സംവരണത്തില്‍ തൊട്ടുള്ള കളിവേണ്ടെന്ന് കേന്ദ്രമന്ത്രി; ആര്‍എസ്എസിന് മുന്നറിയിപ്പ്

Web Desk
Posted on August 19, 2019, 2:07 pm

ന്യൂഡല്‍ഹി: സംവരണത്തില്‍ തൊട്ടുള്ള കളിവേണ്ടെന്ന് ആര്‍എസ്എസിന് കേന്ദ്രമന്ത്രി രാംദാസ് അതാവാലെയുടെ മുന്നറിയിപ്പ്. സംവരണത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞതിനോടാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

സംവരണവിഷയത്തില്‍ ചര്‍ച്ച ആവശ്യമാണെന്ന് താന്‍ കരുതുന്നില്ലെന്ന് രാംദാസ് അതാവാലെ പറഞ്ഞു. പിന്നോക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണം ഒരു മാറ്റവുമില്ലാതെ നിലനില്‍ക്കണം. ഇപ്പോള്‍ മറ്റ് സമുദായങ്ങളും സംവരണത്തിന് അര്‍ഹത നേടിയിട്ടുണ്ടെന്നും അതിനാല്‍ ഇക്കാര്യത്തില്‍ ചര്‍ച്ച അനാവശ്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതാവായ രാംദാസ് അതാവാലെ രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാരില്‍ സാമൂഹിക നീതി വകുപ്പിന്റെ ചുമതലയാണ് വഹിക്കുന്നത്.

മോഡി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം സംവരണം റദ്ദാക്കല്‍ ആയിരിക്കുമെന്ന വ്യക്തമായ സൂചനയാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് കഴിഞ്ഞദിവസം നല്‍കിയിരുന്നത്. .
സംവരണത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ സൗഹാര്‍ദപൂര്‍ണമായ സംവാദം നടക്കണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ആര്‍എസ്എസിനു കീഴിലുള്ള ശിക്ഷാ സംസ്‌കൃതി ഉത്താന്‍ ന്യാസ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പരാമര്‍ശം.

വിദ്യാഭ്യാസത്തിലും ജോലിയിലും പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടനാപ്രകാരം വ്യവസ്ഥ ചെയ്തിരിക്കുന്ന സംവരണം റദ്ദാക്കണമെന്നത് ആര്‍എസ്എസ് വര്‍ഷങ്ങളായി ഉന്നയിച്ചുവരുന്ന ആവശ്യങ്ങളിലൊന്നാണ്.