August 18, 2022 Thursday

കേന്ദ്ര ബജറ്റ് വിളിപ്പാടകലെ: പ്രതീക്ഷകളും ആശങ്കയും

ഡോ. കെ പി വിപിൻ ചന്ദ്രൻ
January 28, 2020 4:29 am

റിസർവ് ബാങ്ക് മുൻ ഗവർണറായ രഘുറാം രാജൻ, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ തുടങ്ങിയ നിരവധി സാമ്പത്തിക വിദഗ്ധർ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഇന്ന് ഐസിയുവിലാണെന്ന് സൂചിപ്പിക്കുന്നു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഉയർച്ചയും താഴ്ചയും ആദ്യത്തെ അനുഭവം അല്ല എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി അവകാശപ്പെടുന്നത്. ഇതൊരു താൽക്കാലിക ചാക്രിക പ്രതിസന്ധി മാത്രമാണ് എന്നാണ് അദ്ദേഹത്തിന്റെ വാദം. അത് സ്വയം പരിഹരിക്കപ്പെടുകയും ചെയ്യും അങ്ങനെ 2024 ആവുമ്പോഴേക്കും ഇന്ത്യ അഞ്ച് ട്രില്യൺ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ആകുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. എന്നാൽ ഇന്ത്യയ്ക്ക് ഈ നേട്ടം കൈവരിക്കണമെങ്കിൽ വരും വർഷങ്ങളിൽ കാർഷിക‑വ്യാവസായിക സേവന മേഖലകളിൽ പത്ത് ശതമാനത്തിൽ കൂടുതൽ വളർച്ച നിരക്ക് നേടണം. എന്നാൽ ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് കഴിഞ്ഞ ആറു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 4.5 ശതമാനം എത്തിച്ചേർന്നിരിക്കുന്നു.

ഇവിടെയാണ് ഇന്ത്യ അനുഭവിക്കുന്ന അടിസ്ഥാന വികസന പ്രശ്നങ്ങളിലേക്ക് ജനശ്രദ്ധ കൊണ്ടുവരേണ്ടത്. കേവലം മത‑രാഷ്ട്രീയ പരിഗണനകൾ ഉയർത്തി പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്റർ വിവാദവും ഇന്ത്യയിൽ വിവാദങ്ങൾ സൃഷ്ടിക്കുന്നത്. ഇന്ത്യയുടെ യഥാർത്ഥ വികസന പ്രശ്നങ്ങളെ ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യാതെ വഴി തിരിച്ചു വിടുകയാണ് ചെയ്യുന്നത്. ഡൽഹിയിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അതിൽ ആം ആദ്മി പാർട്ടിയും ബിജെപിയും ഉന്നയിക്കുന്ന തെരഞ്ഞെടുപ്പ് വിഷയത്തെ ഒന്നു ശ്രദ്ധിച്ചാൽ മതി കാര്യങ്ങൾ വ്യക്തമാകും. ഡൽഹിയിൽ കഴിഞ്ഞ അഞ്ചുവർഷമായി ആം ആദ്മി സർക്കാർ സ്വീകരിച്ച ജനക്ഷേമ പ്രവർത്തനത്തിന്റെ വിലയിരുത്തലുമായി അരവിന്ദ് കെജ്രിവാൾ മുന്നോട്ടു പോകുമ്പോൾ ബിജെപി കേവലം മത‑രാഷ്ട്രീയ കാര്യങ്ങൾ ഉന്നയിച്ച് യഥാർത്ഥ വികസന നേട്ടങ്ങളെ വഴി തിരിച്ചു വിടുകയാണ് ചെയ്യുന്നത്. ആം ആദ്മി സർക്കാർ ജനങ്ങളോട് വോട്ട് അഭ്യർത്ഥിക്കുന്നത് കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കുള്ളിൽ അവർ നടപ്പിലാക്കിയ വിദ്യാഭ്യാസ‑ആരോഗ്യമേഖല, അടിസ്ഥാന വികസന ക്ഷേമ പ്രവർത്തനത്തിനാണ്.

