Site iconSite icon Janayugom Online

തൊഴിലില്ലായ്മ വീണ്ടും രൂക്ഷം; സംസ്ഥാനങ്ങളില്‍ ഹരിയാന മുന്നില്‍

പ്രതിവര്‍ഷം ലക്ഷക്കണക്കിന് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കുകയും ചെയ്യുമെന്ന കേന്ദ്രസര്‍ക്കാരിന്റെ പൊള്ളയായ വാഗ്ദാനങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായി തുടരുന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമി (സിഎംഐഇ)യുടെ കണക്കനുസരിച്ച് കഴി‌ഞ്ഞ മാസം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് എട്ട് ശതമാനമായി വര്‍ധിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കഴിഞ്ഞ മാസം 7.77 ശതമാനമായിരുന്നു രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്. 

ആഗോള സാമ്പത്തികമാന്ദ്യം പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യത്തില്‍ തൊഴിലില്ലായ്മ നിരക്ക് ഇനിയും കൂടുന്നതിനാണ് സാധ്യത. ഐടി കമ്പനികളും എഡ്യുടെക് സ്റ്റാര്‍ട്ടപ്പുകളും ജീവനക്കാരുടെ പിരിച്ചുവിടല്‍ തുടരുകയാണ്. പതിനായിരക്കണക്കിനാളുകള്‍ക്ക് ഇതിനോടകം തൊഴില്‍ നഷ്ടമായിട്ടുണ്ട്. നഗരങ്ങളിലാണ് തൊഴിലില്ലായ്മ നിരക്ക് കൂടുതലായി ഉയര്‍ന്നത്. 8.96 ശതമാനമായാണ് വര്‍ധിച്ചത്. മുന്‍ മാസം ഇത് 7.21 ശതമാനം മാത്രമായിരുന്നു. എന്നാല്‍ ഗ്രാമീണ മേഖലയില്‍ നിരക്ക് താഴ്ന്നു. 8.04 ശതമാനത്തില്‍ നിന്ന് 7.55 ശതമാനമായാണ് താഴ്ന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ നഗരമേഖലയില്‍ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞിരുന്നു. 7.2 ശതമാനമായാണ് കുറഞ്ഞത്. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 9.8 ശതമാനമായിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 

സംസ്ഥാനങ്ങളില്‍ ഹരിയാനയിലാണ് ഏറ്റവുമധികം തൊഴിലില്ലായ്മ രേഖപ്പെടുത്തിയിരിക്കുന്നത്. 30.6 ശതമാനമാണ് സംസ്ഥാനത്തെ തൊഴിലില്ലായ്മ. രാജസ്ഥാനില്‍ 24.5 ശതമാനവും ജമ്മു കശ്മീരില്‍ 23.9 ശതമാനവും തൊഴിലില്ലായ്മ രേഖപ്പെടുത്തി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് പൊതുവേ കുറവാണ്. 9.1 ശതമാനം തൊഴിലില്ലായ്മയുള്ള ആന്ധ്രാപ്രദേശാണ് സംസ്ഥാനങ്ങളില്‍ മുന്നില്‍. തെലങ്കാനയില്‍ ആറ് ശതമാനം രേഖപ്പെടുത്തിയപ്പോള്‍ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 5.9 ശതമാനമാണ്. തമിഴ്നാട്ടില്‍ 3.8 ശതമാനവും കര്‍ണാടകയില്‍ 1.8 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. 

Eng­lish Summary:Unemployment soared again; Haryana leads the states
You may also like this video

Exit mobile version