Web Desk

മൂന്നാർ

January 17, 2020, 7:26 pm

മൂന്നാർ ടൗണിലും പഴയമൂന്നാറിലും ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന

Janayugom Online
പ്രതീകാത്മകത ചിത്രം

മൂന്നാർ ടൗണിലും പഴയ മൂന്നാറിലും സബ് കളക്ടർ മൂന്നാർ പഞ്ചായത്ത് ആരോഗ്യവകുപ്പ് അധികൃതരുടെ മിന്നൽ പരിശോധന. പ്രമുഖ ഹോട്ടലുകളിൽ നിന്ന് പ്ലാസ്റ്റിക്കടക്കം പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് പിഴ ഈടാക്കി. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ പിടിച്ചെടുക്കുന്നതിനായാണ് സംഘം മൂന്നാർ ടൗണിൽ പരിശോധനകൾ ആരംഭിച്ചത്.

എന്നാൽ ഇതിന്റെ ഭാഗമായി പഴയ മൂന്നാർ മൂലക്കടയിൽ നടത്തിയ പരിശോധനയിൽ കച്ചവടസ്ഥാപനങ്ങളിൽ നിന്നും നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളും കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തത്. തുടർന്ന് സമീപത്തുള്ള പ്രമുഖ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പഴകിയ കോഴിയിറച്ചിയും കാലാവധി കഴിഞ്ഞ ഭക്ഷണവും പ്ലാസ്റ്റിക്കും പിടിച്ചെടുത്തു. ഇവരിൽ നിന്നും തൽക്ഷണം പിഴ ഈടാക്കി. പഴയ മൂന്നാറിൽ നടത്തിയ പരിശോധനയിൽ നിരവധി കച്ചവടസ്ഥാപനങ്ങളിൽ നിന്നും പഴകിയ സാധനങ്ങളടക്കം കണ്ടെത്തിയിട്ടുണ്ട്.

പ്രമുഖ ഹോട്ടലുകളിൽ നിന്നും പിഴകൾ ഈടാക്കി തുടങ്ങി. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണൻ പറഞ്ഞു. മൂന്നാർ പഞ്ചായത്ത് സെക്രട്ടറി ഡോ. അജിത്ത് കുമാർ, ഹെൽത്ത് അധിക്യതർ, നിരവധി ഉദ്യോഗസ്ഥർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.