February 3, 2023 Friday

Related news

January 16, 2023
January 5, 2023
January 1, 2023
December 19, 2022
December 1, 2022
November 8, 2022
September 11, 2022
September 4, 2022
August 23, 2022
July 17, 2022

തൊഴിലില്ലായ്മയും കാര്‍ഷിക സാങ്കേതികവല്‍ക്കരണവും

നീലാഞ്ജന്‍ ബനിക്
August 10, 2021 5:22 am

കോവിഡ് 19 ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് കടുത്ത ആഘാതമാണ് ഏല്പിച്ചത്. സമ്പദ്ഘടനയുടെ വലിപ്പം (ജിഡിപിയെന്ന് വായിക്കാം) 2019–20ല്‍ 2.87 ട്രില്യണ്‍ ഡോളറായിരുന്നത് 20–21ല്‍ 2.66 ട്രില്യണ്‍ ഡോളറായി ചുരുങ്ങി. ജിഡിപി വളര്‍ച്ചയും നാലുശതമാനത്തില്‍ നിന്ന് മൈനസ്(വിപരീതം) എട്ടിലേക്ക് താണു. ഈ വര്‍ഷം ആദ്യം സമ്പദ്ഘടന നേരിയ വളര്‍ച്ച കൈവരിക്കുമെന്നും ഒമ്പതു ശതമാനമെങ്കിലും ആകുമെന്നും പ്രവചിക്കപ്പെട്ടിരുന്നെങ്കിലും പുതുക്കിയ കണക്കുകള്‍ പ്രകാരം ഇടിവാണ് സംഭവിക്കുകയെന്നും ആറുശതമാനം വളര്‍ച്ചയേ ഉണ്ടാകൂ എന്നുമുള്ള പുതിയ പ്രവചനങ്ങള്‍ ഉണ്ടായിരിക്കുന്നു. നേരിയ തോതില്‍ മാത്രമുള്ള ഈ വളര്‍ച്ച വിപുലമായി ബാധിക്കുവാന്‍ പോകുന്നത് വരുമാന സൃഷ്ടിയിലും വിതരണത്തിലുമാണ്. കുറച്ച് എണ്ണം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. പക്ഷേ സമൂഹത്തില്‍ അസമത്വം കൂടുതല്‍ രൂക്ഷമാവുകയാണ്. സമ്പന്നര്‍ അതിസമ്പന്നരായി മാറുകയും അതേസമയം ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായി തീരുകയും ചെയ്യുന്നു. അഡാനിയുടെയും അംബാനിയുടെയും സമ്പത്തിന്റെ വികാസം തന്നെ ഇതിന് ഉദാഹരണമായി എടുക്കാവുന്നതാണ്.

എങ്കിലും ഈ സാമ്പത്തിക പ്രതിസന്ധിക്ക് കോവിഡ് 19 നെ എത്രത്തോളം കുറ്റപ്പെടുത്തുവാന്‍ കഴിയുമെന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. സാമ്പത്തികശാസ്ത്ര ഭാഷയില്‍ പറഞ്ഞാല്‍ ബാഹ്യമായി വലിയ തിരിച്ചടിയാണ് കോവിഡ് 19 സൃഷ്ടിച്ചത്. അത് ഏത് നയരൂപകര്‍ത്താവിനെ സംബന്ധിച്ചും നിയന്ത്രണാതീതമായിരുന്നുതാനും. എന്നാല്‍ ഇത്തരമൊരു ദുരന്തം ഉണ്ടായിരുന്നില്ലെങ്കില്‍ എന്താണ് സംഭവിക്കുമായിരുന്നത്. കാര്യങ്ങള്‍ എങ്ങനെയാണ് വികസിക്കുക. വിശാലമായ സാങ്കേതിക വിദ്യയെ ഉപയോഗിക്കുകയെന്നത് ചെറിയ കാര്യമല്ലെന്നത് പരിഗണിക്കുക. തൊഴിലവസര സൃഷ്ടിക്ക് പ്രധാന ഘടകമാണ് ഉല്പാദനക്ഷമത. അതിന് രണ്ടുവഴികളാണുള്ളത്. ഒന്ന്, ലോകത്തെ മറ്റ് രാജ്യങ്ങളിലില്ലാത്തവിധം നമ്മുടെ തൊഴിലാളികള്‍ ഉണ്ടാക്കുന്ന ഉല്പന്നങ്ങള്‍. ജനങ്ങള്‍ അവ വാങ്ങുകയും ഇന്ത്യയില്‍ കൂടുതല്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് ആവര്‍ത്തിക്കുകയും ചെയ്യും. ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ ആ സ്ഥിതിയില്ല.

