March 31, 2023 Friday

തൊഴിലാളികളെ കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്നു; മന്ത്രി ടി പി രാമകൃഷ്ണന്‍

Janayugom Webdesk
തിരുവനന്തപുരം
September 27, 2020 5:26 pm

രാജ്യത്തെ തൊഴിലാളികള്‍ സുദീര്‍ഘമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത തൊഴില്‍ നിയമങ്ങളുടെ സംരക്ഷണം നിഷേധിക്കുന്ന ലേബര്‍ കോഡുകള്‍ ഏകപക്ഷീയമായി പാസാക്കിയെടുത്ത കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ വേട്ടയാടുകയാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. തൊഴിലാളികളെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കാനും യഥേഷ്ടം പിരിച്ചുവിടാനും തൊഴിലുടമകള്‍ക്ക് അവകാശം നല്‍കുന്നതാണ് ഭേദഗതികള്‍. കാര്‍ഷികമേഖലയെ കോര്‍പറേറ്റുകള്‍ക്ക് അടിയറ വെക്കുന്ന കാര്‍ഷിക ബില്ലുകള്‍ ചട്ടവിരുദ്ധമായി പാസാക്കിയതിനെതിരായ പ്രതിഷേധങ്ങള്‍ക്കിടയിലാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രധാനമായ തൊഴില്‍ചട്ടബില്ലുകള്‍ ചര്‍ച്ചക്കുള്ള അവസരം പോലും നിഷേധിച്ച് ലോകസഭയിലും രാജ്യസഭയിലും തിരക്കിട്ട് പാസ്സാക്കിയെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.

ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കും അവകാശസമരങ്ങള്‍ക്കും കൂച്ചുവിലങ്ങിടുകയും സാമൂഹികസുരക്ഷ ഇല്ലാതാക്കുകയും ചെയ്യുന്ന ലേബര്‍കോഡുകളിലൂടെ കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ അടിമത്വത്തിലേക്ക് തള്ളിവിടുകയാണ്. ലേബര്‍ കോഡുകള്‍ സംബന്ധിച്ച് കേരളത്തിന്റെ ശക്തമായ വിയോജിപ്പ് കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാനങ്ങളുടെയും ട്രേഡ് യൂണിയനുകളുടെയും എതിര്‍പ്പും ലേബര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളും തള്ളി ഏകപക്ഷീയമായി പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയാണ് ചെയ്തത്.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യവസായബന്ധ കോഡ് തൊഴിലാളികളുടെ പണിമുടക്കാനുള്ള അവകാശം ഉള്‍പ്പെടെ നിഷേധിക്കുന്നു. ലേ-ഓഫ്, റീട്രെഞ്ച്‌മെന്റ് തുടങ്ങിയ തൊഴിലാളി വിരുദ്ധ നടപടികള്‍ സ്വീകരിക്കാന്‍ ചെറിയ സ്ഥാപനങ്ങള്‍ക്കുപോലും അനുമതി ലഭിക്കുകയാണ്. മുന്നൂറില്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങളുടെ ഉടമകള്‍ക്കും സര്‍ക്കാരിന്റെ അനുമതിയില്ലാതെ തൊഴിലാളികളെ നിയമിക്കാനും പിരിച്ചുവിടാനും അധികാരം നല്‍കുന്നു. പാര്‍ലമെന്റ് അംഗീകരിച്ച സാമൂഹ്യ സുരക്ഷാ കോഡും, തൊഴില്‍സുരക്ഷയും ആരോഗ്യവും തൊഴില്‍സാഹചര്യവും സംബന്ധിച്ച കോഡും തൊഴിലാളിവര്‍ഗ്ഗത്തിന് നേരെ സമാനമായ നിരവധി വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്.

ജോലിസമയം, അവധി, ശമ്പളം, വേതനനിരക്ക് എന്നിവ സംബന്ധിച്ച് തൊഴിലാളികളെ അറിയിക്കുന്ന രീതി, തൊഴില്‍ അവസാനിപ്പിക്കല്‍, തൊഴിലാളികള്‍ക്കുള്ള പരാതി പരിഹാര സംവിധാനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ഇന്‍ഡസ്ട്രീയല്‍ എംപ്ലോയ്‌മെന്റ് (സ്റ്റാന്‍ഡിംഗ് ഓര്‍ഡേഴ്‌സ്) നിയമത്തിലെ പ്രധാന വ്യവസ്ഥകളെല്ലാം പുതിയ കോഡില്‍ പൊളിച്ചെഴുതിയിരിക്കുകയാണ്. 100 തൊഴിലാളികള്‍ വരെ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ബാധകമായ വ്യവസ്ഥകള്‍ ഇനി മുതല്‍ 300 ലധികം തൊഴിലാളികള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമായിരിക്കും ബാധകമാകുക. 20 കരാര്‍ തൊഴിലാളികള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളിലെ കരാര്‍ തൊഴിലാളികള്‍ക്ക് ബാധകമായിരുന്ന വ്യവസ്ഥകള്‍ ഇനി 50 ലധികം കരാര്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ ബാധകമാകൂ.

ബോണസ് നിയമം കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് ബാധകമാക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം വേജ് കോഡിലൂടെ നേരത്തേ തന്നെ എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നിയമങ്ങളുമായി ബന്ധപ്പെട്ടും സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള അധികാരം നിഷേധിക്കുകയാണ്. വിവിധ നിയമങ്ങള്‍ക്ക് ചട്ടങ്ങള്‍ രൂപീകരിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരവും കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുത്തു.

ലേബര്‍ കോഡുകള്‍ക്കെതിരെ രാജ്യത്തെമ്പാടും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ദക്ഷിണേന്ത്യന്‍ തൊഴില്‍ വകുപ്പ് മന്ത്രിമാരുടെ യോഗം എറണാകുളത്ത് വിളിച്ചു ചേര്‍ത്തിരുന്നു. കോഡുകളില്‍ അടങ്ങിയിട്ടുള്ള തൊഴിലാളി വിരുദ്ധത പ്രസ്തുത യോഗത്തില്‍ കേരളം ശക്തമായി അവതരിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പ്രതിനിധികളും തങ്ങളുടെ ആശങ്കകള്‍ യോഗത്തില്‍ അവതരിപ്പിച്ചു. എന്നാല്‍ ഉയര്‍ന്നുവന്ന കാതലായ വിമര്‍ശനങ്ങള്‍ അംഗീകരിച്ച് ഭേദഗതികള്‍ വരുത്താന്‍ കേന്ദ്രഗവണ്‍മെന്റ് തയ്യാറായില്ല.

കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന ലേബര്‍ കോഡുകള്‍ രാജ്യത്തിനാകെ ബാധകമായ സാഹചര്യത്തിലും തൊഴിലാളികളുടെ അവകാശങ്ങളും തൊഴില്‍-സാമൂഹ്യസുരക്ഷയും ഉറപ്പുവരുത്താന്‍ സാധ്യമായ എല്ലാ നടപടികളും സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കും. തൊഴിലാളിക്ഷേമ പദ്ധതികളില്‍ നിന്ന് സര്‍ക്കാര്‍ പുറകോട്ടുപോകില്ല. കോഡുകളുടെ ചട്ടങ്ങള്‍ രൂപീകരിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ തൊഴിലാളികളുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി.

Eng­lish sum­ma­ry: T P Ramakr­ish­nan on Uni­lat­er­al­ly passed Labour Codes

You may also like this video:

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.