November 30, 2022 Wednesday

Related news

November 28, 2022
November 26, 2022
November 26, 2022
November 25, 2022
November 22, 2022
November 14, 2022
November 12, 2022
November 9, 2022
November 8, 2022
November 6, 2022

മോഡിഭരണത്തില്‍ രാജ്യത്ത് തൊഴിലില്ലായ്മ കുതിച്ചുയരുന്നു

Janayugom Webdesk
July 6, 2022 9:51 am

നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്‍റെ ഭരണത്തില്‍ രാജ്യത്ത്‌ തൊഴിലില്ലായ്‌മ കുതിച്ചുയരുന്നു. പൊതുമേഖല സ്ഥാപനങ്ങളെല്ലാം സ്വകാര്യ‑കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുത്തിരിക്കുകയാണ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന നിരവധി ആളുകളുടെ പ്രത്യേകിച്ചും അസംഘടിതമേഖലയിലുള്ളവരുടെ തൊഴില്‍ നഷ്ടമായിരിക്കുകയാണ്. ഒരുവർഷത്തെ ഉയർന്ന തൊഴിലില്ലായ്‌മാ നിരക്കാണ്‌ ജൂണിലേതെന്ന്‌ സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) റിപ്പോർട്ടിൽ പറഞ്ഞു. മേയിൽ മൊത്തം തൊഴിൽശക്തിയുടെ 7.1 ശതമാനമായിരുന്നു തൊഴിലില്ലായ്‌മാ നിരക്ക്‌. ജൂണിൽ ഇത്‌ 7.8 ആയി. ഒരു മാസത്തിനിടെ 1.3 കോടി തൊഴിൽ നഷ്ടപ്പെട്ടു.

ശമ്പളമുള്ള 20.5 ലക്ഷംപേർക്ക്‌ ജോലി പോയി. ഗ്രാമീണമേഖലയിലെ തൊഴിലില്ലായ്‌മ മേയിൽ 6.62 ശതമാനമായിരുന്നത്‌ ജൂണിൽ 8.03 ആയി. കാർഷികമേഖലയിൽമാത്രം 80 ലക്ഷത്തോളം തൊഴിൽ ഇല്ലാതായി. തോട്ടങ്ങളുമായി ബന്ധപ്പെട്ട ജോലിയാണ്‌ അധികവും നഷ്ടപ്പെട്ടത്‌. വിളക്കൃഷിയുമായി ബന്ധപ്പെട്ട്‌ 40 ലക്ഷം തൊഴിലവസരം സൃഷ്ടിക്കപ്പെട്ടെങ്കിലും 2020, 2021 വർഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവാണ്‌. അതേസമയം, നഗരങ്ങളിലെ തൊഴിലില്ലായ്‌മാ നിരക്ക്‌ മേയിൽ 8.21 ശതമാനമായിരുന്നത്‌ ജൂണിൽ 7.30 ആയെന്നും സിഎംഐഇ സിഇഒ മഹേഷ്‌വ്യാസ്‌ പറയുന്നു.എട്ടു വർഷത്തെ നരേന്ദ്ര മോഡി ഭരണത്തിൽ രാജ്യം ഏറെ പിന്നോട്ട് പോയിരിക്കുകയാണ്. തെലങ്കാനയിൽ സമാപിച്ച ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ അവതരിപ്പിച്ച പ്രമേയങ്ങളിലും രാജ്യത്തെ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്കൊന്നും യാതോരു പരിഹാരവും നിര്‍ദ്ദേശിക്കുന്നില്ല

