14 October 2024, Monday
KSFE Galaxy Chits Banner 2

Related news

September 1, 2024
September 1, 2024
July 12, 2024
July 10, 2024
July 6, 2024
July 5, 2024
July 4, 2024
May 21, 2024
April 11, 2024
March 27, 2024

ഇന്ത്യയില്‍ തൊഴിലില്ലായ്മ രൂക്ഷമാകും; പത്തുവര്‍ഷത്തിനിടെ 1.2 കോടി ജോലി സൃഷ്ടിക്കണം

Janayugom Webdesk
ന്യൂഡല്‍ഹി
July 6, 2024 8:45 pm

വളര്‍ച്ചാനിരക്ക് കുതിച്ചുയര്‍ന്നാലും ഇന്ത്യയില്‍ തൊഴിലില്ലായ്മ രൂക്ഷമാകുമെന്ന് റിപ്പോര്‍ട്ട്. ഏഴ് ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയാലും വരുന്ന പത്തുവര്‍ഷത്തിനിടെ തൊഴിലില്ലാത്തവരുടെ എണ്ണവും കുതിക്കുമെന്ന് സിറ്റിഗ്രൂപ്പ് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും സാമ്പത്തിക വിദഗ്ധരായ സമീരന്‍ ചക്രവര്‍ത്തിയും ബഖര്‍ സെയ്ദിയും ഈ ആഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
വരുന്ന ദശകത്തിലെ തൊഴിലില്ലായ്മ നേരിടാന്‍ പ്രതിവര്‍ഷം 1.2 കോടി തൊഴിലവസരങ്ങള്‍ പുതിയതായി സൃഷ്ടിക്കേണ്ടിവരുമെന്നും സിറ്റി ഗ്രൂപ്പിന്റെ പഠനത്തില്‍ പറയുന്നു. നിലവിലെ വളര്‍ച്ചാ നിരക്കിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് പ്രതിവര്‍ഷം 80–90 ലക്ഷം തൊഴിലവസരങ്ങള്‍ മാത്രമേ സൃഷ്ടിക്കാനാകൂ. 

രാജ്യത്ത് സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളുടെ ഗുണനിലവാരം മറ്റൊരു വെല്ലുവിളിയാണെന്നും സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞു. മൊത്ത ആഭ്യന്തര ഉല്പാദനത്തില്‍ 20 ശതമാനത്തില്‍ താഴെ സംഭാവന നല്‍കുന്ന കാര്‍ഷിക മേഖലയിലാണ് 46 ശതമാനം തൊഴിലാളികളും ജോലി ചെയ്യുന്നതെന്നാണ് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം മൊത്തം തൊഴിലുകളുടെ 11.4 ശതമാനമായിരുന്നു നിര്‍മ്മാണ മേഖല. 2018ലേതിനേക്കാള്‍ കുറഞ്ഞ നിരക്കാണിത്. മഹാമാരിക്ക് ശേഷം ഈ മേഖല തിരിച്ചുവന്നിട്ടില്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. കൃത്യമായ തൊഴില്‍ പരിരക്ഷയിലും ശമ്പളത്തിലും ജോലി ചെയ്യുന്നവര്‍ 2023ല്‍ 25.7 ശതമാനമാണ്. എന്നാല്‍ ഇത് കഴിഞ്ഞ 18 വര്‍ഷത്തെ ഏറ്റവും കുറഞ്ഞനിരക്കാണ്. ആകെ തൊഴിലാളികളുടെ 21 ശതമാനമാണിത്. കോവി‍ഡ് മഹാമാരിക്ക് മുമ്പ് ഇത് 24 ശതമാനമായിരുന്നു, ഏകദേശം 122 ദശലക്ഷം പേര്‍. ഇന്ത്യയിലെ 582 ദശലക്ഷം തൊഴിലാളികളില്‍ പകുതിയിലധികവും സ്വയംതൊഴില്‍ ചെയ്യുന്നവരാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 

തൊഴിലില്ലായ്മയെക്കുറിച്ച് യുവാക്കളിലുള്‍പ്പെടെ ഉടലെടുത്ത ആശങ്കകളാണ് പൊതുതെരഞ്ഞെടുപ്പില്‍ മോഡി സര്‍ക്കാരിന് പ്രഹരമേല്‍പ്പിച്ചത്.
ഔദ്യോഗിക കണക്കുകളില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമാണ്. എന്നാല്‍ സ്വകാര്യ ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇക്കണോമിയുടെ കണക്കനുസരിച്ച് മേയ് മാസത്തെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 9.2 ശതമാനമാണ്. കഴിഞ്ഞ എട്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 20–24 വയസുള്ളവരുടെ എണ്ണം 40 ശതമാനത്തിലധികമാണെന്നും സിഎംഐഇയുടെ കണക്കുകള്‍ പറയുന്നു. അപൂര്‍ണമായ ഔദ്യോഗിക കണക്കുകള്‍ക്ക് പകരം സാമ്പത്തിക വിദഗ്ധര്‍ സിഎംഐഇയുടെ കണക്കുകളാണ് വിശകനത്തിന് ഉപയോഗിക്കുന്നത്.
നിര്‍മ്മാണ മേഖലയുടെ കയറ്റുമതി സാധ്യതകള്‍ വര്‍ധിപ്പിക്കുക, വിദേശകമ്പനികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള നയങ്ങള്‍ നടപ്പാക്കുക, പത്തുലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ഒഴിവുകള്‍ നികത്തുക , സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ രാജ്യത്തെ തൊഴിലില്ലായ്മയെ ഒരുപരിധിവരെ പരിഹരിക്കാന്‍ കഴിയുമെന്നും സിറ്റി ഗ്രൂപ്പിലെ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

Eng­lish Summary:Unemployment in India will wors­en; 1.2 crore jobs should be cre­at­ed in ten years
You may also like this video

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.