August 9, 2022 Tuesday

തല്ലിത്തോൽപ്പിക്കാനാവില്ല ക്ഷുഭിത യൗവ്വനത്തെ

Janayugom Webdesk
January 6, 2020 9:29 pm

എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ തല്ലിത്തോൽപ്പിക്കാനാണ് സംഘപരിവാറിന്റെ ശ്രമം. ശനി, ഞായർ ദിവസങ്ങളിൽ രാജ്യതലസ്ഥാനത്തെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ആ പരീക്ഷണമാണ് അരങ്ങേറിയത്. ഇന്ത്യൻ പ്രതിരോധത്തിന്റെ വിളിപ്പേരായി, പോരാട്ടഭാരതത്തിന്റെ ഉറവിടമായി, ഇടതുവിദ്യാർഥി മുന്നേറ്റത്തിന്റെ അടയാളമായി മാറിയതുമുതൽ സംഘപരിവാർ കണ്ണുവച്ച ഒന്നായിരുന്നു ജെഎൻയു.

2014 ൽ കേന്ദ്രത്തിൽ അധികാരത്തിലെത്തിയതു മുതൽ അധികാര ധിക്കാരവും മർദനോപാധികളുമുപയോഗിച്ച് തകർക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതാണ്. ഒരു കാരണമേയുള്ളൂ, തലസ്ഥാനത്തെ അധികാരകേന്ദ്രത്തിന് തൊട്ടരികിൽ എല്ലായ്പോഴും തെറ്റിനെ ചോദ്യം ചെയ്തും നെറികേടുകളോട് കലഹിച്ചും ഒരു സർവകലാശാല. ജെഎൻയുവിന്റെ ആ സ്വഭാവവിശേഷം ഇപ്പോഴൊന്നും തുടങ്ങിയതായിരുന്നില്ല. ഡൽഹി മാത്രമല്ല, ഇന്ത്യ പ്രക്ഷുബ്ധമായ ഓരോ ഘട്ടത്തിലും അതിൽ ജെഎൻയുവിന് പങ്കുണ്ടായിരുന്നു, നിർണായകമായ പങ്ക്. ഏറ്റവും ഒടുവിൽ രാജ്യത്തെ സ്ത്രീസുരക്ഷ വലിയ വിവാദമായ നിർഭയ സംഭവമുണ്ടായപ്പോൾ ഇന്ത്യാഗേറ്റിനെ പിടിച്ചുലച്ച പ്രക്ഷോഭം നടത്തിയതിൽ ജെഎൻയു വിദ്യാർഥികളുടെ പങ്ക് നിർണ്ണായകമായിരുന്നു. സ്ത്രീസുരക്ഷയെക്കുറിച്ചുള്ള പുതിയ നിയമങ്ങൾക്കും ചിന്തകൾക്കും വഴിമരുന്നിട്ടതായിരുന്നു പ്രസ്തുത പ്രക്ഷോഭം.

പിന്നീട് അതിന് സമാനമോ അതിനെക്കാൾ വിപുലവും വ്യാപകവുമോ ആയ പ്രക്ഷുബ്ധാവസ്ഥയ്ക്ക് രാജ്യം സാക്ഷ്യം വഹിച്ചത് 2015 മുതലായിരുന്നു. ബിജെപി ഭരണം കേന്ദ്രത്തിൽ അധികാരത്തിലെത്തിയത് മുതൽ. എഐഎസ്എഫ് നേതാവ് കനയ്യകുമാർ വിദ്യാർഥി യൂണിയൻ പ്രസിഡന്റായതിന് തൊട്ടുപിന്നാലെയാണ് വിദ്യാർഥികളുടെ ഗവേഷണത്തിലുള്ള ഫീസ് നിരക്കുകൾ ഭീമമായി വർധിപ്പിക്കുന്നത്. കേന്ദ്ര സർക്കാർ നിർദ്ദേശാനുസരണം യുജിസിയാണ് വർധനയ്ക്ക് തീരുമാനമെടുത്തത്. സാധാരണ കുടുംബങ്ങളിലെ വിദ്യാർഥികളെ ഉന്നത വിദ്യാഭ്യാസരംഗത്തുനിന്ന് പിന്തള്ളുന്നതിനിടയാക്കുന്ന ഈ തീരുമാനത്തിനെതിരെ ജെഎൻയു വിദ്യാർഥികൾ ഒക്കുപ്പൈ യുജിസിയെന്ന പേരിൽ അന്ന് ആരംഭിച്ച സമരം രാജ്യത്താകെയുള്ള ക്യാമ്പസുകൾ ഏറ്റെടുത്തു. ഹൈദരാബാദ് സർവകലാശാലയിൽ വിവേചനത്തിനിരയായി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവം രാജ്യത്താകെ ഉയർന്നുവന്നതിന് പിന്നിലും ജെഎൻയുവിന് പങ്കുണ്ടായിരുന്നു. ഇതെല്ലാം കൊണ്ടുതന്നെ ജെഎൻയുവിനെ കേന്ദ്ര ഭരണാധികാരികൾ വേട്ടയ്ക്കുള്ള ലക്ഷ്യമായി കുറിച്ചിട്ടു. ദേശദ്രോഹവും രാജ്യവിരുദ്ധതയും മറ്റും ആരോപിച്ച് കനയ്യകുമാർ ഉൾപ്പെടെയുള്ളവരെ തുറുങ്കിലടക്കാനും അവർ ശ്രമിച്ചു. രാജ്യമാകെ പ്രതിഷേധമുയർത്തിയതിനാൽ പരാജയപ്പെട്ടുപോവുകയായിരുന്നു ആ ശ്രമങ്ങൾ. പിന്നീട് പല തരത്തിൽ ജെഎൻയുവിനെ തകർക്കാനുള്ള ശ്രമങ്ങൾ തുടരുകയായിരുന്നു. ഡൽഹി പൊലീസിൽ തങ്ങൾക്കുള്ള അധികാരമുപയോഗിച്ച് അടിച്ചമർത്തൽ ശ്രമങ്ങളുമുണ്ടായി. ഓരോ തവണയും കൂടുതൽ കരുത്തോടെ ജെഎൻയു ചെറുത്തുനിന്നു.

