August 9, 2022 Tuesday

Related news

July 28, 2022
July 19, 2022
July 19, 2022
June 28, 2022
June 28, 2022
June 27, 2022
June 16, 2022
June 14, 2022
June 11, 2022
June 1, 2022

പൗരത്വ ബില്ലിനെ ന്യായീകരിച്ച് കേന്ദ്ര മന്ത്രി; പൊളിച്ചടുക്കി മുഖ്യമന്ത്രിയും ചീഫ് വിപ്പും

സ്വന്തം ലേഖകൻ
December 14, 2019 10:27 pm

തൃശൂർ: മറ്റു രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ മതവിഭാഗങ്ങൾ അഭയാർത്ഥികളായെത്തിയാൽ സംരക്ഷിക്കുകയെന്നതു മാത്രമാണ് പൗരത്വബില്ലിന്റെ ലക്ഷ്യമെന്നും ആർക്കെങ്കിലും പൗരത്വം നിഷേധിക്കുന്ന യാതൊരു ഘടകങ്ങളും ബില്ലിലില്ലെന്നും ന്യായീകരിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. മന്ത്രിയുടെ വാദങ്ങൾ പൊള്ളയാണെന്ന് അദ്ദേഹത്തെ വേദിയിലിരുത്തി ചീഫ് വിപ്പ് കെ രാജന്റെ വിശദീകരണം. പിന്നീട് നിയമത്തിന്റെ ബലത്തിൽ എന്ത് ഹുങ്കും കാണിക്കാമെന്ന അധികാരികളുടെ നിലപാട് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയപ്പ്. കേരള പത്രപ്രവർത്തക യൂണിയൻ സമ്മേളനവേദിയിലായിരുന്നു പൗരത്വ നിയമ ഭേദഗതിബിൽ ചർച്ച ചൂടുപിടിച്ചത്.

സമ്മേളനത്തിന്റെ ഭാഗമായുള്ള ആദരസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് കേന്ദ്ര സഹമന്ത്രി പൗരത്വബില്ലിനെ ന്യായീകരിക്കാൻ ശ്രമിച്ചത്. പൗരത്വം നൽകുന്നതു സംബന്ധിച്ച ചുമതല കേന്ദ്ര സർക്കാരിനാണ്. അതിർത്തി സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നവർക്ക് ജീവിക്കാൻ വേണ്ട പ്രാഥമിക അവകാശങ്ങൾ പോലുമില്ല. അവർക്ക് ഇന്ത്യ വിട്ടൊരു ജീവിതവുമില്ലാത്ത അവസ്ഥയിൽ സ്ഥിരതാമസക്കാരായ അഭയാർഥികളെ സംരക്ഷിക്കാനാണ് ഈ നിയമമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘശക്തികൾ തുടക്കം മുതൽ മുന്നോട്ടുവച്ച മുദ്രാവാക്യങ്ങളിൽ നിന്ന് യാതൊരു മാറ്റവുമില്ല പൗരത്വബില്ലെന്ന ആശയത്തിനെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ചീഫ് വിപ്പ് കെ രാജൻ പറഞ്ഞു. ഒരു മതവിഭാഗത്തെ മാത്രം ഒഴിവാക്കിക്കൊണ്ടുള്ള ന്യൂനപക്ഷ പ്രേമം ആ വിഭാഗത്തെ ശത്രുപക്ഷത്തു നിർത്തുന്നതിന്റെ തെളിവാണ്.

പ്രതിഷേധിക്കാൻ സാധിക്കാത്ത മാധ്യമങ്ങൾ രോഷാഗ്നി മനസിൽ സൂക്ഷിച്ച് ഒഴിച്ചിട്ട എഡിറ്റോറിയലുകളുടെ ചരിത്രം ആവർത്തിക്കാൻ സാധ്യതയുള്ള സ്ഥിതിയിലാണ് നാമിന്ന് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ബില്ലിന്റെ പേരിലുള്ള അനാവശ്യ ഇടപെടലുകൾ കേരളത്തിൽ നടപ്പാവില്ലെന്ന് വൈകുന്നേരം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമത്തിന്റെ ബലത്തിൽ എന്ത് ഹുങ്കും കാണിക്കാമെന്ന അധികാരികളുടെ നിലപാട് ശരിയല്ല. രാവിലെ അങ്ങനെ ആരോ പറഞ്ഞതായി കേട്ടു. അത് കേരളത്തിൽ വിലപ്പോവില്ല. പ്രതിസന്ധിയിലായ മാധ്യമ പ്രവർത്തന മേഖലയ്ക്ക് ന്യായമായ എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യം ഗുരുതരമായ പ്രതിസന്ധിയിലാണ് നിലനിൽക്കുന്നതെന്നും ഭരണഘടന ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ് രാജ്യത്തെന്നും മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. വളരെ ആസൂത്രിതമായാണ് പൗരത്വബില്ല് പോലും നടപ്പാക്കുന്നത്. സോഷ്യൽമീഡിയയിൽ പച്ചയായി പറയുന്ന വർഗീയതയുടെ അലകൾ ഇപ്പോൾ മുഖ്യധാരാ മാധ്യമങ്ങളുടെയും ഭാഗമായിക്കഴിഞ്ഞു. ഭരണകൂടം കവചമായി മാധ്യമങ്ങളെ ഉപയോഗിച്ചു തുടങ്ങിയതോടെ ജനങ്ങൾക്കുണ്ടായിരുന്ന മാധ്യമ സുരക്ഷ അപ്രത്യക്ഷമായിരിക്കുകയാണെന്നും സുനിൽകുമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.