Web Desk

October 15, 2020, 3:00 am

സ്റ്റാന്‍ സ്വാമിയിലൂടെ അനാവൃതമാകുന്നത് ചരിത്രത്തിന്റെ വികൃതാവര്‍ത്തനം

Janayugom Online

ദശകങ്ങളായി ആദിവാസി ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി അക്ഷീണം പൊരുതിവരുന്ന വന്ദ്യവയോധികനായ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ ദേശദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മോഡി സര്‍ക്കാരിന്റെ നടപടി കോര്‍പ്പറേറ്റ് അനുകൂല ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളെ ഒരുപക്ഷെ ആഹ്ലാദഭരിതരാക്കിയിരിക്കാം. എന്നാല്‍ സമചിത്തതയോടെ ചിന്തിക്കുന്ന എല്ലാ ജനവിഭാഗങ്ങളെയും മോഡി ഭരണകൂടത്തിന്റെ ‘ഗസ്റ്റപ്പോ‘യായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ)യുടെ നടപടി തെല്ലും അമ്പരപ്പിച്ചിട്ടുണ്ടാവില്ല. മറിച്ച്, മാനവികതക്കും നീതിബോധത്തിനും വിലകല്പിക്കുന്ന മുഴുവന്‍പേരിലും രാജ്യം എത്തിപ്പെട്ടിരിക്കുന്ന വിധ്വംസക രാഷ്ട്രീയ അന്തരീക്ഷത്തോടുള്ള അനല്പമായ ആത്മരോഷം ആളിപ്പടരുന്നതിന് ഈ നടപടി കാരണമായി.

