ചട്ടങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത ഹൗസ് ബോട്ടുകള്‍ ഉൾപ്പെടെയുള്ള ജലയാനങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാൻ സര്‍ക്കാര്‍ തീരുമാനം. വർധിച്ചുവരുന്ന ബോട്ട് അപകടങ്ങളുടെ പശ്ചാത്തലത്തിൽ ജനയുഗം ഈ വിഷയത്തിൽ പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. ഹൗസ് ബോട്ടുകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി രജിസ്ട്രേഷൻ ഇല്ലാത്ത ബോട്ടുകൾ പിടിച്ചെടുക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. ചില ഹൗസ് ബോട്ട് ഉടമകള്‍ ഗുരുതരമായ നിയമലംഘനം നടത്തുന്നതായി യോഗം വിലയിരുത്തി.
സംസ്ഥാനത്തെ കായലുകളിൽ വിനോദസഞ്ചാരികൾക്കായി സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകള്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാണെന്നിരിക്കെ നിലവിൽ ഒരേ രജിസ്ട്രേഷൻ നമ്പറിൽ ഒന്നിലധികം ഹൗസ് ബോട്ടുകൾ പ്രവർത്തിക്കുന്ന സാഹചര്യവും, രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന ബോട്ടുകളും ധാരാളമായുണ്ടെന്ന് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. രജിസ്ട്രേഷൻ ഇല്ലാത്ത ബോട്ടുകൾ തുറമുഖ വകുപ്പ് പിടിച്ചെടുക്കും. പിടിച്ചെടുക്കുന്ന ബോട്ടുകളുടെ സംരക്ഷണത്തിനായി സിസിടിവി കാമറകള്‍ സ്ഥാപിക്കുകയും, 15 വിമുക്ത ഭടന്മാരെ സുരക്ഷക്കായി നിയോഗിക്കുകയും ചെയ്യും. രജിസ്ട്രേഷനുള്ള നിയമാനുസൃതമായി പ്രവർത്തിക്കുന്ന ബോട്ടുകളുടെ കൂടി സഹായത്തോടെ സുരക്ഷാ പരിശോധന കർശനമാക്കും. രജിസ്ട്രേഷൻ ഇല്ലാത്ത ബോട്ടുകളെ ടൂറിസം വകുപ്പിന് കീഴിലുള്ള ബോട്ട് ജെട്ടികളിൽ പ്രവേശിപ്പിക്കുകയില്ല.
പരിശോധന നടത്തുന്നതിനായി തുറമുഖം, ടൂറിസം, ഫയർഫോഴ്സ്, പൊലീസ് എന്നീ വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജില്ലാ അടിസ്ഥാനത്തിൽ സമിതികൾ രൂപീകരിക്കാനും യോഗം തീരുമാനിച്ചു. ജിപിഎസ് സിസ്റ്റം എല്ലാ ഹൗസ് ബോട്ടുകളിലും ഉറപ്പ് വരുത്തും. ബോട്ടുകളിൽ നിന്നുള്ള മാലിന്യം കായലിലേക്ക് തള്ളുന്നത് ഒഴിവാക്കാൻ ബയോ ടോയ്ലറ്റ് നിർബന്ധമാക്കും. കിച്ചൻ കാബിനിൽ പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കൾ ഒഴിവാക്കുന്നതിനുള്ള നിർദ്ദേശം നൽകും. അനുവദനീയമായതിൽ കൂടുതൽ ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കാനും അനുവദിക്കില്ല. സുരക്ഷാ ഉപകരണങ്ങളുടെയും സുരക്ഷാ സംവിധാനങ്ങളുടെയും നിലവാരം ഫയർ ഫോഴ്സ് വിഭാഗം പരിശോധന നടത്തും. ജീവനക്കാർക്ക് ലൈസൻസ് ഉറപ്പ് വരുത്തുകയും യൂണിഫോം നിർബന്ധമാക്കുകയും ചെയ്യും.
you may also liek this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.