2020ൽ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നാം തീയതി ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിക്കുന്ന സമയത്ത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിന്റെ ഏറ്റവും വലിയ പരീക്ഷണ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കേന്ദ്ര ബജറ്റ് 2020 നികുതിദായകർ മുതൽ സാമ്പത്തിക വിദഗ്ധർ വരെയുള്ളവർ ചില പ്രതീക്ഷകളും, ആശങ്കയും മുന്നോട്ടുവയ്ക്കുന്നു.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ കാർഷിക മേഖലയുടെ നിലവിലുള്ള അവസ്ഥ ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷത്തോളമായി എല്ലാ കേന്ദ്രബജറ്റ് എടുത്തു പരിശോധിച്ചാലും കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം പതിവു പല്ലവി ആവർത്തിക്കുന്നതായാണ് കാണുന്നത്. എന്നാൽ പ്രഖ്യാപനത്തിന് നിജസ്ഥിതി ഒന്ന് പരിശോധിച്ചു നോക്കിയാൽ ഒന്നാം മോഡി സർക്കാർ അധികാരമേറ്റതിനുശേഷം ഇന്ത്യയിലെ കർഷക ആത്മഹത്യയുടെ യഥാർത്ഥ ചിത്രം പുറത്തു വരുന്നില്ല. പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജന എന്ന പദ്ധതി തന്നെ ലക്ഷ്യ നേട്ടത്തിലേക്ക് പൂർണമായി എത്തിയില്ല. നേരിട്ടുള്ള വരുമാന കൈമാറ്റ പദ്ധതിയുടെ പരിധിയിൽ കൂടുതൽ കർഷകരെ എത്തിക്കാനുള്ള തീവ്രശ്രമം ഈ വർഷത്തെ ബജറ്റിൽ പ്രതീക്ഷിക്കാം. കാർഷിക മേഖലയുടെ പുനരുജ്ജീവനത്തിന് സമഗ്രമായ കാർഷിക പരിഷ്കരണങ്ങൾ ആവശ്യമാണ്. ഈ കാർഷിക പരിഷ്കരണത്തിനായി കേന്ദ്രസർക്കാരിന് ഒപ്പം സംസ്ഥാന സർക്കാറുകളുടെ കൂടെ സഹകരണത്തോടെ ഒരു ഫെഡറൽ സംവിധാനത്തിൽ കൂട്ടായ ഒരു ശ്രമം കാർഷിക മേഖലയിലെ പരിഷ്കരണത്തിന് വേണ്ടി കൊണ്ടുവരേണ്ടതുണ്ട്. 1991–92 കാലത്തെ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും മോശമായ അവസ്ഥയിലാണ് ഇന്ത്യയിലെ വ്യാവസായിക മേഖല. ലൈസൻസ് രാജിന്റെ കാലഘട്ടമായിരുന്നു അത്. എന്നാൽ ഇന്ന് മിക്ക വ്യാവസായിക മേഖലകൾക്കും ആഭ്യന്തര‑വിദേശ മൂലധനത്തിലേക്ക് പ്രവേശനം ഉണ്ടെന്നതും കണക്കെടുക്കുമ്പോൾ ഇന്ന് ഒരു വ്യത്യസ്തമായ സന്ദർഭമാണ് ഉള്ളത്. എന്നാൽ 2018–19 വർഷത്തിൽ എത്തുമ്പോൾ വ്യാവസായിക രംഗത്ത് ഉല്പാദനക്ഷമത കുറയുന്നതായി കാണുന്നു. അടുത്തകാലത്തായി വ്യാവസായിക മേഖലയുടെ പുനരുജ്ജീവനത്തിന് ആയി കോർപ്പറേറ്റ് നികുതി നിരക്കുകൾ കുറച്ചു. എന്നാൽ ഈ തീരുമാനം ഹ്രസ്വകാലത്തേക്ക് വ്യവസായ മേഖലയ്ക്ക് ഗുണപരമായ ഉത്തേജനം നൽകിയിട്ടില്ല.