അവതരിപ്പിച്ച പ്രമേയങ്ങള്‍ സര്‍ക്കാരിനെ പുകഴ്ത്താന്‍ മാത്രമുള്ളതായി മാറി. മോദി ഭരണത്തിൽ രാജ്യം സാമ്പത്തിക സുസ്ഥിരത നേടിയെന്നും പത്തുലക്ഷം തൊഴിൽ സൃഷ്ടിക്കൽ മാതൃകാപരമാണെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്‌ അവതരിപ്പിച്ച പ്രമേയം അവകാശപ്പെട്ടു. അഗ്നിപഥ്‌ പദ്ധതിയെയും പ്രമേയം വാഴ്‌ത്തി. രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്‌മ മറച്ചുവയ്‌ക്കുന്നതാണ്‌ പ്രമേയം.നടപ്പ്‌ സാമ്പത്തിക വർഷം അന്താരാഷ്‌ട്ര നാണയനിധിയടക്കം ജിഡിപി വളർച്ച നിരക്ക്‌ 8.2 ശതമാനത്തിൽ താഴെയാണ്‌ പ്രവചിക്കുന്നത്‌. 2023ൽ ആകട്ടെ 6.9 ശതമാനത്തിലേക്ക്‌ ഇടിയുമെന്നും മുന്നറിയിപ്പുണ്ട്‌. രൂപയുടെ മൂല്യം റെക്കോഡ്‌ ഇടിവ്‌ രേഖപ്പെടുത്തിയതിനോട്‌ ആഗോള പ്രതിഭാസത്തിന്റെ ഭാഗമെന്നായിരുന്നു മാധ്യമപ്രവർത്തകരോട്‌ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ പ്രതികരണം. 2022 ഓടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അഞ്ച്‌ ട്രില്യണാക്കുമെന്ന ബിജെപിയുടെ മുൻ പ്രഖ്യാപനത്തിൽ പ്രമേയം മൗനം പാലിച്ചു.2014ൽ അധികാരത്തിലെത്തുമ്പോൾ വാഗ്‌ദാനം ചെയ്‌ത പ്രതിവർഷം രണ്ടുകോടി തൊഴിലും സാമ്പത്തിക പ്രമേയത്തിലില്ല.

പകരം ഒഴിഞ്ഞുകിടന്ന പത്തുലക്ഷം ഒഴിവ്‌ നികത്തുന്നതിനെ പുത്തൻ തൊഴിൽ സൃഷ്ടിക്കലെന്ന പേരിൽ അവതരിപ്പിക്കുകയാണ്‌ ബിജെപി. തൊഴിലില്ലായ്‌മ നിരക്ക്‌ 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്‌. വാഗ്‌ദാനങ്ങൾ നിറവേറ്റാത്തതിനെ വിമർശിക്കുമ്പോൾ കോവിഡിനെ പഴിക്കുന്ന സമീപനമാണ്‌ ബിജെപിയുടേത്‌.എട്ടുവർഷവും അവശ്യസാധന വിലക്കയറ്റവും ഏറ്റവും രൂക്ഷമായിരുന്നു. കഴിഞ്ഞ വർഷംമാത്രം പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയിൽ 70 ശതമാനത്തിന്റെ വർധനയുണ്ടായി. പച്ചക്കറികൾക്ക് 20 ശതമാനവും പാചക എണ്ണയ്‌ക്ക്‌ വില 23 ശതമാനവും ധാന്യങ്ങൾക്ക്‌ എട്ട്‌ ശതമാനവുമാണ്‌ വിലവർധന.കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സമീപഭാവിയിൽ സർക്കാർ രൂപീകരിക്കുമെന്ന അവകാശവാദവുമായി ബിജെപി.

ഹൈദരാബാദിൽ സമാപിച്ച ദ്വിദിന ദേശീയ എക്‌സിക്യൂട്ടീവിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ അവതരിപ്പിച്ച രാഷ്‌ട്രീയ പ്രമേയത്തിലാണ്‌ പരാമർശം. കേരളത്തിനു പുറമെ തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളും പശ്ചിമ ബംഗാൾ, ഒഡിഷയുമാണ്‌ ബിജെപിയുടെ ഉന്നമെന്ന്‌ പ്രമേയം വ്യക്തമാക്കുന്നു. ഏറെക്കാലമായി കടന്നുകയറാൻ ശ്രമിച്ചിട്ടും കേരളമടക്കം ഉയർത്തുന്ന രാഷ്‌ട്രീയ പ്രതിരോധം ചർച്ചയായി. തെലങ്കാനയിൽ ടി ആർ എസ്‌ സർക്കാരിനെ അടുത്ത തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുമെന്നും ഷാ വെല്ലുവിളിച്ചു. എന്നാല്‍ തെലുങ്കാനയില്‍ നിന്നും നിരവധി ബിജെപി നേതാക്കളും, പ്രവര്‍ത്തകരുമാണ് പാര്‍ട്ടി വിട്ട് പുറത്തു പോയിരിക്കുന്നത്

Eng­lish Sum­ma­ry: Unem­ploy­ment in the coun­try has sky­rock­et­ed under the Modi regime

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.