സ്വന്തം ലേഖിക

തൃശൂര്‍

June 13, 2021, 10:03 pm

മഴ നനയാന്‍ കൊതിച്ച് കുട വിപണി

Janayugom Online

കാലവര്‍ഷമെത്തിയിട്ടും മഴ നനയാനാകാതെ കുട വിപണി. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ജനം പുറത്തിറങ്ങാതായപ്പോള്‍ നിറം മങ്ങിയത് കുട നിര്‍മ്മാണം ഉപജീവനമാക്കിയ ഒരു കൂട്ടം ജനങ്ങളുടെ ജീവിതവുമാണ്.

ജൂണ്‍, ജൂലൈ മാസങ്ങളാണ് സാധാരണ ഏറ്റവുമധികം കുടകള്‍ വിറ്റുപോകുന്നത്. സ്‌കൂള്‍ തുറക്കുമ്പോള്‍ നല്ല കച്ചവടം ഉണ്ടായിരുന്നത് പഠനം ഓണ്‍ലൈനിലേക്ക് മാറിയതോടെ ഇല്ലാതായി. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ സാഹചര്യമായതിനാല്‍ ഭൂരിപക്ഷം പേരും ഇത്തവണ കുട വാങ്ങിയിട്ടില്ല. കുടനിര്‍മ്മാണം തകൃതിയായി നടക്കേണ്ട മെയ് മാസം ലോക്ഡൗണിലായതോടെ ഇത്തവണ നിര്‍മ്മാണം കാര്യമായി നടന്നില്ല.

കഴിഞ്ഞ ലോക്ഡൗണ്‍ മുതല്‍ കുട വിപണിയില്‍ അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം നേരിടുന്നതിനാല്‍ കിറ്റുകള്‍ വാങ്ങി കുടില്‍ വ്യവസായമായി ഈ മേഖലയില്‍ ഉപജീവനം നടത്തുന്നവര്‍ക്കും സാധനങ്ങള്‍ ലഭ്യമാകാത്തതിനാല്‍ കുട നിര്‍മ്മിക്കാനായിട്ടില്ല. തുണി ഉള്‍പ്പെടെയുള്ള പ്രധാന സാധനങ്ങളെല്ലാം തായ്‌വാനില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

ഭിന്നശേഷിക്കാരുടെ പ്രധാന വരുമാനവും കുട നിര്‍മ്മാണമായിരുന്നു. കമ്പിയില്‍ തുണി തുന്നിച്ചേര്‍ക്കുക, പിടി ഘടിപ്പിക്കുക, ക്യാപ്പിടുക തുടങ്ങി മെഷീന്‍ ആവശ്യമില്ലാത്ത ജോലികളാണ് ഇത്തരത്തില്‍ ചെയ്യുന്നത്. രണ്ട് , മൂന്ന് മടക്ക് കുടകള്‍, കുട്ടികളുടെ കുട, കാലന്‍ കുട എന്നിവയാണ് പ്രാദേശികമായി നിര്‍മ്മിക്കുന്നത്. പാലിയേറ്റീവ് കെയര്‍, സന്നദ്ധ സംഘടനകള്‍, സ്‌കൂള്‍ എന്നിവ വഴിയായിരുന്നു പ്രധാനമായും വില്പന. എന്നാല്‍ കഴിഞ്ഞ സീസണ്‍ മുന്‍കൂട്ടി കണ്ട് നിര്‍മ്മിച്ച കുടകള്‍ വിറ്റുപോകാത്തതും കുടില്‍ വ്യവസായമായി കുട നിര്‍മ്മിക്കുന്നവരെ പ്രതികൂലമായി ബാധിച്ചു. സ്‌കൂള്‍ തുറക്കുന്നതോടനുബന്ധിച്ച് പുത്തന്‍ ആശയങ്ങളുമായാണ് കുട കമ്പനികള്‍ വിപണി കീഴടക്കിയിരുന്നത്. എന്നാല്‍ കോവിഡ് വന്നതിനു ശേഷം ഇത്തരം പുതുമകളൊന്നും ഉണ്ടായിട്ടില്ല.

Sum­ma­ry: Umbrel­la mar­ket wish­ing for rain

You May Like this video also