കയറ്റുമതി മേഖലയ്ക്ക് ഉത്തേജനത്തിനായി അടിസ്ഥാന കാർഷിക‑വ്യാവസായിക ഉല്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് കാർഷിക അധിഷ്ഠിത ചരക്കുകളുടെ ഉത്പാദനത്തിൽ നേട്ടമുണ്ടാക്കാൻ ഉൽപ്പാദന മേഖലയ്ക്ക് ശക്തമായ ‘ഫാം-ടു-ഫാക്ടറി’ വിതരണ ചാനൽ ആവശ്യമാണ്. ആഭ്യന്തര ഉത്പാദനത്തിൽ ഇന്ത്യയിലെ സഹകരണ മേഖലയെ സംയോജിപ്പിച്ചുകൊണ്ട് ചെറുകിട‑ഇടത്തരം സഹകരണ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും “കമ്മ്യൂണിറ്റി ബേസ്ഡ് കോ-ഓപ്പറേറ്റീവ്” എന്ന രീതിയിലുള്ള ഒരു ശ്രമം കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും കൊണ്ടുവന്നാൽ ഇന്ത്യയിലെ 50 ശതമാനത്തോളം ബഹുമുഖ ദാരിദ്ര്യം അനുഭവിക്കുന്ന അടിസ്ഥാന വർഗ്ഗത്തിന് സ്വയം പര്യാപ്തമായ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുകയും ചെയ്യും. അതിലൂടെ അടിസ്ഥാന മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഉപകരിക്കും.

ഇന്ത്യൻ ഗവൺമെന്റിന്റെ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് റിപ്പോർട്ട് പ്രകാരം തൊഴിലില്ലായ്മ നാല് പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. അതുപോലെതന്നെ ഗാർഹിക ഉപഭോക്താക്കൾക്ക് ചെലവ് നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. പീരിയോഡിക് ലേബർ ഫോഴ്സ് സർവേയിൽ നിന്നുള്ള സമീപകാല ഡേറ്റയും വെളിപ്പെടുത്തുന്നത് ഗ്രാമീണ‑നഗര പ്രദേശങ്ങളിൽ രൂക്ഷമായ തൊഴിലില്ലായ്മ അനുഭവപ്പെടുന്നു. ഇത് പരിഹരിക്കാൻ കാര്യമായ ഇടപെടലുകൾ കേന്ദ്രബജറ്റിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സ്ത്രീ സുരക്ഷയും, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തവും വർധിപ്പിക്കുന്നതിനുള്ള പ്രായോഗികമായ നിർദേശങ്ങൾ ഈ ബജറ്റിൽ പ്രതീക്ഷിക്കുന്നു.