രണ്ടാമത്തെ വഴി കുറഞ്ഞ വിലയ്ക്കുള്ള ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുകയും സേവനങ്ങള്‍ നല്കുകയും ചെയ്യുകയെന്നുള്ളതാണ്. അങ്ങനെയെങ്കില്‍ അവയും ലോകം വാങ്ങിക്കൊള്ളും. ഇതുവരെ അക്കാര്യത്തിലും ഇന്ത്യ കൂടുതലായി എന്തെങ്കിലും ചെയ്യുന്നില്ല. കുറഞ്ഞ വിലയിലുള്ള വസ്തുക്കള്‍ ഉല്പാദിപ്പിക്കുന്ന കാര്യത്തില്‍ ചൈനയെയും നൂതനമായവ ഉല്പാദിക്കുന്നതില്‍ യുഎസിനെയും താരതമ്യം ചെയ്യാന്‍ നാം സമയം വളരെയധികം പാഴാക്കിയവരാണ്. ഇന്ത്യയുടെ തൊഴില്‍ ഉല്പാദന ക്ഷമത — മണിക്കൂറിലെ തൊഴിലിനനുസരിച്ചുള്ള സാമ്പത്തിക ഉല്പാദനം — യുഎസിനെ അപേക്ഷിച്ച് കേവലം 15 ശതമാനം മാത്രമാണ്. ലോക കയറ്റുമതി മാര്‍ക്കറ്റില്‍ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ചൈന വളരെയധികം മുന്നിലുമാണ്. സാങ്കേതിക അപര്യാപ്തതയാണ് മറ്റെന്തിനെക്കാളും ഇന്ത്യന്‍ സമ്പദ്ഘടനയെ ബാധിച്ചിട്ടുള്ളത്. രാജ്യത്ത് സ്ഥിരമായ മൂലധന രൂപീകരണം കുറയുകയാണെന്നാണ് കണക്കുകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ വ്യക്തമാകുന്നത്. മൂലധന രൂപീകരണ വളര്‍ച്ച 2004-08 കാലയളവില്‍ 17.5 ശതമാനമെന്ന ഉയര്‍ന്ന നിരക്കിലായിരുന്നുവെങ്കില്‍ കോവിഡിന് മുമ്പുള്ള 2019 കാലത്ത് 5.1 ശതമാനത്തിലെത്തുകയും 2020ല്‍ ‑12 (നെഗറ്റീവ് 12) ശതമാനമായി ഇടിയുകയും ചെയ്തു.

കോവിഡ് മഹാമാരി വിനാശകരമായ പങ്കു വഹിച്ചുവെങ്കിലും നിക്ഷേപത്തിന്റെ മൂല്യം കുറയുന്നതിനുള്ള പ്രധാന കാരണമായത് വിവര സമാഹരണത്തിലെ കുറവുതന്നെയാണ്, സാങ്കേതിക വിദ്യ വിവര സമാഹരണത്തെ കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ടെങ്കിലും. ഇത് സ്വകാര്യ നിക്ഷേപങ്ങളുടെ ചെലവ് കുറയ്ക്കുകയും നിശ്ചിത മൂലധന രൂപീകരണത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്തു. കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായിരുന്ന രീതിയിലല്ല ഇപ്പോള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. കഴിഞ്ഞ നൂറ്റാണ്ടില്‍ സാങ്കേതിക വിദ്യ കൂടുതല്‍ ഉല്പാദനത്തിനായി തൊഴില്‍ ശക്തിയെ സഹായിക്കുക മാത്രമായിരുന്നു. കൂടുതല്‍ ഉല്പാദന ക്ഷമതയുള്ള തൊഴില്‍ ശക്തിയെ സൃഷ്ടിക്കുവാനും സാമ്പത്തിക വളര്‍ച്ച കൈവരിക്കുവാനും വൈദ്യുതി, ഇന്ധന യന്ത്രങ്ങള്‍, ശീതീകരണികള്‍ തുടങ്ങിയവയുടെ സഹായം ലഭിച്ചു. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇപ്പോള്‍ സ്ഥിതിഗതികള്‍ ആകെ മാറിയിരിക്കുന്നു. വന്‍തോതിലുള്ള വിവര വിശകലനത്തിന്റെയും സാങ്കേതിക വിദ്യയുടെയും ആഴത്തിലുള്ള പഠനത്തിന്റെയും ഈ കാലത്ത് മനുഷ്യര്‍ നടത്തിയിരുന്ന തൊഴിലുകള്‍ സാങ്കേതികവിദ്യ ഏറ്റെടുത്തിരിക്കുന്നു. സാങ്കേതികവിദ്യ അതിദ്രുതം വികസിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് തൊഴില്‍ എങ്ങനെയുണ്ടാകുമെന്നോ ഭാവിയില്‍ എന്ത് തൊഴിലായിരിക്കുമെന്നോ ആര്‍ക്കും പറയാന്‍ പോലുമാകില്ല.

