29 March 2024, Friday

കുട്ടികളില്‍ അജ്ഞാത കരള്‍ രോഗം പടരുന്നു

Janayugom Webdesk
ജനീവ
April 27, 2022 10:18 pm

കുട്ടികളില്‍ അജ്ഞാത കരള്‍ രോഗം പടരുന്നു. യുകെ, യുഎസ് തുടങ്ങി പത്ത് രാജ്യങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി ലോകാരോഗ്യ സംഘടന പറയുന്നു. ഈ മാസം 21 വരെ ഒരു മാസം മുതല്‍ 16 വയസുവരെ പ്രായമുളള 169 കുട്ടികളിലാണ് ഈ രോഗം കണ്ടെത്തിയിരിക്കുന്നത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് യുകെയിലാണ്. മഞ്ഞപ്പിത്ത ബാധയാണ് ഈ കുട്ടികളില്‍ പൊതുവായി കണ്ടെത്തിയിട്ടുള്ളത്.
പനി, ചുമ, സാധാരണ ജലദോഷം, വരണ്ട തൊണ്ട, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമായ അഡ്നോവൈറസി (എഫ്14) ന്റെ സാന്നിധ്യമാണ് രോഗബാധിതരില്‍ കണ്ടെത്തിയിട്ടുള്ളത്. രോഗം ബാധിച്ചവരില്‍ ഭൂരിപക്ഷവും അഞ്ച് വയസും അതില്‍ കുറവ് പ്രായമുളളവരുമാണ്. പനി, വയറുവേദന, ഛര്‍ദ്ദി, വയറിളക്കം, മഞ്ഞനിറമുള്ള മൂത്രം, തൊലിയില്‍ ചൊറിച്ചില്‍, സന്ധി വേദന തുടങ്ങിയ ലക്ഷണങ്ങളാണ് രോഗബാധിതരില്‍ കൂടുതല്‍ കണ്ടെത്തിയത്.

ആമാശയത്തിന്റെയും കുടലിന്റെയും വീക്കംമൂലം സംഭവിക്കുന്ന വയറിളക്കവും ഓക്കാനവുമാണ് കൂടുതല്‍ കേസുകളിലും ആദ്യം പ്രകടമാകുന്നത്. പിന്നീട് മഞ്ഞപ്പിത്ത ബാധയും കണ്ടെത്തുന്നു. ആരോഗ്യമുള്ള കുട്ടികളില്‍ പെട്ടെന്നാണ് മഞ്ഞപ്പിത്ത ബാധ കണ്ടെത്തുന്നത്. രോഗാവസ്ഥ സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തിവരികയാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ)യിലെ ഡോ. മീര ചന്ദ് പറയുന്നു
ഈ മാസം അ‍ഞ്ചിന് സ്കോട്ട്‌ലാന്‍ഡില്‍ 10 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് ദിവസത്തിനു ശേഷം യുകെയില്‍ 74 കുട്ടികളില്‍ രോഗബാധ കണ്ടെത്തി. ഏപ്രില്‍ 21 വരെ മാത്രം യുകെയില്‍ 114 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 10 പേരെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കുകയും ചെയ്തു. സ്പെയിന്‍ (13), ഇസ്രയേല്‍ (12), യുഎസ്(ഒമ്പത്) എന്നിങ്ങനെയാണ് കണക്ക്. ഡെന്‍മാര്‍ക്ക്, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, ഇറ്റലി, നോര്‍വേ, ഫ്രാന്‍സ്, റൊമാനിയ, ബെല്‍ജിയം എന്നിവിടങ്ങളില്‍ മൊത്തം 21 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സാധാരണയായി അഡ്നോവൈറസ് ബാധ കണ്ടെത്തുന്ന കുട്ടികളില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ പ്രകടമാകാറില്ല. എന്നാല്‍ ഈ പുതിയ കേസില്‍ ഇത് മറിച്ചാണ്. അഡ്നോവൈറസ് ബാധയെ തുടര്‍ന്ന് കരള്‍വീക്കം ഉണ്ടാകുന്നത് അപൂര്‍വമാണെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ഗവേഷണങ്ങളും നടന്നുവരികയാണ്.

Eng­lish Sum­ma­ry: Undi­ag­nosed liv­er dis­ease in children

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.