March 29, 2023 Wednesday

Related news

February 20, 2023
October 25, 2022
April 26, 2022
February 17, 2022
December 26, 2021
December 3, 2021
September 26, 2021
May 27, 2021
November 24, 2020
November 23, 2020

നാശം വിതച്ച് ഉംപുന്‍

റെജി കുര്യന്‍
ന്യൂഡല്‍ഹി
May 21, 2020 9:14 am

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഉംപുന്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാള്‍-ഒഡിഷാ സംസ്ഥാനങ്ങളില്‍ കനത്ത നാശനഷ്ടം വിതച്ചു.കൊല്‍ക്കൊത്തയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയിലും 190 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച കാറ്റിലും അനവധി വീടുകള്‍ തകര്‍ന്നു.മുപ്പതു കിലോമീറ്ററോളമാണ് ചുഴലിക്കാറ്റിന്റെ വ്യാസം. പശ്ചിമ ബംഗാളിൽ അഞ്ചു ലക്ഷം പേരെയാണ് കുടിയൊഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയത്. ഇവിടെ മൂന്ന് പേർ മരണമടഞ്ഞു. ഒഡിഷയില്‍ ഒന്നര ലക്ഷത്തിലധികം പേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.

കിഴക്കന്‍ മിഡ്‌നാപൂരിലും നോര്‍ത്ത് 24 പര്‍ഗനാസ് മേഖലയിലും കനത്ത കാറ്റും മഴയുമുണ്ടായി‍. ഹൗറ, കൊല്‍ക്കത്ത, ഹൂബ്ലി മേഖലകളിലൂടെയാണ് ചുഴലിക്കാറ്റ് കടന്നു പോകുന്നത്.കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലവും മുന്‍കരുതലുകളും പാലിച്ച് ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നത് വന്‍ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വാര്‍ത്താ വിതരണ സംവിധാനങ്ങളും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. വൈദ്യുതി വിതരണം നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹൂഗ്ലി നദി ചെളിവെള്ളം നിറഞ്ഞ് കരകവിഞ്ഞ് ഒഴുകുകയാണ്. അഞ്ച് മീറ്ററോളം ഉയരത്തിലുള്ള തിരമാലകളാണ് തീരമേഖലയായ ദിഗയില്‍ ആഞ്ഞടിക്കുന്നത്. എന്‍ഡിആര്‍എഫിന്റെ 41 ടീമുകളെയാണ് ദുരിതാശ്വാസ പ്രവർത്തനത്തിനായി ഈ മേഖലകളില്‍ വിന്യസിച്ചിരിക്കുന്നത്. കൊല്‍ക്കത്ത എയര്‍പോര്‍ട്ട് അടച്ചു.

ഒഡിഷയിലെ പാരദ്വീപ് തീര മേഖലയില്‍ കനത്ത മഴയും കാറ്റും നാശം വിതച്ചു. ചുഴലിക്കാറ്റിന്റെ നാശനഷ്ടങ്ങള്‍ക്ക് ബംഗാളിലെ ഏഴു ജില്ലകള്‍ ഇരയായി. ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മഹാപത്ര റെഡ് പ്ലസ് സോണായാണ് ഈ മേഖലകളെ വിശേഷിപ്പിച്ചിരിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രാത്രി കൺട്രോള്‍ റൂമിലാണ് ചെലവഴിച്ചത്. മത്സ്യത്തൊഴിലാളികളും തീരമേഖലയില്‍ താമസിക്കുന്നവരും പുറത്തിറങ്ങുന്നത് വിലക്കിയിരുന്നു. വ്യാഴാഴ്ചയോടെ ഉംപുന്‍ ഇന്ത്യന്‍ മേഖലയില്‍നിന്നും നീങ്ങുമെന്നാണ് വിലയിരുത്തല്‍.

ചുഴലിക്കാറ്റിന്റെ നീക്കങ്ങള്‍ വിശാഖപട്ടണത്തെ ഡോപ്ലര്‍ വെതര്‍ റഡാറാണ് നിരീക്ഷിക്കുന്നത്. ചുഴലിക്കാറ്റിലും പേമാരിയിലും പലപ്പോഴായി അനേകം പേര്‍ മുമ്പ് കൊല്ലപ്പെടാനിടയായ സാഹചര്യത്തില്‍ രാജ്യം ഏറെ ആശങ്കയിലാണ്. നാശനഷ്ടങ്ങളോ മരണനിരക്കോ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. അസം,മേഘാലയ ഉള്‍പ്പെടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഉംപുന്റെ പ്രഭാവത്തില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.രക്ഷാപ്രവര്‍ത്തനങ്ങളില്‍ നാവിക സേന വ്യാപൃതരാണ്.

ENGLISH SUMMARY:umpun sow­ing ruin
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.