പരാജയപ്പെട്ടാലും വിജയിച്ചാലും പരീക്ഷണങ്ങൾക്ക് വേണ്ടിയാണേൽ പോലും വാരി വലിച്ച് സിനിമ ചെയ്യുന്ന രീതി അല്ലായിരുന്നു സംവിധായകൻ ഷാഫിയുടേത് . മലയാളികളുടെ മനസിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഒട്ടേറെ ചിരി കഥാപാത്രങ്ങളെ സമ്മാനിച്ചാണ് ഷാഫിയുടെ മടക്കം. കല്യാണ രാമനിലെ ഇന്നസെന്റിന്റെ കഥാപാത്രമായ മിസ്റ്റര്‍ പോഞ്ഞിക്കരയും പുലിവാൽ കല്യാണത്തിലെയും മായാവിയിലെയും സലിം കുമാറിന്റെ കഥാപാത്രങ്ങളായ മണവാളനും സ്രാങ്കും ചട്ടമ്പി നാടിലെ സൂരജ് വെഞ്ഞാറമൂടിന്റെ കഥാപാത്രമായ ദശമൂലം ദാമുവിനെയും ഏറെ ആസ്വദിച്ചവരാണ് മലയാള പ്രേക്ഷകർ . ഈ കഥാപാത്രങ്ങള്‍ക്കൊപ്പം സംഭാഷണങ്ങളും സന്ദര്‍ഭങ്ങളുമൊക്കെ മലയാളി നിത്യജീവിതത്തില്‍ ഇന്നും ഉപയോഗിച്ചുവരുന്നുണ്ട്. തളരരുത് രാമന്‍കുട്ടീ , എന്നും എന്തിനോ തിളയ്ക്കുന്ന സാമ്പാര്‍ എന്നതുമൊക്കെ ഒരു ഭാഷാപ്രയോഗം തന്നെയായി മാറി. ചട്ടമ്പിനാടില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം ദാമുവിനെ നായകനാക്കി ഒരു സിനിമയൊരുക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ഷാഫി വിടവാങ്ങുന്നത്.
മലയാളത്തില്‍ കോമഡി സിനിമകള്‍ക്ക് പുതിയ ശൈലി സമ്മാനിച്ച സംവിധായകരായിരുന്ന സിദ്ദിഖും ലാലിന്റെയും തുടര്‍ച്ചക്കാരായിരുന്നു റാഫി മെക്കാര്‍ട്ടിനും ഷാഫിയും. സിദ്ദിഖ് ലാല്‍, റാഫി മെക്കാര്‍ട്ടിന്‍, രാജസേനന്‍ എന്നിവരുടെ അസിസ്റ്റന്റ് ആയിക്കൊണ്ടായിരുന്നു ഷാഫിയുടെ സിനിമാ പ്രവേശം. 2001 ല്‍ പുറത്തെത്തിയ വണ്‍ മാന്‍ ഷോയിലൂടെ സംവിധായകനായി അദ്ദേഹം അരങ്ങേറി. ആദ്യചിത്രം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചതോടെ ഷാഫിക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. മലയാളികളുടെ നിത്യജീവിതത്തില്‍ ഇന്നും റെഫറന്‍സുകള്‍ സൃഷ്ടിക്കുന്ന ചിത്രം ആയിരുന്നു ഷാഫിയുടെ രണ്ടാമത്തെ ചിത്രമായ കല്യാണരാമന്‍. രണ്ട് ചിത്രങ്ങള്‍ വിജയിച്ചതോടെ ഷാഫി ഒരു ബ്രാന്‍ഡ് ആയി മാറി. പരാജയങ്ങള്‍ അറിയാതെ തുടര്‍ച്ചയായി ആറ് സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. മലയാളത്തില്‍ അപൂര്‍വ്വ നേട്ടമാണ് ഇത്. വണ്‍ മാന്‍ ഷോ, കല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി, ചോക്ലേറ്റ് എന്നിവയാണ് ആ ചിത്രങ്ങള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.