Web Desk

തിരുവനന്തപുരം:

June 24, 2020, 10:50 pm

തൊഴിൽ വകുപ്പിനു കീഴിലെ 16 ക്ഷേമനിധി ബോർഡുകൾ 11 ആയി കുറയ്ക്കും

Janayugom Online

സംസ്ഥാനത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തൊഴിൽ വകുപ്പിനു കീഴിൽ പ്രവർത്തിച്ചു വരുന്ന 16 ക്ഷേമനിധിബോർഡുകൾ 11 ആയി കുറയ്ക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഉയർന്ന ഭരണച്ചെലവ് കാരണം മിക്ക ക്ഷേമനിധി ബോർഡുകളും സാമ്പത്തിക പ്രതിസന്ധിയിലാണ്. പല ബോർഡുകളുടെയും നിലനിൽപ്പ് തന്നെ പ്രയാസമായ ഘട്ടത്തിലാണ് അഞ്ച് ബോർഡുകളെ മറ്റുള്ളവയുമായി ലയിപ്പിക്കാൻ തീരുമാനിച്ചത്. ഇതു പ്രാവർത്തികമാക്കുന്നതിന് നിയമനിർമ്മാണം നടത്താനും ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡുമായും കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് കേരള ഷോപ്പ്സ് ആന്റ് കോമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡുമായും സംയോജിപ്പിക്കും. കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡും കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡും കേരള ലേബർ വെൽഫയർ ഫണ്ട് ബോർഡുമായി ചേർക്കും. കേരള ബീഡി ആന്റ് സിഗാർ തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡുമായുമാണ് സംയോജിപ്പിക്കുക.

ബോർഡുകളിൽ അംഗമായ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തിക്കൊണ്ട് എണ്ണം കുറയ്ക്കേണ്ടതു അനിവാര്യമാണെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. ബോർഡുകളുടെ നിലവിലെ പ്രശ്നങ്ങൾ പഠിക്കാൻ ലേബർ കമ്മിഷണർ അധ്യക്ഷനായി തൊഴിലാളി സംഘടനാ പ്രതിനിധികൾ ഉൾപ്പെടുന്ന സബ്കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാർശ പരിഗണിച്ചാണ് 16 ബോർഡുകൾ 11 ആയി കുറയ്ക്കാൻ മന്ത്രിസഭായോഗം തീരുമാനമെടുത്തത്.

ENGLISH SUMMARY: Under the Depart­ment of Labor 16 wel­fare fund boards will be reduced to 11

YOU MAY ALSO LIKE THIS VIDEO