26 March 2024, Tuesday

സമാന്യജനത്തിന് വിശക്കുന്നു

Janayugom Webdesk
September 11, 2022 5:00 am

രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് 8.3 ശതമാനമായി ഉയർന്നിരിക്കുന്നു. നാടിന്റെ സമ്പദ്‌വ്യവസ്ഥയെ സസൂക്ഷ്മം നിരീക്ഷിക്കുകയും വിവരങ്ങൾ നൽകുകയും ചെയ്യുന്ന സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ)യുടെ റിപ്പോർട്ടുകൾ തൊഴിലില്ലായ്മയുടെ പ്രത്യക്ഷ ഇരകൾ 394.6 ദശലക്ഷമായി വർധിച്ചതായി വിവരിക്കുന്നു. 2022 ജൂലൈ മാസം അടിസ്ഥാനമാക്കിയാൽ തൊഴിൽ ലഭ്യതയിൽ രണ്ട് ദശലക്ഷത്തിന്റെ ഇടിവാണുണ്ടായിരിക്കുന്നത്. നഗരങ്ങളിലെ തൊഴിലില്ലായ്മ ഗ്രാമീണ നിരക്കിനേക്കാൾ ഒരു ശതമാനം അധികരിച്ച് എട്ട് ശതമാനമായിരുന്നു. ഓഗസ്റ്റിൽ നഗരങ്ങളിലെ തൊഴിലില്ലായ്മ 9.6 ശതമാനമായി ഉയർന്നപ്പോൾ ഗ്രാമീണ തൊഴിലില്ലായ്മ 7.7 ശതമാനമായി വർധിച്ചു.

തൊഴിലില്ലായ്മ കുടുംബങ്ങളെ കൊടും പട്ടിണിയിലാക്കി. കുറഞ്ഞത് രണ്ട് കോടി ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷയില്ല. ദിവസങ്ങളോളം പട്ടിണി കിടക്കുന്നവരോ പട്ടിണിയിൽ തുടരുന്നവരോ ആയ ഏറ്റവും കൂടുതൽ ആളുകൾ ഉള്ള രാജ്യമെന്ന കുപ്രസിദ്ധിയിലാണ് ഇന്ത്യ ഇപ്പോൾ. 2021ലെ ആഗോള പട്ടിണി സൂചികാ പട്ടികയിൽ 116 രാജ്യങ്ങളിൽ 101-ാം സ്ഥാനത്താണ് ഇന്ത്യ. ഭക്ഷ്യസുരക്ഷാ സംവിധാനങ്ങൾ 31.4 ശതമാനത്തിലധികം തീർത്തും വഷളായ നിലയിലാണ്. ഗുരുതരമായ ഈ പ്രശ്നത്തിന് നിരവധി മാനങ്ങളുണ്ട്. അവയിൽ മുഖ്യം ഭാരക്കുറവുള്ള അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ ഉയർന്ന സംഖ്യയാണ്. കുടുംബങ്ങളിലെ പോഷകാഹാരക്കുറവും ദാരിദ്ര്യവുമാണ് മുഖ്യകാരണം. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ 13.5 ശതമാനമായി വളർന്നുവെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ചൂണ്ടിക്കാട്ടുന്നു. ഇതിന് അടിസ്ഥാനരേഖയായി പരിഗണിച്ചത് സാമ്പത്തിക വളർച്ച കുത്തനെ ഇടിഞ്ഞ സാഹചര്യവും. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ഇതേ അടിസ്ഥാന രേഖയെ ആശ്രയിച്ചപ്പോൾ 16.2 ശതമാനം വളർച്ച കാട്ടിയിരുന്നു. കോവിഡ് മഹമാരി ഉൾപ്പെടെയുള്ള ദുരന്തങ്ങളുടെ പശ്ചാത്തലവും ദുരിത സന്ദർഭങ്ങളും കണക്കിലെടുക്കാതെ അടിസ്ഥാനരേഖ തിട്ടപ്പെടുത്തി ഇരട്ട അക്ക വളർച്ച പറയുമ്പോഴും, ആകെയുള്ള മൂല്യവർധിത നിരക്ക് (ഇത് പരോക്ഷ നികുതികളും സബ്സിഡികളും ഇല്ലാതാക്കുന്നു), 2019–20 ലെ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആദ്യ സാമ്പത്തിക പാദത്തിൽ വെറും 4.7 ശതമാനമാണ്. കാർഷിക മേഖലയിൽ, സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 4.5 ശതമാനമായിരുന്നു മൊത്തം മൂല്യവർധിത നിരക്ക്.