അസംഘടിത മേഖലയിലെ തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കേണ്ടതാണ്. അതിനൊപ്പം വിദ്യാസമ്പന്നരായ സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന വനിതകൾക്ക് തൊഴിൽ മേഖലയിൽ പ്രവേശിക്കുന്നതിന് വേണ്ടി പൊതുഫണ്ട് ഉണ്ടാക്കുകയും അവരെ തൊഴിൽ പ്രാപ്തരാക്കുന്ന പുതിയ പദ്ധതികൾ ആവിഷ്കരിക്കേണ്ടതാണ്. സംഘടിത മേഖലയിലെ സ്ത്രീകളുടെ കൂടുതൽ തൊഴിൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും അതിനൊപ്പം അസംഘടിത മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന തൊഴിൽ ചൂഷണവും പരിഹരിക്കേണ്ടതുണ്ട്. ജനസംഖ്യാപരമായ ഡിവിഡൻഡ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് അനുകൂലമായി മാറ്റുന്നതിന് തൊഴിൽ ശക്തി വളർത്തിയെടുക്കുന്നതിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. പുതിയ കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന അറിവും വൈദഗ്ധ്യവും നേടിയെടുക്കാൻ യുവാക്കളെ പ്രാപ്തരാക്കുന്നതിന് ചില ബജറ്റ് നിർദ്ദേശങ്ങൾ ഉണ്ടാകേണ്ടതുണ്ട്. പരിസ്ഥിതി സംരക്ഷണവും തൊഴിൽ സുരക്ഷിതത്വവും ബന്ധപ്പെടുത്തി അടിയന്തരമായ പരിഗണനകൾ ആവശ്യമുണ്ട്. കാലാവസ്ഥവ്യതിയാനം മാറുന്ന പരിസ്ഥിതിയ്ക് അനുസരിച്ച് സുരക്ഷിതവും ആരോഗ്യകരമായ ഒരു തലമുറക്കായി ‘പാരിസ്ഥിതിക സുസ്ഥിരത’ നേടിയെടുക്കുന്ന വികസന പദ്ധതികൾ വിഭാവനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഗവൺമെന്റ് അടിയന്തരമായ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റൊരു പ്രധാന മേഖലയാണ് ഗ്രാമീണ ഉപഭോഗം വർധിപ്പിക്കുന്നത്.

കഴിഞ്ഞ യുപിഎ സർക്കാർ നടപ്പിലാക്കിയ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പോലുള്ള ബൃഹദ് പദ്ധതികൾ ഗ്രാമീണമേഖലയിലെ ഉണർവിന് കാരണമായി. നേരിട്ടുള്ള വരുമാന കൈമാറ്റ പദ്ധതികളിൽ സർക്കാർ കൂടുതൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയും കൂടുതൽ നിക്ഷേപം ഈ മേഖലയിൽ നടപ്പിലാക്കിയാൽ മാത്രമേ ഗ്രാമീണ മേഖലയുടെ ഉണർവിനും അതിലൂടെ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ കയ്യിലേക്ക് നേരിട്ട് പണം എത്തുകയും ചെയ്താൽ മാത്രമേ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ മുന്നോട്ടു നയിക്കാനും സാധിക്കുകയുള്ളൂ. അതിനൊപ്പം വ്യക്തിഗത നികുതിദായകർക്ക് കൂടുതൽ ആശ്വാസം പ്രഖ്യാപിക്കുമെന്നും ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ പ്രതീക്ഷിക്കുന്നു. അടിസ്ഥാന ഇളവ് പരിധി ഒരു വ്യക്തിഗത നികുതിദായകന് മൂന്ന് ലക്ഷം രൂപയും, മുതിർന്ന പൗരന്മാർക്ക് 3.5 ലക്ഷം രൂപയും, സൂപ്പർ സീനിയർ പൗരന്മാർക്ക് ആറു ലക്ഷം രൂപയുമായി വർധിപ്പിക്കണം. പുതിയ നികുതി നിയമങ്ങൾ തയാറാക്കാൻ സർക്കാർ രൂപവത്കരിച്ച ടാസ്ക്ഫോഴ്സ് വ്യക്തിഗത നികുതി നിരക്ക് യുക്തിസഹമാക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. അഞ്ചു ശതമാനം, 10 ശതമാനം, 20 ശതമാനം, 30 ശതമാനം, 35 ശതമാനം എന്നിങ്ങനെ അഞ്ചു നികുതി ബ്രേക്കറ്റുകൾ ശുപാർശ ചെയ്തിട്ടുണ്ട്. അതിനൊപ്പം സെക്ഷൻ 80 സി യുടെ പരിധി വർദ്ധിപ്പിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. ഭവന വായ്പയുടെ പലിശയ്ക്കു ഉയർന്ന കിഴിവ് നൽകിക്കൊണ്ട് സർക്കാർ ഭവന നിർമ്മാണ മേഖല പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കും. ഇന്ത്യയുടെ മൊത്തം സമ്പത്തിന്റെ 73 ശതമാനത്തോളം കൈവശം വെക്കുന്നത് ഒരു ശതമാനം ഉള്ള ശതകോടീശ്വരന്മാരാണ്. വർധിച്ചുവരുന്ന അസമത്വം ദാരിദ്ര്യത്തിന് എതിരായ പോരാട്ടത്തിൽ ദുർബലപ്പെടുത്തുന്നു. പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള ഈ വർദ്ധിച്ചുവരുന്ന അന്തരം യാദൃച്ഛികമായി സൃഷ്ടിക്കുന്നില്ല മറിച്ച് ഗവൺമെന്റുകളുടെ നയപരമായ തീരുമാനങ്ങളുടെ ഫലമാണ്.

