Friday
19 Apr 2019

സിബിഐ തലപ്പത്തെ മാറ്റം, റാഫേല്‍ അഴിമതിയെ ഭയന്ന്: രാഹുല്‍ ഗാന്ധി

By: Web Desk | Thursday 25 October 2018 8:12 PM IST


ന്യൂഡല്‍ഹി:

റഫാല്‍ അഴിമതിയെ ഭയന്നാണ് സിബിഐ തലപ്പത്തു നിന്നും അലോക് വര്‍മ്മയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. റഫാല്‍ ഇടപാടില്‍ പിടിക്കപ്പെടുമോയെന്ന ഭയന്നാണ് സര്‍ക്കാര്‍ അടിയന്തിരമായി അര്‍ദ്ധരാത്രിയില്‍ നടപടി സ്വീകരിച്ചത്.

മോഡിയുടെ മാനസികാവസ്ഥ മനസ്സിലാക്കണം. റഫാല്‍ അദ്ദേഹത്തെ തീര്‍ത്ത് കളഞ്ഞേക്കുമെന്നും രാഹുല്‍ പരിഹസിച്ചു. പക്ഷെ, അര്‍ധരാത്രി രണ്ടുമണിക്ക് അലോക് വര്‍മയെ പുറത്താക്കി. ഇത് ഭരണഘടനയെയും ചീഫ് ജസ്റ്റിസിനെയും ഇന്ത്യയിലെ ജനങ്ങളെയും അപമാനിക്കലാണ്. അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കിയത് നിയമവിരുദ്ധമാണ്. സിബിഐ ഡയറക്ടറെ നിയമിച്ച പാനലിനു മാത്രമേ അതിന് അധികാരമുള്ളു. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ് എന്നിവർ ഉൾപ്പെട്ടതാണ് പാനൽ. അലോക് വർമ റഫാൽ ഇടപാടിൽ അന്വേഷണം തുടങ്ങിയതു തന്നെയാണ് നടപടിക്കു പിന്നിലെന്നും രാഹുൽ പ്രതികരിച്ചു.

പ്രധാനമന്ത്രിയുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം അലോക് വര്‍മ തുടങ്ങാനിരുന്നതാണെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതാണ് ഇത്ര വേഗത്തില്‍ അദ്ദേഹത്തെ മാറ്റാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചതെന്ന് രാജ്യത്തിന് മുഴുവന്‍ അറിയാം. പ്രധാനമന്ത്രി പരിഭ്രാന്തിയിലായിരുന്നു. താന്‍ പിടിക്കപ്പെടുമോ എന്ന് അദ്ദേഹം ഭയന്നു.

കാവല്‍ക്കാരന്‍റെ മുഖമായിരുന്നെങ്കിലും പ്രധാനമന്ത്രി അഴിമതിയില്‍ പങ്ക് ചേര്‍ന്നു. അന്വേഷണം ആരംഭിച്ചാല്‍ താന്‍ പിടിക്കപ്പെടുമെന്ന് അദ്ദേഹത്തിന് അറിയാം. അങ്ങനെ സംഭവിച്ചാല്‍ തന്റെ പ്രധാനമന്ത്രി പദം അവസാനിക്കുമെന്നും അദ്ദേഹത്തിന് ബോധ്യമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പിടിക്കപ്പെടും. രാജ്യം അദ്ദേഹത്തെ വെറുതെ വിടില്ല. പ്രതിപക്ഷവും കോണ്‍ഗ്രസും അദ്ദേഹത്തെ വെറുതെ വിടില്ലെന്നും രാഹുല്‍ പറഞ്ഞു.