ഇതുകൂടി വായിക്കൂ: എന്നു തീരും ഇന്ത്യയുടെ വിശപ്പ്


ജിഡിപി വളർച്ചയിലെ ഇടിവ്, തൊഴിലുകളുടെ എണ്ണം കുറയുന്നത് എന്നിവ സാധാരണ ജനജീവിതം തകർത്തു. ഇവരിൽ ദിവസക്കൂലിക്കാരും സ്വയം തൊഴിൽ ചെയ്യുന്നവരുമായിരുന്നു മുഖ്യം. ജീവിതം ഒടുക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടാകുന്ന കുത്തനെയുള്ള വർധനവ് ഭീതിപ്പെടുത്തുന്നതാണ്. 2014 മുതൽ ജോലി നഷ്ടപ്പെട്ടവരുടെയും നീണ്ട സമയം ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടിവരുന്ന ദിവസ വേതനക്കാരുടെയും എണ്ണം പെരുകയാണ്. ഇവരുടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളെയും കവരുന്ന ഭരണകൂടം ജീവിതം അവസാനിപ്പിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല എന്ന അവസ്ഥയിലേക്ക് അവരെ തള്ളിവിടുന്നു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് 1,64,033 പേർ പ്രതിവർഷം ആത്മഹത്യ ചെയ്യുന്നു. ഇവരിൽ നാലിൽ ഒരാൾ ദിവസ വേതനക്കാരാണ്. ‘ഇന്ത്യയിലെ അപകട മരണങ്ങളും ആത്മഹത്യകളും’ എന്ന റിപ്പോർട്ടിൽ, 2021ലും ആത്മഹത്യക്ക് ഇരയായ ഏറ്റവും വലിയ തൊഴിൽ വിഭാഗമായി പ്രതിദിന വേതനക്കാരെ ചൂണ്ടിക്കാട്ടുന്നു. ഇവരിൽ 42,004 പേർ (25.6 ശതമാനം) ആത്മഹത്യ ചെയ്തു. വയലുകളിൽ പണിയെടുത്ത് ജീവിക്കുന്നവർക്കായും ഒരു പ്രത്യേക പട്ടികയുണ്ട്, ‘കാർഷിക മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾ’ എന്ന തലക്കെട്ടിന് കീഴിൽ ഒരു ഉപവിഭാഗം രൂപപ്പെടുത്തിയിരിക്കുന്നു. 2020‑ലും, രാജ്യത്ത് രേഖപ്പെടുത്തിയ 1,53,052 ആത്മഹത്യകളിൽ 37,666 (24.6 ശതമാനം) പ്രതിദിന വേതനക്കാരാണ്. 2019‑ൽ, കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ്, കണക്കിൽ പെടുത്തിയ 1,39,123 ആത്മഹത്യകളിൽ 23.4 ശതമാനവും (32,563) ദിവസക്കൂലിക്കാരായിരുന്നു.

ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ആത്മഹത്യ പരിഹാരമായി കരുതുന്ന ദിവസവേതനക്കാരുടെ പങ്ക് വർധിച്ചുവെന്ന് കരുതേണ്ടിയിരിക്കുന്നു. എൻസിആർബി ആത്മഹത്യാ കണക്കുകൾ വിഭാഗങ്ങൾ, തൊഴിൽ, തുടങ്ങി കളംതിരിച്ചുള്ള ഒമ്പത് ഇന പട്ടികയിലാണ് സൂചിപ്പിച്ചിട്ടുള്ളത്. വിദ്യാർത്ഥികൾ, പ്രതിമാസ ശമ്പളമുള്ള വ്യക്തികൾ, ദിവസ വേതനക്കാര്‍, വിരമിച്ച വ്യക്തികൾ, തൊഴിലില്ലാത്തവര്‍, സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾ, വീട്ടമ്മമാർ, കാർഷിക മേഖലയിൽ ഏർപ്പെട്ടിരിക്കുന്നവർ ഇങ്ങനെ പോകുന്നു വിഭാഗങ്ങൾ. ‘സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾ’ എന്ന വിഭാഗത്തിൽ 16.73 ശതമാനം ആത്മഹത്യ ചെയ്തുവെന്ന സൂചന അപകടപ്പെടുത്തുന്നതാണ്. കർഷക ആത്മഹത്യകളുടെ എണ്ണം 2019‑ൽ 5,957‑ൽ നിന്ന് 2020‑ൽ 5,579 ആയി കുറഞ്ഞപ്പോൾ, ‘കർഷക തൊഴിലാളികൾ’ 2020‑ൽ 4,324‑ൽ നിന്ന് 5,098‑ലേക്ക് കുത്തനെ ഉയർന്നു. കാർഷിക മേഖല’ 2021‑ൽ രേഖപ്പെടുത്തിയത് മൊത്തം ആത്മഹത്യകളിൽ 6.6 ശതമാനമാണ്. 2021ലെ മൊത്തം ആത്മഹത്യകളിൽ 14.1 ശതമാനം വീട്ടമ്മമാരുടെ വിഭാഗത്തിൽപ്പെട്ടവരാണ്. അവരുടെ എണ്ണവും 3.6 ശതമാനം വർധിച്ചു. 2020ൽ 22,374 ആയിരുന്നത് 2021ൽ 23,179 ആയി. വിദ്യാർത്ഥി ആത്മഹത്യകളുടെ എണ്ണം 2021 ൽ 13,089 ആയി ഉയർന്നു. 2020ൽ 12,526 ആയിരുന്നു. വിവിധ തൊഴിൽ മേഖലകളിൽ നിന്നും വിരമിച്ചവരുടെ ആത്മഹത്യാ എണ്ണം 1518 ആയിരുന്നു. 23,547 ആത്മഹത്യകൾ ‘മറ്റ് വ്യക്തികൾ’ എന്ന വിഭാഗത്തിൽ രേഖപ്പെടുത്തി ഭരണകൂടം ഉത്തരവാദിത്തം ഒഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.