Web Desk

ന്യൂഡൽഹി

April 04, 2021, 8:49 am

പഞ്ചാബിലെ കർഷകർക്കെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Janayugom Online

കാർഷികനിയമങ്ങൾക്കെതിരെ ശക്തമായ സമരം തുടരുന്നതിനിടെ, പഞ്ചാബിലെ കർഷകർക്കെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പഞ്ചാബിലെ അതിർത്തി മേഖലകളിലെ കർഷകർ അവരുടെ വയലുകളിൽ പണിയെടുക്കുന്ന കുടിയേറ്റ തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും മയക്കുമരുന്ന് നൽകുന്നുവെന്നാണ് കേന്ദ്രത്തിന്റെ ആരോപണം. കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്യിപ്പിച്ച് തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനുവേണ്ടിയാണ് മയക്കുമരുന്ന് നൽകുന്നതെന്നും ആഭ്യന്തര മന്ത്രാലയം പഞ്ചാബ് സർക്കാരിന് അയച്ച കത്തിൽ കുറ്റപ്പെടുത്തുന്നു. 

ഈ വിഷയത്തിൽ അന്വേഷണം നടത്തണമെന്നും കൈക്കൊണ്ട നടപടികളെക്കുറിച്ച് അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നതിന്റെ പേരിൽ തങ്ങളെ താറടിക്കാനുള്ള നരേന്ദ്ര മോഡി സർക്കാരിന്റെ പുതിയ തന്ത്രമാണിതെന്ന് കർഷകർ പ്രതികരിക്കുന്നു. ‘ഖാലിസ്ഥാനിയെന്നും തീവ്രവാദിയെന്നുമൊക്കെ വിളിച്ച് അധിക്ഷേപിച്ചതിനു ശേഷം ഇപ്പോൾ കേന്ദ്രസർക്കാരിന്റെ പുതിയ തന്ത്രമാണിത്. 

2019–20 കാലഘട്ടത്തിൽ ബിഎസ്എഫിന്റെ നേതൃത്വത്തിൽ നടന്ന സർവേയിൽ കണ്ടെത്തിയ വിവരങ്ങളാണിതെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നത് ശരിയാണെങ്കിൽ, ഇത്രയും കാലം അത് പൂഴ്ത്തിവച്ച് കർഷകർ സമരത്തിനിറങ്ങിയതിനുശേഷം പുറത്തിറക്കിയത് ആശ്ചര്യമുണ്ടാക്കുന്നതാണെന്ന് കർഷക സമര നേതാവ് ജഗ്‌മോഹൻ സിങ് ദി ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു. അവർ ഞങ്ങളെയും ഹിന്ദുക്കളായ കുടിയേറ്റ തൊഴിലാളികളെയും തമ്മിൽ തെറ്റിക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ജില്ലാ കളക്ടർമാരെ നേരിൽ കണ്ട് ഞങ്ങളുടെ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ENGLISH SUMMARY:Union Home Min­istry has lev­eled seri­ous alle­ga­tions against farm­ers in Punjab
You may also like this video