മാപ്പര്‍ഹിക്കാത്ത കുറ്റം

Web Desk
Posted on August 30, 2018, 11:05 pm

നോട്ടുനിരോധനം പ്രഖ്യാപിച്ച 2016 നവംബര്‍ എട്ടിന്റെ അടുത്ത ദിവസം ആ വാര്‍ത്ത പ്രസിദ്ധീകരിച്ച ജനയുഗത്തിന്റെ ഒന്നാം പുറത്ത് അതിനെ കുറിച്ച് അവലോകനസ്വഭാവമുള്ള വാര്‍ത്ത ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. സുധീരമായ തീരുമാനമെന്ന് പറഞ്ഞ് മറ്റു മാധ്യമങ്ങള്‍ നരേന്ദ്രമോഡിയുടെ പ്രഖ്യാപനത്തെ പുകഴ്ത്തിയ അതേദിവസമാണ് മറ്റൊരു തുഗ്ലക്ക് പരിഷ്‌കാരമെന്ന പേരില്‍ ഞങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. രാജ്യത്ത് സുപ്രധാനവും ധീരവുമായൊരു നടപടി കൈക്കൊള്ളുമ്പോള്‍ അതിനെ ഇത്തരത്തില്‍ വിമര്‍ശിക്കാമോ എന്ന കുറ്റപ്പെടുത്തല്‍ ഞങ്ങള്‍ക്ക് അന്ന് നേരിടേണ്ടിവന്നിട്ടുണ്ട്.
പിന്നീടുള്ള ഓരോ ദിവസവും നോട്ടുനിരോധനം തുഗ്ലക്കിനെയും തോല്‍പ്പിക്കുന്ന പരിഷ്‌കാരങ്ങളില്‍ ഒന്നായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമെന്ന് വ്യക്തമാകുന്ന അനുഭവങ്ങളാണുണ്ടായത്. നിരോധിത നോട്ടുകളുമായി ക്യൂവില്‍ നില്‍ക്കുമ്പോഴും ജീവിതം വഴിമുട്ടിയും വിനിമയത്തിലുള്ള നോട്ടുകള്‍ യഥാസമയം ലഭ്യമാകാതെയും രാജ്യത്ത് ഇരുനൂറിലധികം പേരാണ് മരിച്ചുവീഴുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്ത്. സമ്പദ്ഘടനയുടെ എല്ലാ മേഖലയേയും നോട്ടുനിരോധനം തകര്‍ത്തെറിഞ്ഞു. അതിസമ്പന്നരായ ചിലരൊഴികെ ഇടത്തരക്കാരും സാധാരണക്കാരും തൊഴിലാളികളും ജീവനക്കാരും കര്‍ഷകരും വ്യാപാരികളും വ്യവസായികളുമുള്‍പ്പെടെ ജീവിതത്തിന്റെ എല്ലാ മേഖലയേയും ഗുരുതരമായ പ്രതിസന്ധിയിലേയ്ക്ക് തള്ളിവിട്ട ഒന്നായാണ് നോട്ടുനിരോധനം ഇന്ത്യയില്‍ അനുഭവവേദ്യമായത്.
സാമ്പത്തികമേഖലയുടെ തകര്‍ച്ചയ്ക്കും ധനപ്രതിസന്ധിക്കും ശേഷവും നോട്ടുനിരോധനത്തിന്റെ യഥാര്‍ഥ ഗുണഫലം ഇന്ത്യ കൈവരിച്ചുവെന്ന വ്യാജ അവകാശവാദമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയും കൂട്ടരും ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. രാജ്യത്ത് കള്ളപ്പണവും അനധികൃത സാമ്പത്തിക മേഖലയും ഇന്ത്യന്‍ സമ്പദ്ഘടനയുടെ മാറാരോഗമാണെന്നും അതിന് പരിഹാരമാണ് നോട്ടുനിരോധനമെന്നായിരുന്നു ഈ പ്രഖ്യാപനം നടത്തുമ്പോള്‍ നോട്ടുനിരോധനത്തിന്റെ പ്രധാനലക്ഷ്യമായി മോഡി വിശദീകരിച്ചിരുന്നത്. അതോടൊപ്പം തന്നെ കള്ളവും കള്ളനോട്ടുമാണ് ഇന്ത്യയിലെ തീവ്രവാദത്തിന്റെ ശക്തിസ്രോതസെന്നും അതിനും ഇതൊരു പരിഹാരമാണെന്നും അദ്ദേഹം പറയുകയുണ്ടായി. അഴിമതി തടയാനുള്ള ഒറ്റമൂലിയാണിതെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി.
