August 15, 2022 Monday

Related news

February 1, 2022
February 1, 2022
February 1, 2022
January 30, 2022
February 2, 2021
February 1, 2021
February 1, 2021
January 23, 2021
January 23, 2021
February 9, 2020

കേന്ദ്ര ബജറ്റ്: പരിഗണന ലഭിക്കാതെ കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം

Janayugom Webdesk
ന്യൂഡല്‍ഹി:
February 2, 2021 9:06 pm

കേന്ദ്ര ബജറ്റില്‍ വേണ്ടത്ര പരിഗണന ലഭിക്കാതെ കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം. നിർമ്മല സീതാരാമൻ കഴിഞ്ഞദിവസം അവതരിപ്പിച്ച ബജറ്റിൽ മന്ത്രാലയത്തിന് ആകെ അനുവദിച്ചിരിക്കുന്നത് 3,229.94 കോടി രൂപയാണ്. ഇതില്‍ ലോ ആന്റ് ജസ്റ്റിസിന് 2,645.82 കോടിയും സുപ്രീംകോടതിക്ക് 334.96 കോടിയും തെരഞ്ഞെടുപ്പ് കമ്മീഷന് 249.16 കോടിയുമാണ് വിഹിതം.

ലോ ആന്റ് ജസ്റ്റിസ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മിക്ക പദ്ധതികള്‍ക്കുമുള്ള ബജറ്റ് വിഹിതം മുന്‍വര്‍ഷത്തെക്കാള്‍ കുറഞ്ഞിട്ടുണ്ട്. പല പദ്ധതികള്‍ക്കും ഫണ്ട് അനുവദിക്കാത്ത അവസ്ഥയും ഉണ്ട്. നാഷണല്‍ മിഷന്‍ ഫോര്‍ ജസ്റ്റിസ് ഡെലിവറി ആന്റ് ലീഗല്‍ റിഫോംസ് പദ്ധതിക്കുള്ള ബജറ്റ് വിഹിതത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ കുറവുണ്ടായിട്ടുണ്ട്.

രാജ്യത്തുടനീളമുള്ള കോടതികളുടെ ഡിജിറ്റലൈസേഷന്‍ ലക്ഷ്യമിട്ടുള്ള ഇ‑കോര്‍ട്ട് പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി ഈ ബജറ്റില്‍ അനുവദിച്ചത് 98.82 കോടി രൂപ മാത്രമാണ്. കഴിഞ്ഞ വര്‍ഷം 250 കോടി രൂപ അനുവദിച്ചിരുന്നു. ജുഡീഷ്യറിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസനത്തിനായി അനുവദിച്ചിട്ടുള്ള വിഹിതത്തില്‍ നേരിയ വര്‍ധനവ് മാത്രമെ ഉണ്ടായിട്ടുള്ളു. ഇതിനായി ഈ വര്‍ഷം കണക്കാക്കിയ തുക 784 കോടിയാണ്, 762 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിഹിതം.

നാഷണല്‍ മിഷനു കീഴിലുള്ള ജുഡീഷ്യല്‍ റിഫോംസ് പ്രോജക്ടിന്റെ ഭാഗമായുള്ള പഠനങ്ങള്‍ക്ക് ഈ ബജറ്റില്‍ ഫണ്ടൊന്നും അനുവദിച്ചിട്ടില്ല. നിയമ വിദ്യാഭ്യാസം, ഗവേഷണം, നിരീക്ഷണ പഠനങ്ങള്‍, സെമിനാറുകള്‍ / സമ്മേളനങ്ങള്‍ എന്നിവ നടത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനാണ് ഈ പദ്ധതി രൂപീകരിച്ചിട്ടുള്ളത്്. നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി ബാംഗ്ലൂര്‍, നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് ഹൈദരാബാദ്, മറ്റ് കേന്ദ്ര നിയമ സര്‍വകലാശാലകള്‍, സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകള്‍ എന്നിവയില്‍ നിന്നെല്ലാം വിവിധ നിയമ വിഷയങ്ങളില്‍ നടക്കുന്ന ഗവേഷണങ്ങള്‍ ഉള്‍പ്പെടുന്നത് ഈ പദ്ധതിയിലാണ്.

