രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് ജൂണില്‍ 7.8 ശതമാനമായി ഉയർന്നു. മേയില്‍ 7.12 ശതമാനം ആയിരുന്നു തൊഴിലില്ലായ്മാ നിരക്ക്.
സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്തം തൊഴിലവസരങ്ങൾ മേയില്‍ 40.4 കോടി ആയിരുന്നു. ജൂണില്‍ 1.3 കോടിയിലധികം കുറഞ്ഞ് 39 കോടിയായി.
ലോക്ഡൗൺ ഇല്ലാത്ത മാസങ്ങളില്‍ തൊഴിലവസരങ്ങളിലുണ്ടായ ഏറ്റവും വലിയ ഇടിവാണ് ഇതെന്ന് സംഘടനയുടെ മാനേജിങ് ഡയറക്ടർ മഹേഷ് വ്യാസ് ബിസിനസ് സ്റ്റാന്റേർഡിലെ ലേഖനത്തിൽ പറയുന്നു. ഗ്രാമങ്ങളിലെ തൊഴിലില്ലായ്മയാണ് ജൂണിലെ നിരക്ക് വർധിക്കാൻ കാരണമെന്നും റിപ്പോർട്ട് പറയുന്നു. ഗ്രാമീണ തൊഴിലില്ലായ്മ മേയില്‍ 6.62 ശതമാനമായിരുന്നു. ഇത് ജൂണിൽ 8.03 ശതമാനമായി ഉയർന്നു. അതേസമയം, നഗരങ്ങളിലെ തൊഴിലില്ലായ്മ ഇക്കാലയളവില്‍ 8.21 ൽ നിന്ന് 7.30 ശതമാനമായി കുറഞ്ഞു.
ജൂൺ ആദ്യപകുതിയില്‍ രാജ്യത്ത് മഴ സാധാരണയെക്കാൾ 32 ശതമാനം കുറവായിരുന്നു, ഇത് വയലുകളിലെ തൊഴിൽ മന്ദഗതിയിലാക്കി. വരും ആഴ്ചകളിൽ മൺസൂൺ വേഗത്തിലാകുന്നതോടെ ഗ്രാമീണ മേഖലയിലെ തൊഴിൽ പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു. സിഎംഐഇ യുടെ കണക്കനുസരിച്ച് ജൂണിൽ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക് ഹരിയാനയിലാണ് 30.6 ശതമാനം. തൊട്ടുപിന്നാലെ രാജസ്ഥാൻ 29.8, ജമ്മു കശ്മീർ 7.2 ശതമാനം. മധ്യപ്രദേശിലാണ് (0.5) ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മാ നിരക്ക്. പുതുച്ചേരി 0.8, ഛത്തീസ്ഗഡ്, ഒഡിഷ 1.2 വീതം എന്നിവയിലും കുറഞ്ഞ നിരക്കാണ്.
ലോകബാങ്കിന്റെ 2021ലെ കണക്കുകൾ പ്രകാരം, ഇന്ത്യയിലെ തൊഴിലെടുക്കുന്ന പ്രായത്തിലുള്ളവരില്‍ 43 ശതമാനം പേർക്ക് മാത്രമേ ജോലിയുള്ളൂ. ഇക്കാര്യത്തില്‍ ബംഗ്ലാദേശിനേക്കാളും പാകിസ്ഥാനെക്കാളും പിന്നിലാണ് ഇന്ത്യ. ബംഗ്ലാദേശില്‍ 54 ശതമാനവും പാകിസ്ഥാനില്‍ 48 ശതമാനവും പേര്‍ക്ക് ജോലിയുണ്ട്.
English Summary: Unemployment rate in India is 7.8 percent: behind Bangladesh and Pakistan
You may like this video also