രോഗികളുടെ ശരീരത്തില്‍ നിക്ഷേപിക്കുന്ന ഗുളികകളിലൂടെ അകത്തുള്ള വിവരങ്ങള്‍ ബ്ലൂടൂത്ത് വഴി ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്ന സാങ്കേതികവിദ്യ യുഎസില്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. മൊബൈല്‍ ഫോണ്‍ സെറ്റിന്റെ ശക്തി കണക്കാക്കിയാല്‍ അത് മനുഷ്യന്റെ തലച്ചോറിന് സമാനമാണെന്നാണ് നിരീക്ഷണം. 35,000 ഡോളര്‍ മാത്രം വിലമതിക്കുന്ന എഞ്ചിനില്ലാ വൈദ്യുതകാറുകള്‍ പുറത്തിറക്കുമെന്ന് ടെല്‍സ അടുത്തകാലത്ത് പ്രഖ്യാപിക്കുകയുണ്ടായി. വാഹന വ്യവസായ മേഖലയിലെ മുഴുവന്‍ ഊര്‍ജ്ജതന്ത്രത്തെയും മാറ്റിമറിക്കുന്നതായിരിക്കും ഇത്. ഉല്പാദന മേഖലയിലെ നിയന്ത്രണം മുഴുവന്‍ റോബോട്ടുകള്‍ ഏറ്റെടുക്കുന്ന നിര്‍ണായകമായ സാമൂഹിക വ്യതിചലനമാണ് സംഭവിക്കുവാന്‍ പോകുന്നത്.

എന്നാല്‍ ഭൂരിഭാഗം ഇന്ത്യക്കാരും അവരുടെ ജീവനോപാധിയായി കാണുന്ന കാര്‍ഷിക മേഖലയില്‍ അതിന്റെ സാധ്യത സങ്കീര്‍ണമെന്നതിനെക്കാള്‍ വളരെ വിപുലമാണ്. ഇവിടുത്തെ കര്‍ഷകര്‍ സാങ്കേതിക വിദ്യയ്ക്കു പകരം കൂടുതല്‍ ഭൂമി, തൊഴിലാളികള്‍, മൃഗങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് ഇപ്പോഴും വിളകളുണ്ടാക്കുന്നത്. ഒരു ഹെക്ടര്‍ ഭൂമിയിലെ ഉല്പാദനത്തിന്റെ സാധാരണ കണക്കു പ്രകാരമുള്ള ഉല്പാദന ക്ഷമത ദീര്‍ഘകാലമായി താഴ്ന്ന നിലയില്‍ തുടരുകയാണ്. ഇന്ത്യയിലെ കര്‍ഷകരുടെ ഉരുളക്കിഴങ്ങിന്റെ ഉല്പാദന ക്ഷമത യുഎസ്, ജര്‍മനി, നെതര്‍ലന്റ്സ് എന്നിവിടങ്ങളിലേതിന്റെ പകുതിയില്‍താഴെ മാത്രമാണ്. അരിയുടെ കാര്യത്തില്‍ യുഎസ്, ഈജിപ്ത് എന്നിവയെയും ഗോതമ്പിന്റേതില്‍ ബ്രിട്ടന്‍, ഈജിപ്ത് എന്നിവയെയും താരതമ്യം ചെയ്യുമ്പോഴും അവിടെയുള്ള ഉല്പാദന ക്ഷമതയുടെ പകുതി മാത്രമാണ്.

ഇന്ത്യയിലെ കര്‍ഷകരില്‍ 83 ശതമാനവും നാമമാത്ര — ചെറുകിട (രണ്ട് ഹെക്ടറോ അതില്‍താഴെയോ മാത്രം ഭൂമിയുള്ള) കര്‍ഷകരായതിനാല്‍ അവര്‍ക്ക് സാങ്കേതികവിദ്യയെക്കുറിച്ച് മനസിലാക്കുന്നതിനുള്ള സൗകര്യങ്ങളില്ലെന്നതാണ് പ്ര­ധാന പ്രശ്നം. അതുകൊണ്ട് കാര്‍ഷിക മേഖലയെ സാങ്കേതിക വിദ്യയുമായി കൂട്ടിയോജിപ്പിക്കുകയെന്നത് തൊഴിലവസരങ്ങളും വരുമാനവും വര്‍ധിപ്പിക്കുന്നതിനുള്ള അടിയന്തരമായ കടമയാകണം. ന്യായവിലയെക്കുറിച്ച് ബോധ്യമില്ലാത്ത താഴേതലത്തിലുള്ള കര്‍ഷകര്‍ കുറഞ്ഞതാങ്ങുവിലയ്ക്ക് നന്ദി പറയുകയും കുറ‍ഞ്ഞ ഉല്പാദന ക്ഷമതയുള്ളവ മാത്രം ഉല്പാദിപ്പിക്കുകയും അരി, ഗോതമ്പ് പോലുള്ള കുറഞ്ഞ വില ലഭിക്കുന്നവ കൃഷി ചെയ്യുകയും ചെയ്യുന്നു.

