രമ്യ മേനോൻ

തിരുവനന്തപുരം

February 13, 2021, 4:06 pm

കോവിഡ്‌ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി അനധികൃത ഡേകെയർ സെന്ററുകളും പ്രീ-സ്കൂളുകളും വെല്ലുവിളി സൃഷ്ടിക്കുന്നു

Janayugom Online

സംസ്ഥാനത്തെ മറ്റെല്ലാ സ്ഥാപനങ്ങളെയും പോലെ തന്നെ, ഈ കോവിഡ് മഹാമാരിയുടെ കാലഘട്ടം, പ്രീസ്‌കൂളുകള്‍ക്കും വളരെയധികം വിഷമതകള്‍ നിറഞ്ഞ ഒരു കാലഘട്ടമായിരുന്നു. മാര്‍ച്ച് 2020ല്‍ സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയതിനു ശേഷം വളരെയധികം ബുദ്ധിമുട്ടിലൂടെയാണ് പല സ്‌കൂകളും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിനും കെട്ടിടങ്ങളുടെ വാടക നല്‍കുന്നതിനുമായി ഈ സ്ഥാപനങ്ങള്‍ വലിയ ബാധ്യതകള്‍ ഏറ്റെടുക്കേണ്ടതായി വന്നിട്ടുണ്ട്. സ്‌കൂള്‍ ബസുകളുടെ ഇന്‍ഷുറന്‍സ്, റോഡ്ടാക്‌സ് മെയിന്റനന്‍സ്, കെട്ടിടനികുതി, വൈദ്യുതി ബില്ലുകള്‍ എന്നിങ്ങനെ ചെലവുകള്‍ വേറെയും. മൊത്തവരുമാനത്തില്‍ നല്ല ഇടിവ് ഉണ്ടായെങ്കിലും, സ്‌കൂൂളുകള്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ചെലവുകളില്‍ കുറവുകളൊന്നും വന്നിട്ടില്ലാത്തതിനാല്‍, ഇപ്പോഴുള്ള അധികഭാരം താങ്ങാനാവാതെ സ്‌കൂളുകളുകള്‍ പലതുമിന്ന് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്.

ഇതിനിടയില്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു, ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി വീണ്ടും നല്ലാെരു തുക ഈ സ്ഥാപനങ്ങള്‍ മുടക്കേണ്ടതായി വന്നു. പക്ഷേ തീരെ ചെറിയ കുട്ടികള്‍ക്ക് ഓണ്‍ലൈനായി ക്ലാസുകള്‍ നടത്തുവാനുള്ള പരിമിതികള്‍ ഏറെ ആയതിനാല്‍, മാതാപിതാക്കളില്‍ പലരും പ്രീസ്‌കൂളുകളുടെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ ചേരുവാന്‍ വിമുഖത പ്രകടിപ്പിക്കുകയും, അതുകൊണ്ടുതന്നെ ഈ വിഭാഗത്തിലുള്ള സ്‌കൂളുകളുടെ മൊത്തവരുമാനത്തില്‍ വലിയ ഇടിവ് സംഭവിക്കുകയും ചെയ്തു. എങ്കില്‍ തന്നെയും അസോസിയേഷനില്‍ അംഗങ്ങളായ പ്രീസ്‌കൂളുകള്‍ എല്ലാം തന്നെ അധികൃതരുടെ നിര്‍ദേശങ്ങള്‍ യഥാസമയം പാലിച്ച്, ഇപ്പോഴും നിയമം അനുശാസിക്കുന്ന രീതിയില്‍മാത്രം പ്രവര്‍ത്തനം തുടര്‍ന്നു പോരുകയാണ്.

അതേ സമയം, തിരുവനന്തപുരം ജില്ലയില്‍ പല സ്ഥലങ്ങളിലും ഈയിടെയായി ചില നഴ്‌സറി സ്‌കൂളുകളും ഡെകെയര്‍ സെന്ററുകളും
അധികൃതരുടെ നിര്‍ദേശങ്ങളെ പാടെ അവഗണിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പ്രതിരോധശേഷി പൊതുവെ കുറവുള്ള ചെറിയ കുട്ടികളുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ചുള്ള ആശങ്കകള്‍ ഒരു വശത്ത് നിലനില്‍ക്കെ തന്നെ, അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ നിയമവിധേയമായി ഇത്രയും കാലമായി അടച്ചിട്ടിരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. സ്വയംതൊഴില്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഇറങ്ങി തിരിച്ച സംരംഭകരും വനിതകളും കൂടുതലായി ജോലി ചെയ്യുന്ന ഈ മേഖല അധിക സാമ്പത്തിക ബാധ്യതകളുടെ ഭാരം കൂടി താങ്ങേണ്ടി വരുന്ന സമയത്ത്, അനധികൃതമായി പ്രവര്‍ത്തിക്കുന്ന മേല്‍പറഞ്ഞ സ്ഥാപനങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി തീരെ ചെറുതല്ല. മാത്രവുമല്ല ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സ്ഥാപനത്തില്‍ എന്തെങ്കിലും തരത്തിലുള്ള അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അത് പൊതുവായി കിന്‍ഡര്‍ഗാര്‍ട്ടനുകളെയും നഴ്‌സറികളെയും എല്ലാം ബാധിക്കാനുള്ള സാധ്യതയും നമുക്ക് തള്ളിക്കളയാനാവില്ല.

ഇപ്പോള്‍ നിലവിലുള്ള സാഹചര്യത്തില്‍ നഴ്‌സറികളെയും കിന്‍ഡര്‍ഗാര്‍ട്ടനുകളും തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി ഇല്ലെന്നിരിക്കെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കാനുള്ള നടപടി എത്രയും പെട്ടെന്ന് കൈക്കൊള്ളേണ്ടിയിരിക്കുന്നു.

കോര്‍പറേഷന്‍ പരിധിയില്‍ വരുന്ന പ്രീസ്‌കൂളുകളുള്‍ക്കും നഴ്‌സറികള്‍ക്കും പാെതുവായ ലൈസെന്‍സിങ്ങ് സംവിധാനം ഏര്‍പ്പെടുത്തുകയാണെങ്കില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഫലപ്രദമായി തടയാന്‍ കഴിയും. അതുപോലെ തന്നെ കിന്‍ഡര്‍ഗാര്‍ട്ടനുകളും നഴ്‌സറികളും വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ ഇനിയും ഒരുപാട് കാലം കാത്തിരിക്കേണ്ടി വരും എന്നിരിക്കെ, ഇത്തരം സ്ഥാപനങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനും, ജീവനക്കാരെ നിലനിര്‍ത്തുന്നതിനും മറ്റും സഹായകമായ രീതിയിലുള്ള ഇടപെടലുകള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതാണ്.

YOU MAY ALSO LIKE THIS VIDEO