ലക്ഷ്യം തെറ്റാതെ ഉണ്ട

Web Desk
Posted on June 16, 2019, 9:06 am

കെ കെ ജയേഷ്

ലക്ഷ്യം തെറ്റാതെ വെടിയുതിര്‍ക്കുന്ന പൊലീസുകാരുടെ ത്രസിപ്പിക്കുന്ന കഥയല്ല ഉണ്ട.. ഇതൊരു കാത്തിരിപ്പാണ്… ഉണ്ടയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്… വീരശൂര പരാക്രമികളായ പൊലീസുകാരുടെ  കഥയുമല്ല ഉണ്ട.. ഇത് ബസ്തറിലെ മാവോയിസ്റ്റ് മേഖലയില്‍ ആവശ്യത്തിന് ആയുധമില്ലാതെ, ഓരോ നിമിഷവും ഭയന്ന് ജീവിക്കുന്ന ഒരു കൂട്ടം സാധാരണക്കാരായ പൊലീസുകാരുടെ ജീവിതമാണ്.. മാവോയിസ്റ്റുകളുടെ പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലുകളും ഈ  സിനിമയിലില്ല.. ഇത് ജാതിയും രാഷ്ട്രീയവും അധികാരവുമെല്ലാം കെട്ടുപിണഞ്ഞ് കിടക്കുന്ന ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയുടെ വര്‍ത്തമാനാവസ്ഥ തുറന്നുകാട്ടുന്ന… ഭരണകൂടം തന്നെ സാധാരണക്കാരുമായി ഏറ്റുമുട്ടുന്ന കാലഘട്ടത്തോടുള്ള ചോദ്യങ്ങളാണ്.. ഓരോ മനുഷ്യനും പോരാടി ജീവിക്കേണ്ടത് അവനവന്റെ കടമയാണെന്ന് ഓര്‍മ്മപ്പെടുത്തുന്ന സിനിമ അതുകൊണ്ടെല്ലാം തന്നെ ഒരു സാധാരണ പൊലീസ് സിനിമകളില്‍ നിന്ന്  ബഹുദൂരം ഉയര്‍ന്നു നില്‍ക്കുന്നു.

