28 March 2024, Thursday

Related news

March 27, 2024
March 20, 2024
March 14, 2024
March 8, 2024
March 2, 2024
February 13, 2024
February 1, 2024
February 1, 2024
December 23, 2023
November 5, 2023

മാധ്യമ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാരിനെതിരെ യുഎന്‍

Janayugom Webdesk
ശ്രീനഗര്‍
August 29, 2021 9:29 pm

കശ്മീരില്‍ മാധ്യമ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ഐക്യരാഷ്ട്രസഭ. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചെങ്കിലും മൂന്നുമാസമായിട്ടും പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് യുഎന്‍ പ്രത്യേക പ്രതിനിധി വെളിപ്പെടുത്തി. കശ്മീരിലെ മാധ്യമ പ്രവര്‍ത്തകരെ അനധികൃതമായി തടങ്കലിലാക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നവയില്‍ ആശങ്ക ഉന്നയിച്ച് ജൂണ്‍ മൂന്നിനാണ് യുഎന്‍ പ്രത്യേക പ്രതിനിധി മോഡി സര്‍ക്കാരിന് കത്തയച്ചത്. എന്നാല്‍ ഇതുവരെ ഇതില്‍ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. 60 ദിവസം കഴിഞ്ഞിട്ടും കത്തില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ വെബ്സൈറ്റ് വഴി യുഎന്‍ കത്ത് പരസ്യപ്പെടുത്തുകയായിരുന്നു.

കശ്മീര്‍ ദിനപത്രമായ കശ്മീര്‍ ടൈസിന്റെ അടച്ചുപൂട്ടല്‍ മാധ്യമപ്രവര്‍ത്തകരായ ഫഹദ് ഷാ, ഖാസി ഷിബ്‌ലി, സാജദ് ഗുല്‍, ഔക്വിബ് ജാവീദ് എന്നിവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ അനധികൃതമായ തടങ്കല്‍ എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു യുഎന്നിന്റെ കത്ത്. ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാകുന്നതിനെതിരെയുള്ള ആഗോള സംഘടനകളുടെയും അന്താരാഷ്ട്ര നിരീക്ഷകരുടെയും ആശങ്കകളും കത്തില്‍ പങ്കുവച്ചിട്ടുണ്ട്. 

മാധ്യമ സ്വാതന്ത്ര്യം തീര്‍ത്തും ഇല്ലാതാകുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യ നീങ്ങുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ വര്‍ഷത്തെ ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ 142-ാം സ്ഥാനത്തായിരുന്നു എന്നതും ശ്രദ്ധേയമാണ്.
ജമ്മു കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ഭരണഘടനാ അനുച്ഛേദം 370 റദ്ദാക്കിയതിനു ശേഷം കേന്ദ്ര ഭരണ പ്രദേശങ്ങളിലെ മാധ്യമ പ്രവര്‍ത്തകരെ മോഡി ഭരണകൂടം അടിച്ചമര്‍ത്തുകയാണെന്ന് വ്യക്തമാക്കി ആഗോള സംഘടനകളും രംഗത്തുവന്നിരുന്നു. 

2019 ഓഗസ്റ്റ് അഞ്ചിനു ശേഷം എങ്ങിനെയാണ് കശ്മീരിലെ പത്രങ്ങളെ നിശബ്ദമാക്കിയതെന്നത് സംബന്ധിച്ച് ’ കില്ലിങ് ദ സ്റ്റോറി’ എന്ന പേരില്‍ റോയിട്ടേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം അടുത്തിടെ ഒരു റിപ്പോര്‍ട്ടും പുറത്തുവിട്ടിരുന്നു. കശ്മീരിലെ മാധ്യമ പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിന്‍മേലുള്ള സര്‍ക്കാരിന്റെ കടന്നുകയറ്റത്തില്‍ വലിയ ആശങ്കയുണ്ടെന്ന് കത്തില്‍ പറയുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ മേഖലയിലെ പൊതുതാല്പര്യങ്ങളും മനുഷ്യാവകാശങ്ങളും സംബന്ധിച്ച വിഷയങ്ങള്‍ റിപ്പോർട്ടുചെയ്യാന്‍ മാധ്യമപ്രവർത്തകര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് സാധിക്കില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

അതേസമയം കശ്മീരിലെ നാല് മാധ്യമ പ്രവര്‍ത്തകരുടെ അനധികൃത തടങ്കല്‍, കശ്മീര്‍ ടൈംസിന്റെ അടച്ചുപൂട്ടല്‍ എന്നിവയില്‍ വിശദീകരണം നല്‍കാന്‍ യുഎന്നിന്റെ സ്വതന്ത്ര മനുഷ്യാവകാശ വിദഗ്ധർ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന് കീഴിലുള്ള ഇന്ത്യയുടെ ഉടമ്പടികള്‍ക്ക് അനുസൃതമാണോ എന്നതില്‍ വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

ENGLISH SUMMARY;UN oppos­es cen­tral gov­ern­ment crack­down on media freedom
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.