അമേരിക്ക യുനെസ്കോ വിട്ടു

Web Desk
Posted on October 12, 2017, 9:51 pm

പാരീസ്: ഐക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ ശാസ്ത്ര സാംസ്‌കാരിക ഏജന്‍സിയായ യുനെസ്‌കോയില്‍ നിന്ന് യുഎസ് പിന്മാറുന്നു. ഇത് സംബന്ധിച്ച ഔദേ്യാഗിക അറിയിപ്പ് സ്റ്റേറ്റ് സെക്രട്ടറി റക്‌സ് ടില്ലേഴ്‌സണ്‍ നല്‍കി. അറിയിപ്പ് ലഭിച്ചതായി യുനസ്‌കോ ഡയറക്ടര്‍ ജനറല്‍ ഇറിന ബൊക്കോവ സ്ഥിരീകരിച്ചു. യുനെസ്‌കോ ‘ഇസ്രയേല്‍ വിരുദ്ധ’മെന്ന് ആരോപിച്ചാണ് പിന്മാറ്റം.
‘അങ്ങേയറ്റം ദുഃഖിക്കുന്നു,’ ഇറിന ബൊക്കോവ പറഞ്ഞു. ഇത് ബഹുസ്വരതയ്ക്ക് സംഭവിച്ചിരിക്കുന്ന നഷ്ടമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.


പലസ്തീനെ 2011ല്‍ പൂര്‍ണ അംഗമാക്കിയതോടെ യുനസ്‌കോയ്ക്കുള്ള സാമ്പത്തികസഹായം യുഎസ് നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ പാരീസിലുള്ള അമേരിക്കന്‍ ഓഫീസ് നിലനിര്‍ത്തി. ഇപ്പോള്‍ സ്ഥിരം പ്രതിനിധിയെ യുഎസ് പിന്‍വലിക്കുകയാണ്. തങ്ങള്‍ അംഗമല്ലാത്ത നിരീക്ഷകരായി സംഘടനയില്‍ തുടരുമെന്നും ‘കാഴ്ചപ്പാടുകളും, സമീപനങ്ങളും, വൈദഗ്ധ്യവും നല്‍കി പിന്തുണയ്ക്കുമെന്നും’ യുഎസ് പറയുന്നു.
ഈ ആഴ്ച യുനെസ്‌കോ പുതിയ ഡയറക്ടറെ തീരുമാനിക്കിരിക്കെയാണ് യുഎസ് തീരുമാനം. സാമ്പത്തിക ക്ലേശവും പലസ്തിന്റെ പേരിലുള്ള ഭിന്നതയും നിഴലിട്ടിരിക്കുന്ന യുനെസ്‌കോയ്ക്ക് തെരഞ്ഞെടുപ്പ് വളരെ നിര്‍ണായകമാണ്. ചേരചേരാ രാഷ്ട്രങ്ങളുടെയും മിക്ക അറബ് രാജ്യങ്ങളുടെയും ദീര്‍ഘകാലമായ പലസ്തീന്‍ അനുകൂല നിലപാടുകള്‍ ഇസ്രയേലിനെ മാത്രം പിന്തുണച്ചിരുന്ന അമേരിക്ക എക്കാലവും എതിര്‍ത്തുപോന്നു. പലസ്തീന്‍ വിമോചന പ്രക്ഷോഭങ്ങളെ സര്‍വാത്മന പിന്തുണച്ചിരുന്ന ഇന്ത്യ ഇപ്പോള്‍ അമേരിക്കന്‍ ചുവടുപിടിച്ച് ഇസ്രയേല്‍ അനുകൂല നിലപാടിലേയ്ക്ക് മാറുകയാണ്.