കോവിഡ് പ്രതിസന്ധി മൂലം ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 27.11 ശതമാനമായി ഉയർന്നുവെന്ന് സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമിയുടെ (സിഎംഐഇ) റിപ്പോർട്ട്. മാർച്ച് 15 ന് 6.74 ആയിരുന്ന തൊഴിലില്ലായ്മ നിരക്കാണ് മെയ് അഞ്ച് ആയപ്പോൾ 27. 11 ആയി കുത്തനെ ഉയർന്നത്.
കൊറോണ വ്യാപനം മൂലം ലോക്ഡൗൺ പ്രഖ്യാപിച്ചതിന്റെ സാഹചര്യത്തിലാണ് ഇത്തരത്തിൽ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയർന്നതെന്ന് സിഎംഐഇയുടെ കണക്കുകൾ വ്യക്തമാക്കുന്നു. സിഎംഐഇയുടെ പ്രതിവാര കണക്കനുസരിച്ച് ലോക്ഡൗൺ ആരംഭിച്ച് ദിവസങ്ങൾക്കകം തന്നെ തൊഴിലില്ലായ്മ നിരക്ക് ക്രമാതീതമായി വർധിച്ച് തുടങ്ങി. ഏപ്രിലിൽ 23.52 ശതമാനമായി ഉയർന്നു.
നഗരപ്രദേശങ്ങളിലാണ് ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക് റിപ്പോർട്ട് ചെയ്തത്. കോവിഡ് കേസുകൾ വർധിച്ചത് കാരണം നഗരങ്ങൾ റെഡ് സോൺ മേഖലകളായി മാറിയതാണ് പ്രധാന കാരണം. നഗരപ്രദേശങ്ങളിൽ 29.22 ശതമാനവും ഗ്രാമീണ മേഖലയിൽ 26.69 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. ഏപ്രിൽ അവസാനത്തോടെ രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്ക് റിപ്പോർട്ട് ചെയ്തത് പുതുച്ചേരിയിലാണ്. 75.8 ശതമാനമാണ് പുതുച്ചേരിയിലെ തൊഴിലില്ലായ്മ നിരക്ക്. തൊട്ടുപിന്നിലായി തമിഴ്‌നാട് 49.8 ശതമാനവും ഝാർഖണ്ഡ് 47.1 ശതമാനവും ബീഹാർ 46.6 ശതമാനവുമാണ്.
മലയോര സംസ്ഥാനങ്ങളിലാണ് ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് റിപ്പോർട്ട് ചെയ്തത്. 2.2 ശതമാനമുള്ള ഹിമാചൽ പ്രദേശിലാണ് ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക്. തൊട്ടുപിന്നിലായി സിക്കിം (2.3 ശതമാനം), ഉത്തരാഖണ്ഡിൽ (6.5 ശതമാനം) എന്നിങ്ങനെയാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
ENGLISH SUMMARY: Unemployment rate rises to 27.11 percentage
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.