തന്റെ ജീവിതത്തിന്റെ സിംഹഭാഗവും ഝാര്‍ഖണ്ഡിലെ ആദിവാസി സമൂഹം അനുഭവിച്ചുവരുന്ന ക്രൂരമായ ചൂഷണങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ അവരുടെ അവകാശ സംരക്ഷണത്തിനുവേണ്ടി വിശ്രമരഹിതമായി പ്രവര്‍ത്തിച്ചുവരുന്ന, 83 വയസ് പ്രായമുള്ള, പാര്‍ക്കി­ന്‍സണ്‍ രോഗബാധിതനായ വയോധികനെയാണ് ഫാസിസ്റ്റ് ഭരണകൂടം തുറങ്കിലടച്ചിരിക്കുന്നത്. 2018ല്‍ മാവോയിസ്റ്റ് ബന്ധം ആ­രോപിച്ച് അറസ്റ്റ് ചെയ്തപ്പോഴും ഇപ്പോള്‍ ഭീമകൊറേഗാവ് സംഭവത്തിന്റെ പേരില്‍ തുറുങ്കിലടച്ചപ്പോഴും ഭീകരവാദബന്ധം സ്റ്റാന്‍ സ്വാമി ശക്തമായി നിഷേധിച്ചിരുന്നു. ഝാര്‍ഖണ്ഡിലെ ആദിവാസി സമൂഹത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി തികച്ചും സമാധാനപരമായി അക്രമരഹിതവും നിയമാധിഷ്ഠിതവുമായ പ്രതിഷേധത്തില്‍ പങ്കാളിയാവുക മാത്രമാണ് താന്‍ ചെയ്യുന്നതെന്ന് അദ്ദേഹം ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു. എന്നിട്ടും ഈ വന്ദ്യവയോധികനോട് ഭരണകൂടം ചെയ്യുന്നത് രാഷ്ട്രചരിത്രത്തിന്റെ വികൃതാവര്‍ത്തനമാണ്. ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രാഷ്ട്രപിതാവിന്റെ ജീവന്‍ കവര്‍ന്ന ശക്തികള്‍ ഇപ്പോള്‍ അ­ത് അധികാര ധാര്‍ഷ്ട്യത്തോടെ നടപ്പാക്കുന്നുവെന്നു മാത്രം. വര്‍ഗീയ ഫാസിസ്റ്റ് ശ­ക്തികളുടെ കയ്യില്‍ ചരിത്രത്തിന്റെ വികൃതമായ ആവര്‍ത്തനം നടക്കുന്നുവെന്ന് മാത്രമല്ല വന്ദ്യവയോധികരായ സാമൂഹിക, മനുഷ്യാവകാശ പ്രവര്‍ത്തകരെ ലക്ഷ്യംവയ്ക്കുക വഴി അവര്‍ രാജ്യത്ത് മനഃശാസ്ത്രപരമായ യുദ്ധം തന്നെയാണ് അ­ഴിച്ചുവിട്ടിരിക്കുന്നത്. ജീവിതത്തിലുടനീളം അ­ഹിംസയെയും സഹനസമരത്തെയും മുറുകെപിടിച്ച രാഷ്ട്രപിതാവിനെ ഹിന്ദുത്വ ഫാസിസ്റ്റുകള്‍ വ­ധി­ച്ചത് 78ാമത്തെ വയസിലായിരുന്നു. ജീവിതകാലത്തുടനീളം അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സമാധാനപൂര്‍ണമായ ചെറുത്തുനില്പു പോരാട്ടങ്ങള്‍ നയിച്ച ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോൾക്കര്‍, കല്‍ബുര്‍ഗി തുടങ്ങിയ വയോധികരെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കിയ നരമേധത്തിന്റെ തുടര്‍ച്ചക്കാണ് മോഡിഭരണത്തില്‍ രാജ്യം സാക്ഷ്യംവഹി‌ക്കുന്നത്. ഗാന്ധിവധത്തിലും പന്‍സാരെ, ധബോലൾക്കര്‍, കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങളിലും ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികള്‍ കൊലയാളി സംഘങ്ങളെയാണ് നിയോഗിച്ചതെങ്കില്‍ എതിര്‍ശബ്ദങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ മോഡി ഭരണകൂടം സര്‍ക്കാര്‍ ഏജന്‍സികളെത്തന്നെ നിയോഗിക്കുന്നു എന്നതാണ് പുതിയ പ്രതിഭാസം. എണ്‍പത് പിന്നിട്ട സ്റ്റാന്‍ സ്വാമി, വരവരറാവു എന്നിവരെ എന്നെന്നേക്കുമായി തുറുങ്കിലടയ്ക്കുന്ന ഭരണകൂട നീതിയെ അവര്‍ പ്രതിനിധാനം ചെയ്യുന്ന സാമൂഹ്യനീതി, മനുഷ്യാവകാശങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യം, വിയോജിപ്പിനും എതിര്‍പ്പിനുമുള്ള ജനാധിപത്യ അവകാശം എന്നിവയെ ബോധപൂര്‍വം നിഷേധിക്കാനുള്ള നീ‌ക്കമായേ കരുതാനാവൂ. തങ്ങള്‍ക്ക് ഭാരമായി പുതുതലമുറ കരുതുന്ന ഉപയോഗശൂന്യരായ വിധവകള്‍, വൃദ്ധര്‍ എന്നിവരെ കയ്യൊഴിയുകയും വകവരുത്തുകയും ചെയ്യുന്ന, രാജ്യത്ത് പലയിടത്തും നിലനില്ക്കുന്ന പ്രാകൃത, സാംസ്കാരിക വെെകൃതത്തിന്റെ നവീകൃത രൂപമായും ഒരുതരം നിര്‍ബന്ധിത വാനപ്രസ്ഥമായും ഈ പ്രതിഭാസത്തെ വിലയിരുത്തുന്നതിലും തെറ്റില്ല. ഗുരുതരമായ രോഗം ബാധിച്ചവരും അംഗവെെകല്യം സംഭവിച്ചവരുമായ ‘നഗര നക്സലുകള്‍’‍ക്ക് അനിശ്ചിതമായി ജാമ്യം നിഷേധിക്കുന്നതിനു പിന്നില്‍ മറ്റെന്ത് ന്യായീകരണമാണ് ഭരണകൂടത്തിന് നിരത്താനുള്ളത്? മോഡി സര്‍ക്കാരിന്റെ നിലനില്പില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഖനന കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ആദിവാസി സമൂഹങ്ങളുടെ അവകാശ സമരങ്ങള്‍. ആ സമരങ്ങളുടെ ധാര്‍മ്മിക കരുത്തിന്റെ പ്രതീകമാണ് സ്റ്റാന്‍ സ്വാമിയും അദ്ദേഹത്തോടൊപ്പമുള്ള സാമൂഹിക പ്രവര്‍ത്തകരും‍. ‘വളര്‍ച്ചയുടെയും വികാസത്തിന്റെയും’ മുതലാളിത്ത തത്വശാസ്ത്രങ്ങള്‍ക്ക് അന്യമായ ഭൂമി, ജലം, വനം എന്നിവമേലുള്ള ആദിവാസികളടക്കം ജനങ്ങളുടെ അടിസ്ഥാന അവകാശമാണ് മോഡി ഭരണകൂടത്തെയും അതിനെ നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റ് ലോകത്തെയും പരിഭ്രാന്തരാക്കുന്നത്. ധനാധിപത്യത്തിന്റെ ആര്‍ത്തിക്ക് മനുഷ്യരാശി ഇരയാവാന്‍ അനുവദിച്ചുകൂട എന്ന യാഥാര്‍ത്ഥ്യമാണ് ഈ സംഭവവികാസങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്.