എന്തിനും ഏതിനും ഹൈക്കമാന്‍ഡ്; സ്ഥിരം പല്ലവിയിലുറച്ച് ഉമ്മന്‍ചാണ്ടി

Web Desk
Posted on January 24, 2019, 3:38 pm
കാസർകോട്: കോൺഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെടുകയാണെങ്കിൽ ലോകസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം ആലോചിക്കുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി ഉമ്മൻ‌ചാണ്ടി വെളിപ്പെടുത്തി. കാസർകോട് ജോസ് കെ മാണി എം പി നയിക്കുന്ന കേരളയാത്രയുടെ ഉദ്‌ഘാടന ചടങ്ങിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മൻ‌ചാണ്ടി.
മത്സരിക്കുന്നുണ്ടെങ്കിൽ അത് കോൺഗ്രസിന്റെ മണ്ഡലത്തിൽ തന്നെയായിരിക്കും. ഘടകകക്ഷികളുടെ സീറ്റ് പിടിച്ചെടുത്തു കോൺഗ്രസ് നേതാക്കൾ ഒരിക്കലും മത്സരിക്കില്ല. ലോകസഭാ തെരെഞ്ഞെടുപ്പിൽ ആരൊക്കെ മത്സരിക്കണമെന്ന കാര്യമൊന്നും കോൺഗ്രസും മുന്നണിയും ചർച്ച ചെയ്തു തുടങ്ങിയിട്ടില്ല. പാർട്ടി ദേശീയ നേതൃത്വമാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുക. കേരളത്തിൽ യു ഡി എഫിൽ സീറ്റുവിഭജന ചർച്ചകൾ തുടങ്ങിയിട്ടില്ല. ഘടകകക്ഷികൾ കൂടുതൽ സീറ്റുകൾ യു ഡി എഫിനോട് ആവശ്യപ്പെടുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് വരട്ടെ , നോക്കാം മുന്നണിയുടെ സീറ്റുവിഭജന ചർച്ചകൾ ആരംഭിക്കട്ടെ അപ്പോൾ നോക്കാമെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ മറുപടി.