പകരം, ദിശ (ഡിസൈനിംഗ് ഇന്നൊവേറ്റീവ് സൊല്യൂഷന്‍ ഫോര്‍ ഹോളിസ്റ്റിക് ആക്‌സസ് ടു ജസ്റ്റിസ് ഇന്‍ ഇന്ത്യ) പദ്ധതിക്കു വേണ്ടി 40 കോടി അനുവദിച്ചു. ജമ്മു കശ്മീരിലും ഇന്ത്യയിലെ മറ്റ് വടക്ക്-കിഴക്കന്‍ പ്രദേശങ്ങളിലും ഉള്ളവര്‍ക്ക് നീതി ലഭ്യമാക്കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. കൂടാതെ ടെലി ലോ, ന്യായ ബന്ധു, ന്യായ മിത്ര എന്നീ മൂന്ന് പ്രോഗ്രാമുകളും ഇതില്‍ ഉള്‍പ്പെടുന്നു. ജനപ്രതിനിധികൾ ഉൾപ്പെടുന്ന കേസുകൾക്കായി സ്ഥാപിക്കപ്പെട്ട പ്രത്യേക കോടതികള്‍ക്കുള്ള ചെലവും ഇതിലാണ് ഉള്‍പ്പെടുന്നത്.

നികുതി ട്രൈബ്യൂണലുകള്‍ക്കുള്ള ബജറ്റ് വിഹിതത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 172.9 കോടിയായിരുന്ന ബജറ്റ് വിഹിതം 2021 ലെ ബജറ്റില്‍ 219.3 കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. മറ്റ് സ്വയംഭരണ സ്ഥാപനങ്ങളായ നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി, നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി, ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയവയ്ക്ക് കഴിഞ്ഞ വര്‍ഷത്തെ അതേ വിഹിതമാണ് അനുവദിച്ചിരിക്കുന്നത് (യഥാക്രമം 100 കോടി, 11 കോടി, 3 കോടി രൂപ). ഹരിയാന നിയമസഭയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോണ്‍സ്റ്റിറ്റിയൂഷണല്‍ ആന്റ് പാര്‍ലമെന്ററി സ്റ്റഡീസിന് ഇതിനുപുറമെ 1.5 കോടി രൂപയും കണക്കാക്കിയിട്ടുണ്ട്.

ഈ വര്‍ഷം സുപ്രീംകോടതിക്കുള്ള ബജറ്റ് വിഹിതത്തിൽ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 308.61 കോടി രൂപയായിരുന്നു വിഹിതം, ഈ വര്‍ഷം അത് 334.96 കോടി രൂപയാക്കി ഉയര്‍ത്തി. സുപ്രീം കോടതിയുടെ ഭരണപരമായതും മറ്റുള്ളതുമായ ചെലവുകള്‍ക്കായി ഈ ഫണ്ടാണ് ഉപയോഗിക്കുന്നത്. ജഡ്ജിമാര്‍, മറ്റ് ജീവനക്കാര്‍, രജിസ്ട്രി, കാന്റീന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ ശമ്പളവും യാത്രാ ചെലവും, സുരക്ഷ, സ്റ്റേഷനറി ചെലവുകള്‍, ഓഫീസ് ഉപകരണങ്ങള്‍, സുരക്ഷാ ഉപകരണങ്ങള്‍, സിസിടിവി പരിപാലനം, സുപ്രീം കോടതിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് അച്ചടിക്കല്‍ എന്നിവയെല്ലാം ഈ ഫണ്ടിലാണ് ഉള്‍പ്പെടുന്നത്.

കേന്ദ്ര ബജറ്റിനൊപ്പം അവതരിപ്പിച്ച 2021 ലെ ധനകാര്യ ബില്‍, ആദായനികുതി അപ്പീല്‍ ട്രിബ്യൂണലുകളുടെ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ട്രിബ്യൂണലും അപ്പീല്‍ വാദികളും തമ്മിലുള്ള എല്ലാ ആശയവിനിമയങ്ങളും ഇനി ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ ആയിരിക്കുമെന്നും അതിനാല്‍ നടപടിക്രമങ്ങള്‍ മുഖം നോക്കാതെയുള്ളതായിരിക്കുമെന്നും നിര്‍മ്മലാ സീതാരാമന്‍ തന്റെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഇതിനായി ട്രിബ്യൂണലുകളുമായി ബന്ധപ്പെട്ട ആദായനികുതി നിയമത്തിലെ സെക്ഷന്‍ 255 ഭേദഗതി ചെയ്യും.

ENGLISH SUMMARY: Union Bud­get: Union Min­istry of Law and Jus­tice with­out consideration

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.