unda
മാവോയിസ്റ്റുകളെപ്പറ്റി കേട്ടറിവ് മാത്രമെ അവര്‍ക്കുള്ളു.. ആരാണ് മാവോയിസ്‌റ്റെന്ന് അവരില്‍ ചിലര്‍ തന്നെ ചോദിക്കുന്നുമുണ്ട്.. ചില സമരക്കാരെ ലാത്തിയുപയോഗിച്ച് അടിച്ചോടിച്ച അനുഭവം മാത്രമാണ് അവര്‍ക്കുള്ളത്. കേരളത്തിലെ ഈ പൊലീസുകാരാണ് മാവോയ്‌സ്റ്റ് ശക്തി കേന്ദ്രമായ ഛത്തീസ് ഗഡിലെ ബസ്തറിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെടുന്നത്.  ഒരു വിനോദയാത്രയ്‌ക്കെന്ന പോലെ യാത്ര തിരിക്കുന്ന സംഘം പതിയെ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നു. തങ്ങളെത്തിപ്പെട്ട വലിയ അപകടത്തിന്റെ ആഴം അവര്‍ക്ക് മനസ്സിലാവുന്നു. ആവശ്യത്തിന് ആയുധങ്ങള്‍ പോലുമില്ലാതെയാണ് തങ്ങള്‍ മാവോയിസ്റ്റ് ഭീഷണിയെ നേരിടാനായി ഈ കാട്ടിലെത്തിയതെന്ന് തിരിച്ചറിയുന്നതോടെ അവര്‍ തളര്‍ന്നു തുടങ്ങുന്നു. ഇവരെ നയിക്കുന്ന എസ് ഐ മണികണ്ഠന്‍ സാറാവട്ടെ വെടിയൊച്ചകള്‍ക്ക് മുമ്പില്‍ പകച്ച് ബോധരഹിതനായി വീഴുന്നതോടെ എല്ലാം അവസാനിച്ചുവെന്ന്   അവരെല്ലാം തീര്‍ച്ചയാക്കുന്നു.
ഉണ്ട കേവലം ഒരു വെടിയുണ്ട മാത്രമല്ല.. ഉണ്ടയ്ക്കായുള്ള പൊലീസുകാരുടെ കാത്തിരിപ്പ്  സാധാരണ പൊലീസുകാരോടുള്ള അധികാരികളുടെ അവഗണനയുടെ ചിത്രമാണ് വ്യക്തമാക്കുന്നത്… ഉണ്ട തുളഞ്ഞു കയറുന്ന ചില ചോദ്യങ്ങളുമായി മാറുന്നുണ്ട്. സ്വന്തം മണ്ണില്‍ പോലും അഭയം നഷ്ടപ്പെട്ടുപോവുന്ന സാധാരണക്കാരന്റെ ജീവിതം അതിലുണ്ട്. പൊലീസ് മാവോയിസ്റ്റും മാവോയിസ്റ്റുകള്‍ പൊലീസ് ചാരനുമാക്കി മുദ്രകുത്തുമ്പോള്‍ അതിനിടയില്‍ പെട്ട് നിസ്സഹായനാവുന്ന അവരുടെ ചോദ്യങ്ങളുണ്ട്. ചോദ്യങ്ങള്‍ പോലുമില്ലാതെ കൊന്ന് തള്ളുന്ന ഭരണകൂടത്തിന്റെ ഫാസിസ്റ്റ് മുഖമുണ്ട്. ഛത്തീസ് ഗഡിലെ ആദിവാസിയുടെ ജീവിതം പറയുമ്പോള്‍ തന്നെ പൊലീസ് സേനയിലെത്തിയിട്ടും കേരളത്തിലെ ഒരു ആദിവാസിയ്ക്ക് ജനങ്ങളില്‍ നിന്ന് എന്തിന് സഹപ്രവര്‍ത്തകരില്‍ നിന്ന് തന്നെ നേരിടേണ്ടിവരുന്ന പരിഹാസത്തിന്റെ ആഴത്തിലേക്കും ഉണ്ട തുളച്ചു കയറുന്നു. മാവോയിസ്റ്റുകള്‍ വന്നാല്‍ തങ്ങളെല്ലാം കൊല്ലും നിന്നെയവര്‍ ഒന്നും ചെയ്യില്ല നീയവരുടെ ആളാണല്ലോ.. എന്നാണ് ഒരു പൊലീസുകാരന്‍ കൂടെയുള്ള ആദിവാസിയായ പൊലീസുകാരനോട് പറയുന്നത്. ഇത്തരത്തില്‍ നിരന്തരം സഹപ്രവര്‍ത്തകരുടെ പരിഹാസങ്ങളേറ്റുവാങ്ങുകയാണ് ആ കഥാപാത്രം. ഒടുവില്‍ അയാള്‍ക്ക് പറയാനുള്ളത് പറഞ്ഞ്  കയ്യടി വാങ്ങുന്ന മണി സാറിനെ ചിത്രത്തില്‍ കാണാന്‍ കഴിയില്ല. ഇവന് നിങ്ങളോട് കുറച്ചു കാര്യം പറയാനുണ്ട്. നിങ്ങളത് കേള്‍ക്കണം.. എന്ന് പറഞ്ഞ് അവര്‍ക്ക് മുമ്പിലിരിക്കുകയാണ് മണി സാര്‍. ഓരോരുത്തര്‍ക്കും പറയാനുള്ളത് അവര്‍ക്ക് വിട്ടുകൊടുത്ത് കേള്‍വിക്കാരനായി മണിസാര്‍ ഇരിക്കുമ്പോള്‍ മമ്മൂട്ടിയിലെ താരം സിംഹാസനത്തില്‍ നിന്ന് മണ്ണിലേക്ക് ഇറങ്ങിവരുന്നു. ഇത്തരം സുന്ദരമായ കാഴ്ചകള്‍ തന്നെയാണ് ഉണ്ടയെ ശ്രദ്ധേയമാക്കുന്നത്.

