യുഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിയായിരിക്കെ വി എസ് ശിവകുമാറും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും സുഹൃത്തുക്കളും അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ സെർച്ച് റിപ്പോർട്ട് വിശദാംശങ്ങളും കോടതിയിൽ സമർപ്പിച്ചു. ശിവകുമാറിന്റെ സുഹൃത്ത് എം രാജേന്ദ്രൻ പ്രധാന ബിനാമിയെന്ന് വിജിലൻസ് അന്വേഷണ സംഘം പറയുന്നു. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ച സെർച്ച് റിപ്പോർട്ടിലാണ് പരാമർശം. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 13 സ്ഥലങ്ങളിൽ കോടികൾ വിലമതിക്കുന്ന ഭൂമി രാജേന്ദ്രൻ വാങ്ങി കൂട്ടി.
വിദേശത്തും സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ രേഖകൾ, പലർക്കായി പണം പലിശയ്ക്ക് നൽകിയപ്പോൾ വാങ്ങിയ പ്രോമിസറി നോട്ടുകൾ, ചെക്ക് ലീഫുകൾ, വിവിധ ബാങ്കുകളിൽ ഇടപാട് നടത്തിവരുന്ന പാസ് ബുക്കുകൾ ഉൾപ്പടെ റെയ്‍ഡിൽ പിടിച്ചെടുത്ത 72 രേഖകകളും കോടതിയിൽ സമർപ്പിച്ചു. മറ്റൊരു ബിനാമിയായ ഹരികുമാറിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ സാമ്പത്തിക ഇടപാടുകൾ തെളിയിക്കുന്ന 25 രേഖകൾ കണ്ടെത്തിയിരുന്നു. രണ്ട് ബാങ്ക് ലോക്കറുകളുടെ താക്കോലും കോടതിയിൽ സമർപ്പിച്ചു.
ശിവകുമാറിന്റെ ഡ്രൈവറായ ഷൈജുഹരന്റെ വീട്ടിൽ നിന്ന് 18 രേഖകൾ പിടികൂടിയതും കോടതിയിൽ ഹാജരാക്കി. ശിവകുമാറിന്റെ വീട്ടിൽ റെയ്ഡ് നടത്തുമ്പോൾ രണ്ട് ബാങ്കുകളിലെ ലോക്കറിന്റെ താക്കോൽ വിജിലൻസ് അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും നൽകാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിൽ ശിവകുമാറിന്റെ ബാങ്ക് ലോക്കർ കോടതിയുടെ അനുവാദത്തോടെ തുറന്ന് പരിശോധിക്കാനുളള നടപടിയും വിജിലൻസ് സംഘം ആരംഭിച്ചു. പരാതിയിൽ വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ പരാതിയിൽ കഴമ്പുണ്ടെന്ന് തിരിച്ചറിയാനായി. തുടർന്നാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തത്.
English Summary: Unauthorized earnings of Sivakumar: Details submitted
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.