September 26, 2022 Monday

Related news

July 29, 2022
August 15, 2021
May 29, 2021
May 24, 2021
May 12, 2021
May 12, 2021
May 9, 2021
May 8, 2021
May 8, 2021
April 15, 2021

അടിമത്വം,അടിച്ചമർത്തൽ

സ്വന്തം ലേഖകൻ
ന്യൂഡൽഹി:
September 19, 2020 10:28 pm

സ്വന്തം ലേഖകൻ

കോവിഡ് ലോക്ഡൗണിനെത്തുടർന്ന് കുടിയേറ്റ തൊഴിലാളികൾ നേരിട്ട ദുരിതങ്ങളും പലായനവും പരാമർശിച്ച് യുഎൻ മനുഷ്യാവകാശ കൗൺസിലിൽ റിപ്പോർട്ട്. അപ്രതീക്ഷിതമായുണ്ടായ ലോക്ഡൗണിനെത്തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ തൊഴിലാളികൾക്ക് അടിമത്വവും അടിച്ചമർത്തലും അനുഭവിക്കേണ്ടിവന്നതായി പ്രത്യേക പ്രതിനിധി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 100 ദശലക്ഷത്തിലധികം തൊഴിലാളികള്‍ ആഭ്യന്തരമായുണ്ടായ പലായനത്തിന്റെ ഭാഗമായെന്നും സാമ്പത്തിക പ്രതിസന്ധിക്ക് പുറമെ ഭരണകൂടത്തിന്റെ അനാസ്ഥയ്ക്കും ക്രൂരതയ്ക്കും ഇരയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ ഇന്ത്യ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ജനീവയിൽ 14 ന് ആരംഭിച്ച യുഎൻഎച്ച്ആർസി 45ാം സമ്മേളനത്തിലാണ് ‘കൊറോണ വൈറസ് സ്വാധീനം: അടിമത്വത്തിന്റെയും അടിമത്വം പോലുള്ള സമ്പ്രദായങ്ങളുടെയും സമകാലിക രൂപങ്ങളിൽ’ എന്ന പേരിലുള്ള റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.

റിപ്പോർട്ട് തയ്യാറാക്കിയത് യുഎൻ പ്രത്യേക പ്രതിനിധി ടോമായ ഒബോകതയാണ്. പത്തുകോടിയിൽപരം കുടിയേറ്റ തൊഴിലാളികളെ കോവിഡ് ലോക്ഡൗൺ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടു. ന്യൂനപക്ഷങ്ങളും പിന്നാക്കജാതിയിൽപ്പെട്ട പാവപ്പെട്ടവരുമാണ് ലോക്ഡൗണിന്റെ ദുരിതം അനുഭവിക്കേണ്ടിവന്നവരിൽ ഭൂരിപക്ഷവുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ‘ന്യൂനപക്ഷ വിഭാഗങ്ങൾ, തദ്ദേശവാസികൾ, ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന് ഇരയായ ആളുകൾ’ എന്നീ ഉപ തലക്കെട്ടുകളിലായാണ് നിരീക്ഷണം ഉൾപ്പെടുത്തിയിട്ടുള്ളത്. തൊഴിൽനിയമങ്ങൾ മരവിപ്പിക്കപ്പെട്ടതിലൂടെ അസംഘടിത മേഖലയിലെ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് അടിമത്വത്തിന് തുല്യമായ സാഹചര്യം അഭിമുഖീകരിക്കേണ്ടിവന്നു.

തൊഴിൽസമയത്തിലെ വർധനയ്ക്ക് പുറമെ കുറഞ്ഞവേതന നിയമങ്ങളും സംഘടനാപ്രവർത്തനത്തിനുള്ള സ്വാതന്ത്ര്യവും ഇല്ലാതായി. നിയമ സംവിധാനങ്ങളും നിലച്ചതോടെ നീതി ലഭിക്കാത്ത സ്ഥിതിയുണ്ടായി. സാമ്പത്തിക നഷ്‌ടത്തിനും കടബാധ്യതയ്ക്കും പുറമെ പൊലീസിന്റെ അടിച്ചമർത്തലും വൈറസ് വാഹകരെന്ന പഴിയും നേരിടേണ്ടിവന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ വിവേചനവും അതിക്രമങ്ങളും വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാല്‍ തങ്ങളുടെ ഭാഗത്ത് നിന്നുള്ള വിശദീകരണങ്ങള്‍ കേള്‍ക്കാതെയാണ് ഇത്തരമൊരു റിപ്പോര്‍ട്ടെന്നായിരുന്നു ഇന്ത്യയുടെ മറുപടി. ഒരു ആഗോള പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിൽ ഒരു രാജ്യത്തെക്കുറിച്ചുള്ള നിർദ്ദിഷ്ട പരാമർശങ്ങൾ റിപ്പോര്‍ട്ടില്‍ നിന്നും നീക്കം ചെയ്യേണ്ടതാണെന്നും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

ENGLISH SUMMARY: un report about the migrant labours dur­ing lockdown

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.