എല്ലാ വാദങ്ങളും നിരര്‍ഥകമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചു വന്നതായാണ് റിപ്പോര്‍ട്ടിലുള്ളത്. 15.41 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് ആകെ അസാധുവാക്കിയത്. പ്രചാരത്തിലുണ്ടായിരുന്നതില്‍ 1.5 മുതല്‍ 3.5 ലക്ഷം കോടിവരെ തിരിച്ചെത്തില്ലെന്നും അവ കള്ളപ്പണവും വ്യാജനോട്ടുകളുമായിരിക്കുമെന്നുമായിരുന്നു നോട്ടുനിരോധനത്തെ തുടര്‍ന്ന് മോഡിയും മോഡി പ്രചാരകരും ബിജെപി നേതാക്കളും വീമ്പിളക്കിയിരുന്നത്. എസ്ബിഐയുടെ സാമ്പത്തിക ഗവേഷണ വിഭാഗം 2.5 ലക്ഷം കോടിയും നീതി ആയോഗ് അംഗം മുതിര്‍ന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍ വിവേക് ദെബ്രോയ് പത്ത് ശതമാനം അതായത് 1.6 ലക്ഷം കോടിയുടെ നോട്ടുകള്‍ തിരികെയെത്തില്ലെന്നുമാണ് പറഞ്ഞിരുന്നത്. എന്നാല്‍ കേവലം 10,720 കോടിയുടെ നോട്ടുകള്‍ മാത്രമാണ് തിരിച്ചെത്താതിരുന്നതെന്നാണ് ഇപ്പോള്‍ ഇന്ത്യയിലെ കേന്ദ്രബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്.
എന്നുമാത്രമല്ല മറ്റൊരു കാര്യം കൂടി ഇപ്പോള്‍ വിലയിരുത്തേണ്ടതുണ്ട്. അത് നോട്ട് ഇടപാടുകള്‍ക്കു പകരം ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചുവരുന്നുവെന്ന പൊള്ളയായ അവകാശവാദമായിരുന്നു. അതും നിരര്‍ഥകമാണെന്ന് റിപ്പോര്‍ട്ടിന്റെ മറ്റൊരു ഭാഗമായുണ്ട്. രാജ്യത്ത് നോട്ട് ഉപയോഗത്തില്‍ വന്‍ വര്‍ധനയുണ്ടായി എന്നതാണത്. 2018 മാര്‍ച്ച് 31 ന് 18.04 ലക്ഷമായി ഉയര്‍ന്നിരിക്കുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 37 ശതമാനത്തിലധികമാണിത്. മറ്റൊരു വ്യാജപ്രചാരണം കൂടി പൊളിയുകയാണിതിലൂടെ.
ഒന്നര വര്‍ഷത്തിന് ശേഷം അങ്ങനെയൊരു റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ അത് യഥാര്‍ഥത്തില്‍ മോഡിക്കുനേരെയുള്ള കൊഞ്ഞനം കുത്തല്‍ കൂടിയാണ്. എന്നുമാത്രമല്ല മോഡി പറഞ്ഞതെല്ലാം കള്ളമാണെന്നും വിലയിരുത്താനാകും. നോട്ടുനിരോധനത്തിന് ശേഷമുള്ള ഒന്നേമുക്കാല്‍ വര്‍ഷത്തിനിടയില്‍ കള്ളപ്പണം ഒരു രൂപ പോലും കണ്ടെത്താനായില്ലെന്നുമാത്രമല്ല അഴിമതിക്കോ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കോ ഒരു തരിപോലും നിയന്ത്രണമുണ്ടാക്കാനുമായിട്ടില്ലെന്ന് വര്‍ത്തമാനകാല ഇന്ത്യ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.
രാജ്യത്തിന്റെ പരമ്പരാഗത മേഖല, അസംഘടിത തൊഴില്‍സേന, വ്യാവസായിക — വ്യാപാര രംഗം, കാര്‍ഷിക ജീവിതം എല്ലാം തകര്‍ത്തുവെന്നതാണ് നോട്ടുനിരോധനത്തിന്റെ അനന്തരഫലം. കൂടാതെ രാജ്യത്തിന്റെ വളര്‍ച്ച നിരക്ക് പിറകോട്ട് പോയി. ഇത്തരം ഭീകരമായ ദുരിതങ്ങള്‍ക്ക് കാരണമായ നോട്ടുനിരോധനം നടപ്പിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോഡി മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തതെന്നാണ് റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് തെളിയിക്കുന്നത്. ഇനിയെങ്കിലും കുറ്റസമ്മതം നടത്തി രാജ്യത്തോട് മാപ്പ് പറയാന്‍ മോഡി തയ്യാറാകണം. സാമ്പത്തിക ശക്തിയായി വളരുന്നുവെന്ന് അവകാശപ്പെടുന്ന രാജ്യം തളരുകയും തകര്‍ച്ചയെ അഭിമുഖീകരിക്കുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ വലിയ പ്രതിഷേധങ്ങളും വളര്‍ന്നുവരേണ്ടതുണ്ട്.