സർക്കാറുകൾ സാധാരണ ജനങ്ങളുടെ മേൽ കൂടുതൽ നികുതിഭാരം അടിച്ചേൽപ്പിക്കുകയും, കോർപ്പറേറ്റ് മേഖലയ്ക്ക് കൂടുതൽ നികുതി ഇളവുകൾ നൽകുന്നത് ഇന്ത്യയിലെ സാധാരണ ജനതയെ സാമ്പത്തിക അടിമത്വത്തിലേക്ക് നയിക്കുന്നു. ശതകോടീശ്വരന്മാരുടെ വളർച്ച നിയന്ത്രിക്കേണ്ടത് ഇന്ത്യയിലെ അടിസ്ഥാനവർഗ്ഗത്തിന്റെ ഉന്നമനത്തിന് ആവശ്യമാണ്. കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രഖ്യാപനമായ “സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം” ഫലപ്രാപ്തിയിൽ എത്തിയില്ല. ഓരോ മേഖലയിലും ആവശ്യങ്ങൾ വ്യത്യസ്തമായിരിക്കുമെങ്കിലും സാമ്പത്തിക മാന്ദ്യം മറികടക്കാൻ ‘സംരംഭകത്വ സഹായ പദ്ധതികൾ’ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയ്ക്ക് സുസ്ഥിരമായ സാമ്പത്തിക വളർച്ച നേടിയെടുക്കാൻ എല്ലാവർക്കും മാന്യമായ ജീവിത സാഹചര്യവും അത് ആസ്വദിക്കാനുള്ള ലോകം സൃഷ്ടിക്കേണ്ടതാണ്. മനുഷ്യന്റെ ഉൽപാദന രീതിയിലും ഉപഭോഗ രീതിയിലും മാറ്റം അനിവാര്യമാണ്. കേവലം സാമ്പത്തിക വളർച്ച എന്നത് ജിഡിപി വളർച്ച എന്നതിനുപകരം മാനവിക വികസന രംഗത്ത് പ്രത്യേകിച്ച് ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന വികസനം, തൊഴിൽമേഖല, സാമൂഹ്യ സുരക്ഷാ എന്നീ രംഗങ്ങളിൽ കൂടുതൽ സർക്കാർ നിക്ഷേപം വർധിപ്പിച്ചുകൊണ്ട് ഇന്ത്യയ്ക്ക് മാനവിക വികസന രംഗത്ത് പുരോഗതി കൈവരിക്കുകയും അതിലൂടെ സാമ്പത്തിക വളർച്ച നേടിയെടുക്കാൻ സാധിക്കുമെന്ന രീതിയിലുള്ള ആധുനിക വികസന സാമ്പത്തികശാസ്ത്ര സമീപനം സ്വീകരിക്കാൻ ഈ കേന്ദ്ര ബജറ്റ് തയ്യാറാകുമോ എന്ന ചോദ്യമാണ് പ്രസക്തം. ലേഖകൻ കണ്ണൂർ കൃഷ്ണമേനോൻ ഗവൺമെന്റ് വനിതാ കോളജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.