അമ്പതു ശതമാനത്തോളം പേര്‍ കാര്‍ഷികവൃത്തിയില്‍ നിന്ന് വരുമാനമുള്ളവരായ ഒരു രാജ്യത്ത് കുറ‍ഞ്ഞ ഉല്പാദന ക്ഷമതയും കുറഞ്ഞ സാങ്കേതികതയുമുണ്ടാകുമ്പോള്‍ കുറഞ്ഞ ആളോഹരി വരുമാനത്തിനും കാരണമാകുന്നു. ഉല്പാദന വര്‍ധനയ്ക്ക് ഏറ്റവും ആവശ്യമുള്ളത് നൈപുണിയാണ്. അത് ഉണ്ടാക്കുന്നതില്‍ നമ്മുടെ സര്‍വകലാശാലകള്‍ അവരുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നില്ല. 2010ന് ശേഷം സ്വകാര്യ സര്‍വകലാശാലകളുടെ എണ്ണത്തില്‍ 50 ശതമാനത്തിന്റെ വര്‍ധനയുണ്ടാകുകയും ഇപ്പോള്‍ ഏകദേശം ആയിരത്തോളമായിരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ സര്‍വകലാശാലകളില്‍ മിക്കതും സാങ്കേതിക വിദ്യയെയും ആധുനിക വ്യവസായത്തെയും കുറിച്ച് അല്പമായ പരിഗണന മാത്രം നല്കിക്കൊണ്ട് പഴയകാല പാഠ്യപദ്ധതിയില്‍തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ കുറച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും കുറച്ചു ബിരുദധാരികള്‍ക്ക് മാത്രം തൊഴില്‍ ലഭ്യമാവുകയും ചെയ്യുന്നു. ആകെ ജോലിക്ക് അപേക്ഷിക്കുന്നവരില്‍ ലഭിക്കുന്നതിന്റെ പ്രതിദിന കണക്ക് രണ്ടുശതമാനം മാത്രമാണ്. അതുകൊണ്ടുതന്നെ ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെ അപേക്ഷിച്ചും ഇന്ത്യ ഒരു കുഴഞ്ഞ സമ്പദ്ഘടനയായി പരിണമിച്ചിരിക്കുന്നു.

തൊഴില്‍വിപണിയില്‍ കൂടുതല്‍ ആളുകളുണ്ടെന്നതിനാല്‍ തന്നെ കുറഞ്ഞകാല കരാര്‍ജോലികളും സ്വതന്ത്ര തൊഴിലുകളും വ്യാപകമാകുന്നുവെന്നതാണ് ഇതിന്റെ പരിണതി. ഇത്തരത്തിലുള്ള തൊഴിലുകളാകട്ടെ കുറ‍ഞ്ഞ വേതനം ലഭിക്കുന്നവര്‍ ആയതിനാല്‍ വരുമാനത്തിലെ അസമത്വം വര്‍ധിക്കുന്നു. ഈ വര്‍ഷം ഇന്ത്യയിലെ തൊഴിലില്ലായ്മ എട്ടു ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. 2019–20ല്‍ 39.8 കോടിയായിരുന്ന തൊഴിലില്ലായ്മ 20–21 വര്‍ഷത്തില്‍ 40.4 കോടിയായി. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രധാനമാര്‍ഗം (കൂടുതല്‍ വരുമാനത്തിനും) സാങ്കേതിക വിദ്യയെ സ്വീകരിക്കുകയും യുവതലമുറയുടെ നൈപുണ്യത്തെ ഉപയോഗിക്കുകയും ചെയ്യുകയെന്നതുതന്നെയാണ്. ഉല്പാദനക്ഷമത ഉയര്‍ത്തുന്നതിനുള്ള അനിവാര്യഘടകമാണ് സാങ്കേതിക വിദ്യ. സാങ്കേതിക നവീകരണം നടത്തിയാല്‍ 90 ശതമാനത്തോളം പേരുടെ വരുമാന വര്‍ധന സംഭവിക്കുമെന്നതുകൊണ്ട് സാങ്കേതിക വിദ്യയെ ഉള്‍ക്കൊള്ളുന്നതിനുള്ള തന്ത്രമാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിക്കേണ്ടത്.

(ഇന്ത്യ പ്രസ് ഏജന്‍സി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.