Thursday
21 Mar 2019

ഐക്യരാഷ്ട്ര സഭ സൈബര്‍ സുരക്ഷ സിമ്പോസിയത്തിലേക്ക് മലയാളി

By: ബിജുകിഴക്കേടത്ത് | Sunday 27 August 2017 9:27 PM IST


കല്‍പ്പറ്റ:

ഐക്യരാഷ്ട്രസഭ നടത്തുന്ന ആഗോള സൈബര്‍ സുരക്ഷാ സിമ്പോസിയത്തില്‍ പ്രസംഗിക്കാന്‍ മലയാളിയെ ക്ഷണിച്ചു.വയനാട് നടവയല്‍ സ്വദേശി ബെനില്‍ഡ് ജോസഫാണ് ഇന്ത്യയില്‍ നിന്നു ക്ഷണം ലഭിച്ച ഏക സൈബര്‍ സുരക്ഷാ വിദഗ്ധന്‍. കേന്ദ്ര സര്‍ക്കാരിന്റെ സൈബര്‍ സുരക്ഷാ ഉപദേ ശകരില്‍ ഒരാളും ലോകത്തെ മികച്ച 17 എത്തിക്ക് ഹാക്കര്‍മാരില്‍ ഒരാളുമായ ബെനില്‍ഡ് ആഗസ്റ്റ് 31നാറ്റിരിക്കും യു.എന്‍.സിമ്പോസിയത്തില്‍ പ്രസംഗിക്കുക.30, 31 തിയ്യതികളില്‍ യു.എന്‍. ആസ്ഥാനമായ വിയന്നയിലാണ് സിമ്പോസിയം. അറിയിപ്പ് വൈകി ലഭിച്ചതിനാല്‍ വിസയും വിമാന ടിക്കറ്റും ശരിയായിട്ടില്ല. അതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും ചിലപ്പോള്‍ സിമ്പോസിയത്തില്‍ സംബന്ധിക്കുകയെന്ന് ബെനില്‍ഡ് പറഞ്ഞു. മറ്റ്
വിവിധ രാജ്യങ്ങളില്‍ നിന്നായി 127 പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസ കലഘട്ടം മുതല്‍ സൈബര്‍ രംഗത്ത് ഗവേഷണങ്ങള്‍ നടത്തി വരുന്ന ബെനില്‍ഡ് മികച്ച പത്ത് ഹാക്കര്‍മാരെ കുറിച്ചുള്ള ഗൂഗിളിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ്. സൈബര്‍ സുരക്ഷാ രംഗത്തെ ആഗോള സംഘടനയായ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സ് സെക്യൂരിറ്റി അസോസിയേഷന്റെ ഇന്ത്യന്‍ ഘടകത്തിലേക്ക് ബോര്‍ഡ് അംഗമായി ഒരു മാസം മുമ്പ് ബെനില്‍ഡ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
സൈബര്‍ ലോകത്ത് ഇന്ത്യയെ പരമാവധി സുരക്ഷിതമാക്കുകയെന്നാണ് തന്റെ ലക്ഷ്യമെന്നും സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണം സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പരിശ്രമിക്കുമെന്നും ബെനില്‍ഡ് പറഞു.കേന്ദ്ര സര്‍ക്കാരും സന്നദ്ധ സംഘടനകളും സ്വകാര്യ കമ്പനികളും ചേര്‍ന്നാണ് സൈബര്‍ സുരക്ഷിത ഇന്ത്യ യജ്ഞം നടത്തുന്നത്.2007ല്‍ അമേരിക്കയില്‍ ആരംഭിച്ച് 27 രാജ്യങ്ങളില്‍ വ്യാപിച്ച അന്തര്‍ദേശീയ സൈബര്‍ സുരക്ഷാ യജ്ഞമായ സ്റ്റോപ്പ് തിങ്ക് കണക്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമായാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം. അഞ്ച് തരത്തിലുള്ള പദ്ധതികള്‍ ഇതിനായി തയ്യാറാക്കി കഴിഞ്ഞു. ഇക്കാര്യങ്ങളെല്ലാമായിരിക്കും യു.എന്‍. സിമ്പോസിയത്തില്‍ പ്രസംഗിക്കുക. നടവയല്‍ ഐമനചിറജോസഫിന്റെയും ജോയിന്റ് കൗണ്‍സില്‍ മുന്‍ വയനാട് ജില്ലാ പ്രസിഡന്റും സി.പി.ഐ വയനാട് ജില്ലാ കൗണ്‍സില്‍ അംഗവും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തംഗവുമായ മേരിയുടെയും ഏക മകനാണ്.

 

Related News