23 April 2024, Tuesday

കല്‍ക്കരി ക്ഷാമം രൂക്ഷം; നിലയങ്ങള്‍ നിലയ്‌ക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
October 10, 2021 10:52 pm

രാജ്യം സമാനതകളില്ലാത്ത വന്‍ ഊര്‍ജ പ്രതിസന്ധിയില്‍. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും വൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി. രാജ്യത്തിനാവശ്യമായ വൈദ്യുതിയുടെ 70 ശതമാനവും വിതരണം ചെയ്യുന്ന 135 കല്‍ക്കരി വൈദ്യുതി നിലയങ്ങളില്‍ പകുതിയും പ്രവര്‍ത്തനം നിര്‍ത്തേണ്ട സ്ഥിതിയിലാണ്. പഞ്ചാബില്‍ അഞ്ച് വൈദ്യുതി നിലയങ്ങള്‍ അടച്ചു. മിക്ക വൈദ്യുതിനിലയങ്ങളിലും ഏതാനും ദിവസത്തേക്ക് മാത്രമുള്ള കല്‍ക്കരിയാണ് അവശേഷിക്കുന്നത്. 

ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍, ഡല്‍ഹി, ബിഹാര്‍, തമിഴ്‌നാട്, ആന്ധ്ര പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വൈദ്യുതി ഉല്പാദനം പൂര്‍ണമായി നിര്‍ത്തിവയ്ക്കേണ്ടി വരുമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കല്‍ക്കരി ഉടന്‍ ലഭ്യമാക്കിയില്ലെങ്കില്‍ സംസ്ഥാനങ്ങള്‍ ഇരുട്ടിലാകുമെന്നും സര്‍ക്കാരുകള്‍ ഭയപ്പെടുന്നു. വിഷയത്തില്‍ നേരിട്ട് ഇടപെടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചിരുന്നു.
കല്‍ക്കരിയുടെ ആഭ്യന്തര ഉല്പാദനത്തില്‍ വരുത്തിയ കുറവാണ് പുതിയ പ്രതിസന്ധിക്ക് ഇടയാക്കിയത്. ആഗോള തലത്തില്‍ കല്‍ക്കരി സമ്പത്തില്‍ നാലാം സ്ഥാനത്തുള്ള ഇന്ത്യക്ക് കല്‍ക്കരി ഇറക്കുമതിയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനമാണുള്ളത്. 

കോവിഡ് വ്യാപനത്തില്‍ ആഗോള തലത്തില്‍ കല്‍ക്കരി വിലയില്‍ 40 ശതമാനം വര്‍ധനയുണ്ടായി. ഈ കാലയളവില്‍ ഇന്ത്യയിലെ ഇറക്കുമതി രണ്ടു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു. അന്ന് കേന്ദ്രസര്‍ക്കാര്‍ ഇത് ഒരു നേട്ടമായി ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. കൂടിയ വിലയ്ക്ക് കല്‍ക്കരി ഇറക്കുമതി ചെയ്യേണ്ട സാഹചര്യം ഉടലെടുത്താല്‍ കോവിഡാനന്തര ഇന്ത്യയില്‍ വീണ്ടുമൊരു സാമ്പത്തിക പ്രതിസന്ധിയാകും സൃഷ്ടിക്കുക. അതേസമയം വിഷയത്തില്‍ സംസ്ഥാനങ്ങള്‍ അനാവശ്യമായ പരിഭ്രാന്തി സൃഷ്ടിക്കുകയാണെെന്ന് കേന്ദ്ര ഊര്‍ജ്ജമന്ത്രി ആര്‍ കെ സിങ് പറഞ്ഞു. 

നിരവധി സംസ്ഥാനങ്ങളില്‍ പവര്‍കട്ട്

കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് വൈദ്യുതിഉല്പാദനം കുറഞ്ഞതിനാല്‍ നിരവധി സംസ്ഥാനങ്ങളില്‍ മണിക്കൂറുകളോളം പവര്‍കട്ട് ഏര്‍പ്പെടുത്തി. ബിഹാര്‍, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ ഒരു ദിവസം 14 മണിക്കൂര്‍ വരെയാണ് പവര്‍കട്ട്. പഞ്ചാബിലെ നഗരങ്ങളില്‍ മൂന്നും ഗ്രാമ പ്രദേശങ്ങളില്‍ ആറും മണിക്കൂറുകളാണ് പവര്‍കട്ട്. ഉത്തര്‍ പ്രദേശില്‍ വൈദ്യുതി ക്ഷാമം 5.6 ശതമാനമായി ഉയര്‍ന്നു. പത്ത് ദിവസത്തേക്കുള്ള ഇന്ധനം മാത്രമേ സംസ്ഥാനത്ത് അവശേഷിക്കുന്നുള്ളൂവെന്ന് തെലങ്കാന സര്‍ക്കാരും അറിയിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry : unavail­abil­i­ty of coal and elec­tric­i­ty crisis

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.