ആസൂത്രണമില്ലാതെയുള്ള ഗർഭധാരണം അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ അപകടത്തിലാക്കുമെന്ന് റിപ്പോർട്ട് കുടുംബാസൂത്രണ നിലവാരം ഉയർത്തണമെന്നും ലോകാരോഗ്യ സംഘടന

Web Desk
Posted on October 29, 2019, 6:52 pm

ന്യൂഡൽഹി: ഗർഭനിരോധന ഉപാധികളുടെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ മൂലം ആഗ്രഹമില്ലാതെയുള്ള ഗർഭധാരണം വർധിക്കുന്നതായി റിപ്പോർട്ട്. ലോകാരോഗ്യ സംഘടന 36 രാജ്യങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നതിലെ വൈമുഖ്യം മൂലം നാലിൽ ഒരു ഗർഭധാരണം ആഗ്രഹിക്കാതെ ഉണ്ടാകുന്നതാണെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു.

താഴ്ന്ന ‑ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ജീവിക്കുന്ന 740 ലക്ഷം സ്ത്രീകളിൽ എല്ലാവർഷവും ഇത്തരം ഗർഭധാരണം ഉണ്ടാകുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത് 250 ലക്ഷം സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്രത്തിനും കാരണമാകുന്നു. പ്രതിവർഷം 47,000 മാതൃമരണത്തിനും ഇത് ഇടയാക്കുന്നു.

ആഗ്രഹിക്കാതെയുണ്ടാകുന്ന ഗർഭം അമ്മയ്ക്കും കു‍ഞ്ഞിനും നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. പോഷകാഹാരക്കുറവ്, അസുഖങ്ങൾ, അവഗണന, മരണം തുടങ്ങിയവയിലേക്ക് ഇത് നയിക്കാം.

ഇത് ഗർഭ ധാരണശേഷി വർധിക്കാനും ഇടയാക്കും. ഇത് തൊഴിലില്ലായ്മയും ദാരിദ്ര്യവും അടക്കമുള്ള പ്രശ്നങ്ങൾ തലമുറകളിലേക്ക് വ്യാപിക്കാനും കാരണമാകും.

2015ൽ മാത്രം ഇന്ത്യയിൽ 156 ലക്ഷം ഗർഭച്ഛിദ്രമുണ്ടായെന്നാണ് ലാൻസെറ്റ് കഴിഞ്ഞ വർഷം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്തെ ഗർഭച്ഛിദ്ര നിരക്ക് 47ശതമാനമാണ്. 15നും 49നുമിടയിൽ പ്രായമുള്ള ആയിരം സ്ത്രീകളുടെ കണക്ക് പ്രകാരം തയാറാക്കിയ കണക്കാണിത്. ഇതിൽ 34 ലക്ഷവും ആരോഗ്യ കേന്ദ്രങ്ങളിലാണ് നടക്കുന്നത്. അതായത് മൊത്തം എണ്ണത്തിന്റെ ഏകദേശം 22ശതമാനത്തോളം. 115 ലക്ഷം അതായത് 73ശതമാനത്തോളം ആശുപത്രികൾക്ക് പുറത്ത് മരുന്നുപയോഗിച്ച് നടത്തപ്പെടുന്നു. അഞ്ച് ശതമാനത്തോളം മറ്റ് മാർഗങ്ങളിലൂടെയും നടക്കുന്നുവെന്നും ലാൻസറിന്റെ പഠനം പറയുന്നു. രാജ്യത്ത് മൊത്തം ഗർഭധാരണങ്ങളിൽ മൂന്നിലൊന്ന് അലസുന്നുണ്ട്. ആഗ്രഹിക്കാതെയുള്ളവയിൽ പകുതിയും ഇത്തരത്തിൽ ഇല്ലാതാകുന്നു.

ആധുനിക ഗർഭധാരണ മാർഗങ്ങൾ അനാവശ്യമായ ഗർഭധാരണം തടയുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു. ഉയർന്ന നിലവാരമുള്ള കുടുംബാസൂത്രണം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ സംരക്ഷണത്തിന് ഏറെ ഗുണകരമാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്‍ മെഡിക്കൽ ഓഫീസർ മാരി നഗായി ചൂണ്ടിക്കാട്ടുന്നു. ഇത് മാതാവിന്റെയും കുഞ്ഞിന്റെയും ആരോഗ്യ സംരക്ഷണത്തിന് പുറമെ സാമൂഹ്യ, സാമ്പത്തിക വിദ്യാഭ്യസ വികസനത്തിനും സ്ത്രീ ശാക്തീകരണത്തിനും സഹായകമാകുന്നു.

ഫലപ്രദമായ ഗർഭനിരോധന മാർഗങ്ങൾക്കുള്ള പങ്കാളിത്ത തീരുമാന സമീപനങ്ങളുടെ ആവശ്യകതയിലേക്കാണ് ലോകാരോഗ്യ സംഘടനയുടെ ഈ പഠനം വിരൽ ചൂണ്ടുന്നത്. ഇതേക്കുറിച്ചുള്ള സ്ത്രീകളുടെ ആശങ്കകൾ നേരത്തെ കണ്ടെത്തി, അവരുടെ അവകാശങ്ങളും അന്തസും ഹനിക്കാതെ തന്നെ പരിഹരിക്കുന്നതിനായി കൗൺസിലിംഗ് അടക്കമുള്ള സംവിധാനങ്ങൾ വേണമെന്നും ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു.