ആധാര്‍ മതിയാകില്ല: വീണ്ടും പുതിയ കാര്‍ഡിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

Web Desk
Posted on September 23, 2019, 1:24 pm

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും പുതിയ മള്‍ട്ടി പര്‍പസ് തിരിച്ചറിയല്‍ കാര്‍ഡിനുള്ള പദ്ധതിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ആധാര്‍, വോട്ടര്‍കാര്‍ഡ്, പാസ്‌പോര്‍ട്ട് വിവരങ്ങളെല്ലാം ഉള്‍പ്പെടുന്ന കാര്‍ഡിനുള്ള ആശയമാണ് അമിത് ഷാ മുന്നോട്ടുവച്ചിരിക്കുന്നത്. 2020 ഓടെ ദേശീയ പൗരത്വ രജിസ്റ്ററിനുള്ള നടപടികള്‍ തുടങ്ങുമെന്നും അമിത് ഷാ പ്രഖ്യാപനം നടത്തി.
2021 സെന്‍സസ് പൂര്‍ണ്ണമായും ഡിജിറ്റലാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുമ്പോള്‍ അമിത് ഷാ പറഞ്ഞു. ആധാര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഡ്രൈവിങ് ലൈസസന്‍സ്, പാസ്‌പോര്‍ട്ട്, വോട്ടര്‍ കാര്‍ഡ് വിവരങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന കാര്‍ഡിനുള്ള ആശയം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
2021 സെന്‍സസില്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ചായിരിക്കും വിവരങ്ങള്‍ ശേഖരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. പേപ്പര്‍ സെന്‍സസില്‍ നിന്നും ഡിജിറ്റല്‍ സെന്‍സസിലേക്കുള്ള ചുവടുവയ്പായിരിക്കും ഇത്. 2021 സെന്‍സസിന്  12000 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കൂകൂട്ടിയിരിക്കുന്നത്.