക നടപടികൾ മാത്രമാണ് റഷ്യ നടത്തികൊണ്ടിരിക്കുന്നതെന്ന് സുരക്ഷ കൗൺസിലിൽ റഷ്യ ആവർത്തിച്ചു.

യുദ്ധം എത്രയും പെട്ടന്ന് അവസാനിപ്പിക്കണമെന്നും പട്ടിണി മൂലം കുട്ടികളുടെ നില അപകടത്തിലാണെന്നും യുണിസെഫ് എമർജൻസി പ്രോഗ്രാം ഡയറക്ടർ മാനുവൽ ഫോണ്ടെയ്ൻ മുന്നറിയിപ്പ് നൽകി. 32 ലക്ഷം കുട്ടികളാണ് ഉക്രെയ്‍നില്‍ അവശേഷിക്കുന്നത്. ഇതിൽ പകുതിയോളം പേർക്ക് വേണ്ടത്ര ഭക്ഷണം ലഭിക്കാത്ത അവസ്ഥയാണ്.

മരിയുപോൾ, കേര്‍സന്‍ തുടങ്ങിയ നഗരങ്ങളിൽ സ്ഥിതി കൂടുതൽ മോശമാണ്. അവിടെ കുട്ടികളും അവരുടെ കുടുംബങ്ങളും ആഴ്ചകളായി വെള്ളം, ശുചിത്വ സേവനങ്ങൾ, പതിവ് ഭക്ഷണ വിതരണം, വൈദ്യസഹായം എന്നിവ ലഭിക്കാതെ കഷ്ടപ്പെടുകയാണെന്നും ഫോണ്ടെയ്ൻ പറഞ്ഞു.

ഉക്രെയ്‍നിലെ 75 ലക്ഷം കുട്ടികളിൽ മൂന്നിൽ രണ്ട് ഭാഗവും നാടുകടത്തപ്പെട്ടെന്നും ഫോണ്ടെയ്ൻ കൂട്ടിച്ചേര്‍ത്തു. ആകെ 48 ലക്ഷം കുട്ടികളിൽ 28 ലക്ഷം രാജ്യത്തിനകത്തും മറ്റ് 20 ലക്ഷം പേർ ഉക്രെയ്‍ന് പുറത്തേക്കും നാടുകടത്തപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.

ഉക്രെയ്‍നിലെ 1,20,000 ത്തിലധികം കുട്ടികളെ ദത്ത് നൽകാനായി റഷ്യയിൽ എത്തിച്ചതായി യുഎന്നിലെ ഉക്രെയ്ൻ അംബാസഡർ സെർജി കിസ്ലിറ്റ്‌സ ആരോപിച്ചു. എന്നാൽ ഇത്തരം ആരോപണങ്ങൾക്ക് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും യുണിസെഫ് ഇക്കാര്യം അന്വേഷിക്കുമെന്നും ഫോണ്ടെയ്ൻ പറഞ്ഞു.

Eng­lish sum­ma­ry; Ukraine con­flict: UN calls for inquiry into human rights abuses

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.