ആലപ്പുഴയില്‍ അനിശ്ചിതത്വം തുടരുന്നു; സീറ്റിനായി യുഡിഎഫ് നേതാക്കളുടെ പട

Web Desk
Posted on March 15, 2019, 9:45 pm
കായംകുളത്ത് അടൂര്‍ പ്രകാശിന്റെ പോസ്റ്റര്‍ ഒട്ടിച്ച നിലയില്‍

ടി കെ അനില്‍കുമാര്‍

ആലപ്പുഴ: ആലപ്പുഴ ലോക്‌സഭാ സീറ്റില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. ഡി സി സി നേതൃത്വം നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മത്സര രംഗത്ത് നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. വേണുഗോപാല്‍ വയനാട് സീറ്റിനായി ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം ആരംഭിച്ചപ്പോള്‍ ആലപ്പുഴയില്‍ സീറ്റിനായി യു ഡി എഫില്‍ കലാപവും ആരംഭിച്ചു.

ഷാനിമോള്‍ ഉസ്മാന്‍, പി സി വിഷ്ണുനാഥ്, അടൂര്‍ പ്രകാശ്, എം ലിജു എന്നിവരാണ് ആലപ്പുഴയില്‍ മത്സരിക്കാനായി ഒരുങ്ങുന്നത്. ഐ ഗ്രൂപ്പിന്റെ സിറ്റിംഗ് സീറ്റ് ആയതിനാല്‍ മറ്റു ഗ്രൂപ്പുകള്‍ക്ക് വിട്ടുനല്‍കേണ്ടതില്ലെന്നാണ് അവരുടെ തീരുമാനം. അടൂര്‍ പ്രകാശാണ് ഐ ഗ്രൂപ്പിന്റെ പ്രധാന പരിഗണനയില്‍ ഉള്ളത്. മുന്‍ ഡി സി സി പ്രസിഡന്റ് എ എ ഷുക്കൂറും മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ആലപ്പു പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ അടൂര്‍ പ്രകാശിന്റെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് എ ഗ്രൂപ്പ് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ബഹുദൂരം മുന്നില്‍ പോയിട്ടും സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് അവ്യക്തത തുടരുന്നത് യു ഡി എഫ് അണികളില്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.

Read this also

സിദ്ധുവിനെ സിദ്ധിഖ് ആക്കി, ചോറ്റാനിക്കരയിൽ ബ്ലീച്ചിങ് പൗഡർ കലക്കിയ വെള്ളം ഉപയോഗിച്ചു, എ എൻ രാധാകൃഷ്ണൻറെ വാർത്താസമ്മേളനം അബദ്ധപഞ്ചാംഗമായി

ആലപ്പുഴയില്‍ മത്സരിക്കാന്‍ ആദ്യം താല്‍പ്പര്യം പ്രകടിപ്പിച്ച വേണുഗോപാല്‍ മണ്ഡലത്തില്‍ ഉടനീളം ചുവരെഴുത്തുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും വെച്ചിരുന്നു. എന്നാല്‍ എ എം ആരിഫിനെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ ആലപ്പുഴയില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അദ്ദേഹം കെ പി സി സി നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ആലപ്പുഴ വിട്ട് വയനാട്ടില്‍ മത്സരിക്കാനുള്ള വേണുഗോപാലിന്റെ നീക്കം പരാജയഭീതിമൂലമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ തന്നെ അഭിപ്രായമുണ്ട്. ഇത്തവണ ആലപ്പുഴ സീറ്റ് എ ഗ്രൂപ്പിന് നല്‍കണമെന്ന ആവശ്യം നേതൃത്വം കെ പി സി സി പ്രസിഡന്റിനെ തന്നെ അറിയിച്ചിട്ടുണ്ട്.

എ ഐ സി സി സെക്രട്ടറിയായ പി സി വിഷ്ണുനാഥിനെ കൂടാതെ യു ഡി എഫ് ചെയര്‍മാന്‍ എം മുരളിയും എ ഗ്രൂപ്പിന്റെ പരിഗണനാ ലിസ്റ്റിലുണ്ട്. എന്നാല്‍ കെ പി സി സി വൈസ് പ്രസിഡന്റി ബി ബാബുപ്രസാദിന് സീറ്റ് നല്‍കണമെന്നാണ് ചെന്നിത്തലയുടെ അഭിപ്രായം. ഇതില്‍ പല ഐ ഗ്രൂപ്പ് നേതാക്കള്‍ക്കും എതിര്‍പ്പുണ്ട്.

You may like this