ഓരോ തെരഞ്ഞെടുപ്പിലും ഇടതു വിദ്യാർഥി സഖ്യത്തെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിച്ചുകൊണ്ട് ജെഎൻയു അവരുടെ കുത്സിത നീക്കങ്ങളോട് പകരം വീട്ടി. സംഘപരിവാറിന്റെ ജനവിരുദ്ധവും ഭരണഘടനാ — മതേതര മൂല്യങ്ങൾക്കെതിരായതുമായ നടപടികളെയും ചോദ്യം ചെയ്തുകൊണ്ട് ജെഎൻയു രാവും പകലും വ്യത്യാസമില്ലാതെ പ്രക്ഷുബ്ധമായി നിലക്കൊണ്ടു. അതിനാൽ സർവകലാശാലയുടെ അടിത്തറയിളക്കാനുള്ള തീരുമാനങ്ങളുമായി സർക്കാർ രംഗത്തിറങ്ങി. അതിന്റെ ഫലമായിരുന്നു വൻ ഫീസ് വർധന. ഒക്ടോബർ മുതൽ ഇതിനെതിരെ വിദ്യാർഥികൾ പ്രക്ഷോഭത്തിലാണ്. ഏതുവിധേന തകർക്കാർ ശ്രമിച്ചിട്ടും അടിച്ചമർത്തൽ നയങ്ങൾ കൈക്കൊണ്ടിട്ടും തളരാതെ തുടരുകയായിരുന്നു പ്രക്ഷോഭം. അതിനിടയിൽ വന്ന പൗരത്വഭേദഗതി നിയമത്തിനെതിരെയും ശക്തമായി അവർ പ്രക്ഷോഭത്തിനിറങ്ങി. 2016 മാർച്ചിൽ ജയിൽ വിമോചിതനായി ജെഎൻയുവിൽ തിരിച്ചെത്തിയ രാത്രിയിൽ നടത്തിയ, ലോകം ശ്രവിച്ച കനയ്യകുമാറിന്റെ പ്രസംഗത്തിൽ വീണ്ടും മുഴങ്ങിയ ആസാദി മുദ്രാവാക്യങ്ങളാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിൽ ഇന്ത്യൻ തെരുവുകളിൽ ഇപ്പോൾ ഉയരുന്നതെന്ന യാഥാർഥ്യവും ഇതിനോട് ചേർത്തുവായിക്കണം. ജെഎൻയുവിനെ ശത്രുരാജ്യത്തെയെന്നപോലെ കാണുവാൻ ഇതിൽപരം കാരണങ്ങളെന്തുവേണം. അതുകൊണ്ട് സമരങ്ങളെ തകർക്കാൻ കയ്യിലുള്ള പൊലീസിനെ ഉപയോഗിച്ചു. സംഘടിക്കുന്നത് തടയുന്നതിന് നിശാനിയമങ്ങൾ, തെരുവ് വിളക്കുകൾ അണച്ച രാത്രിയിൽ പൊലീസിന്റെ വേട്ട. എന്നിട്ടും തളരാതെ ചെറുത്തുനിന്ന ജെഎൻയുവിനെ തകർക്കാനുള്ള അവസാന അടവാണ് കഴിഞ്ഞ രാത്രികളിലുണ്ടായത്. ഗുണ്ടാ ആക്രമണം. മുഖംമൂടി ധരിച്ചെത്തി, പൊലീസിനെ കാവൽനിർത്തി, തെരുവ് വിളക്കുകളണച്ച് ഇരുട്ട് തീർത്ത്, പെൺകുട്ടികളെ തല്ലിച്ചതയ്ക്കുക. സംഘം ചേർന്ന വിദ്യാർത്ഥികളെത്തുമ്പോൾ ഓടി രക്ഷപ്പെടുക. അത് ധീരതയല്ല, ഭീരുത്വമാണ്. നിങ്ങൾക്ക് തകർക്കാനാവില്ല ജെഎൻയുവിനെ. കാരണം ഇന്ത്യ ഇന്ന് ജെഎൻയുവിനെ, അവിടത്തെ ക്ഷുഭിത യൗവനത്തെ അത്രമേൽ നെഞ്ചേറ്റുന്നുണ്ട്.

Eng­lish sum­ma­ry: Unbear­able youthfulness


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.