ബിജെപി എംഎല്‍എയുടെ മകളെയും ഭര്‍ത്താവിനെയും തട്ടിക്കൊണ്ടുപോയി

Web Desk
Posted on July 15, 2019, 11:43 am

ബറേലി : ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് അച്ഛനില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് വാര്‍ത്തകളിലിടം നേടിയ ബിജെപി എംഎല്‍എയുടെ മകളെയും ഭര്‍ത്താവിനെയും തട്ടിക്കൊണ്ടുപോയി. അലഹബാദ് ഹൈക്കോടതിക്ക് സമീപത്ത് നിന്നാണ് ഇരുവരെയും അജ്ഞാതരായ ഒരു സംഘം തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയത്.യുപിയിലെ ബിജെപി എംഎല്‍എ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്ര, ഭര്‍ത്താവ് അജിതേഷ് കുമാര്‍ എന്നിവരെയാണ് കോടതി പരിസരത്ത് നിന്ന് തട്ടിക്കൊണ്ടുപോയത്. പിതാവും സംഘവും അപകടപ്പെടുത്തുമെന്ന സാക്ഷിയുടെ വീഡിയോ വൈറലായിരുന്നു. ഇയാള്‍ക്കെതിരെ വിമര്‍ശനവും ശക്തമായി.

ഇന്ന് രാവിലെ കോടതിയുടെ മൂന്നാം ഗേറ്റിന് സമീപത്ത് നില്‍ക്കുമ്‌ബോള്‍ കറുത്ത എസ്‌യുവി കാറിലെത്തിയ സംഘം തോക്കുചൂണ്ടി ഇരുവരെയും തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഈ കാര്‍ ആഗ്ര ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തതാണെന്നാണ് റിപ്പോര്‍ട്ട്.
പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരുന്നു. ഇവരെ വിവാഹം കഴിക്കാന്‍ സഹായിച്ച സുഹൃത്ത് 2018 ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ അറസ്റ്റിലായി മണിക്കൂറുകള്‍ക്കുള്ളിലാണ് ഇവരെ തട്ടിക്കൊണ്ടു പോയത്. പിടിയിലായ സുഹൃത്ത് സാക്ഷിയുടെ അച്ഛന്‍ രാജേഷ് മിശ്രയുടെ അടുത്ത സഹായിയാണെന്നാണ് റിപ്പോര്‍ട്ട്.