സിനിമയില്‍ ഒരിക്കല്‍ പോലും മാവോയിസ്റ്റുകള്‍ പൊലീസുകാര്‍ക്ക് മുമ്പിലേക്ക് വരുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഈ പൊലീസുകാരെ നോക്കുകുത്തിയാക്കിക്കൊണ്ട് കള്ളവോട്ട് ചെയ്യാന്‍ രാഷ്ട്രീയനേതാക്കള്‍ എത്തുന്നുണ്ട്. ആ കാഴ്ച നോക്കി നമുക്ക് മാവോയിസ്റ്റുകള്‍ വരുന്നുണ്ടോ എന്ന് നോക്കാമെന്ന ഒരു പൊലീസുകാരന്റെ വാക്കുകളില്‍ എല്ലാ തിരിച്ചറിവുമുണ്ട്. ഇത് നിന്റെ മണ്ണാണ്.. ഇവിടം വിട്ടു പോകരുത്.. ചാകാന്‍ നിക്കരുത്. ജീവിക്കണം.. എന്ന് ബസ്തറിലെ ആ ഗ്രാമീണനോട് മണി സാര്‍ പറയുന്നുണ്ട്. മാവോയിസ്റ്റിനും ഭരണകൂടത്തിനും ഇടയില്‍ വേട്ടയാടപ്പെടുന്ന മനുഷ്യജീവിതത്തിന്റെ ആഴം പൊലീസുകാരിലൂടെ തന്നെ വരച്ചു കാണിക്കുകയാണ് ഉണ്ട.

mammootty
പൊലീസുകാര്‍ കാത്തിരുന്ന ഉണ്ട അവസാനം വരെ അവര്‍ക്ക് കിട്ടുന്നില്ല. അതുകൊണ്ടുവന്ന പൊലീസുകാരുടെ ഉത്തരവാദിത്തമില്ലായ്മ കാരണം അത് ട്രെയിനില്‍ വെച്ച് നഷ്ടപ്പെടുന്നു. മോഷ്ടിക്കപ്പെട്ട പെട്ടിയിലെ ഉണ്ടകള്‍ എടുത്തു മാറ്റി പെട്ടി ആരോ റെയില്‍വേ ട്രാക്കിന് സമീപം ഉപേക്ഷിക്കുന്നു. ആ പെട്ടിയ്ക്ക് മുകളിലിരിക്കുന്ന കുരങ്ങന്റെ ദൃശ്യത്തില്‍ ക്യാമറക്കാഴ്ചകള്‍ അവസാനിക്കുമ്പോള്‍ പുതിയ കാഴ്ചകള്‍.. ചിന്തകള്‍.. മനസ്സില്‍ നിറഞ്ഞു തുടങ്ങുമെന്നത് തീര്‍ച്ച.
ഛത്തിസ്ഗഡില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് പോയ കേരള പൊലീസുകാര്‍ ദുരിതത്തില്‍ എന്ന പത്രവാര്‍ത്തയില്‍ നിന്നാണ് ഉണ്ട എന്ന സിനിമയുടെ പിറവി. ഈ വാര്‍ത്തയില്‍ നിന്ന് രണ്ട് മണിക്കൂറിലധികമുള്ള ഒരു സിനിമ രൂപപ്പെടുത്തുമ്പോള്‍ പക്ഷെ വെല്ലുവിളികളെ സമര്‍ത്ഥമായി തിരക്കഥാകൃത്ത് ഹര്‍ഷാദ് നേരിടുന്നു. ഏറെ സങ്കീര്‍ണ്ണമായ പ്രമേയത്തെ അതീവ ലളിതമായും നര്‍മ്മത്തില്‍ നിറച്ചുമാണ് ചിത്രം അവതരിപ്പിക്കുന്നത്. മലയാളിയ്ക്ക് അത്ര പരിചിതമല്ലാത്ത പശ്ചാത്തലമായിട്ടും മമ്മൂട്ടിയുടെ ഉള്‍പ്പെടെ താരപരിവേഷം അശേഷം ഉപയോഗപ്പെടുത്താതിരുന്നിട്ടും സിനിമ അല്‍പ്പം പോലും വിരസമാവാത്തത് തിരക്കഥയുടെയും ഖാലിദ് റഹ്മാന്റെ മനോഹരമായ സംവിധാന ശൈലിയുടെയും കരുത്തില്‍ തന്നെയാണ്.
അമിത് വി മസൂര്‍ക്കര്‍ സംവിധാനം ചെയ്ത ന്യൂട്ടന്‍ എന്ന സിനിമയും സമാനമായ പ്രമേയമാണ് പറഞ്ഞത്. ബസ്തറിലേക്ക് ഇലക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി പോവുന്ന ഉദ്യോഗസ്ഥനിലൂടെ വര്‍ത്തമാനകാല ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന പ്രതിസന്ധികളെ അതിശക്തമായി അവതരിപ്പിക്കുകയായിരുന്നു ആ ചിത്രം. സമാനമായ അവസ്ഥകളിലൂടെയാണ് ഉണ്ടയും കഥ പറയുന്നത്. എന്നാല്‍ കേരളത്തിലെ സാധാരണക്കാരായ പൊലീസുകാരുടെ വീക്ഷണകോണിലൂടെ കഥ പറയുന്ന ചിത്രം ബസ്തറിലെ ജീവിതത്തെ ആഴത്തില്‍ തൊട്ടറിയാനുള്ള ശ്രമം നടത്തിയിട്ടില്ലെന്നത് പോരായ്മയായി തോന്നാം. സങ്കീര്‍ണ്ണതകളിലേക്ക് അധികം കടന്നു ചെല്ലാതെ, ചെറു സംഭവങ്ങളിലൂടെ, കച്ചവട സാധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് ഉണ്ട. മറ്റൊരു വീക്ഷണകോണില്‍ നിന്ന് കാര്യങ്ങളെ നോക്കിക്കാണാനാണ് ഉണ്ടയിലൂടെ സംവിധായകന്‍ ശ്രമിക്കുന്നത്.

