യുഎസില്‍ നിന്നും ഇന്ത്യാക്കാരെ വിലങ്ങും, ചങ്ങലയും അണിയിച്ച് കൊണ്ടുവന്ന സംഭവത്തെ പ്രധാനന്ത്രി നരേന്ദ്രമോഡിയും, വിദേശകാരമന്ത്രി എസ് ജയശങ്കറും ന്യായീകരിക്കുമ്പോള്‍ മുന്‍ കേന്ദ്രമന്ത്രിയും, ബിജെപി നേതാവുമായ ഉമാ ഭാരതി പ്രതിഷേധവുമായി രംഗത്ത് . യുഎസില്‍ നിന്നും ഇന്ത്യക്കാരെ വിലങ്ങും ചങ്ങലയും അണിയിച്ച് കൊണ്ടുവന്ന സംഭവം ക്രൂരവും ലജ്ജാകരവുമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടത് അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ 104 പേരടങ്ങിയ ആദ്യസംഘത്തെ ഫെബ്രുവരി അഞ്ചിനാണ് പഞ്ചാബിലെ അമൃത്സര്‍ സൈനിക വിമാനത്താവളത്തില്‍ ഇറക്കിയത്. കയ്യില്‍ വിലങ്ങും കാലില്‍ ചങ്ങലയുമായി ശുചിമുറിയില്‍ പോകാന്‍ പോലും കഴിയാത്ത രീതിയിലായിരുന്നു ഇവര്‍.
യുഎസ് വ്യോമസേനയുടെ സി17 ഗ്ലോബ്മാസ്റ്റര്‍ വിമാനം അമൃത്സറിലെത്തിയതിന് ശേഷം മാത്രമാണ് ഇവരുടെ കൈകാലുകള്‍ മോചിപ്പിച്ചത്. ഇതിനെതിരെ രാജ്യത്ത് വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്ത്യക്കാരെ വിലങ്ങുകള്‍ അണിയിച്ച് അമേരിക്ക തിരിച്ചയച്ച രീതി അപലപീനയമാണെന്ന് ഉമാഭാരതി എക്‌സില്‍ കുറിച്ചു. ഇത് അങ്ങയേറ്റം ലജ്ജാകരവും മനുഷ്യത്വത്തിന് തീരാക്കളങ്കവുമാണ്. റെഡ് ഇന്ത്യക്കാരോടും അവിടെ താമസിക്കുന്ന ആഫ്രിക്കന്‍ വംശജരോടും അമേരിക്കന്‍ സര്‍ക്കാരുകള്‍ ഇത്തരം മനോഭാവം പലതവണ കാണിച്ചിട്ടുണ്ടെന്നും ഉമാഭാരതി പറഞ്ഞു. നാടുകടത്തപ്പെട്ടവരുടെ കൈകാലുകള്‍ ബന്ധിപ്പിക്കുന്നത് അമേരിക്കന്‍ ഭരണകൂടത്തിന്റെ ക്രൂരതയും മനുഷ്യത്വമില്ലായ്മയുമാണ് കാണിക്കുന്നത്.
നിയയമവിരുദ്ധമായി ഒരു രാജ്യത്ത് പ്രവേശിക്കുന്നത് കുറ്റകൃത്യമാണ്, ഓരോ രാജ്യത്തിനും നിയമപ്രകാരം ശിക്ഷിക്കാനുള്ള വ്യവസ്ഥകളുണ്ട്, പക്ഷേ ഇത്തരം ക്രൂരത പാപമാണ് ഉമാഭാരതി പറഞ്ഞു.അനധികൃത കുടിയേറ്റം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി യുഎസില്‍ നിന്നുള്ള രണ്ടാം സംഘം ഇന്നെത്തും. 119 പേരടങ്ങിയ സംഘം ഇന്ന് രാത്രി പത്തുമണിക്ക് അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സംഘത്തില്‍ പഞ്ചാബില്‍ നിന്നുള്ള 67 പേരും ഹരിയാനയില്‍ നിന്നുള്ള 33 പേരും ഉള്‍പ്പെടുന്നു. ഗുജറാത്ത് (8), ഉത്തര്‍ പ്രദേശ് (3), രാജസ്ഥാന്‍ (2), മഹാരാഷ്ട്ര (2), ജമ്മു കശ്മിര്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒരോ വ്യക്തികളുമാണ് പുതിയ സംഘത്തില്‍ ഉള്ളത്. നാടുകടത്തപ്പെട്ടവരെ വഹിച്ചുകൊണ്ടുള്ള മൂന്നാമത്തെ വിമാനം നാളെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 18,000 ത്തോളം ഇന്ത്യക്കാര്‍ അനധികൃതമായി യുഎസില്‍ താമസിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.