unda
മേല്‍ ഉദ്യോഗസ്ഥനെ കത്തുന്ന ഡയലോഗ് പറഞ്ഞ് ഞെട്ടിപ്പിക്കുന്ന.. രാഷ്ട്രീയ നേതാക്കളെ സംസാരത്തിലൂടെ തകര്‍ത്തെറിയുന്ന… പൊള്ളുന്ന ഡയലോഗിന് ശേഷം കൃത്യമായി കാഞ്ചി വലിച്ച് ലക്ഷ്യത്തില്‍ കൊള്ളിച്ച് സ്ലോ മോഷനിലൂടെ നടന്നുപോകുന്ന മമ്മൂട്ടിയുടെ നിരവധി പൊലീസ് വേഷങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ ബല്‍റാം ഉള്‍പ്പെടെയുള്ള ആ കഥാപാത്രങ്ങളില്‍ നിന്ന് ബഹുദൂരം ദൂരെയാണ് ഉണ്ടയിലെ എസ് ഐ മണികണ്ഠന്‍. മമ്മൂട്ടിയുടെ താരപരിവേഷമെല്ലാം പൂര്‍ണ്ണമായി അഴിച്ചുമാറ്റിയാണ് മണി സാറിനെ അദ്ദേഹം അവതരിപ്പിക്കുന്നത്.  പൊലീസുകാരായെത്തുന്ന അര്‍ജുന്‍ അശോകന്‍, റോണി ഡേവിഡ്, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, ലുഖ്മാന്‍, അഭിറാം പൊതുവാള്‍, ഗോകുലന്‍ എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു. കുണാല്‍ ചന്ദ് എന്ന കഥാപാത്രമായെത്തുന്ന ഓംകാര്‍ ദാസ് മണിക് പുരിയും കപില്‍ ദേവായെത്തുന്ന ഭഗവാന്‍ തിവാരിയും കൈയ്യടി നേടുന്നു. പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതവും സജിത്തിന്റെ ക്യാമറയും സിനിമയുടെ മൂഡിനോട് ചേര്‍ന്നുപോകുന്നു. മനുഷ്യനെ അറിയുന്ന.…ജീവിതത്തെ തൊട്ടറിയുന്ന.. ഒരു ചിത്രമാണ് ഉണ്ട…മനോഹര കാഴ്ചകള്‍ കൊണ്ടും ശക്തമായ നിലപാടു കൊണ്ടും സമീപകാലത്തിറങ്ങിയ മികച്ച സിനിമകളില്‍ ഒന്ന്. കയ്യടികളോടെ തന്നെ മണികണ്ഠന്‍ സാറിനെയും പിള്ളാരെയും സ്വീകരിക്കാം..