രാജ്യത്തെ ഏറ്റവും മികച്ച സുഗന്ധവ്യഞ്ജന കയറ്റുമതിക്കാര്‍ക്കുള്ള സ്പൈസസ് ബോര്‍ഡ് പുരസ്കാരങ്ങള്‍ കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി സോം പര്‍കാഷ് നാളെ കൊച്ചിയില്‍ സമ്മാനിക്കും. എറണാകുളം ഗേറ്റ് വേ ഹോട്ടലിൽ രാവിലെ 11 മണിക്കാണ് ചടങ്ങ്. ഇന്ത്യയില്‍ നിന്നുള്ള സുഗന്ധ വ്യഞ്ജന കയറ്റുമതിയില്‍ ആദ്യ മൂന്ന് സ്ഥാനത്തെത്തിയവര്‍ക്കാണ് മികവിന്റെ പുരസ്കാരം നല്‍കുന്നത്. ഇതുകൂടാതെ ഓരോ സുഗന്ധവ്യഞ്ജന വിഭാഗത്തിലും ഏറ്റവും കൂടുതല്‍ കയറ്റുമതി നടത്തിയവര്‍ക്കായി 19 പുരസ്കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും. ഹൈബി ഈഡന്‍ എംപി അധ്യക്ഷനാകുന്ന ചടങ്ങില്‍ ടി ജെ വിനോദ് എംഎല്‍എ, സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സുഭാഷ് വാസു, സെക്രട്ടറി ഡി.സത്യന്‍ എന്നിവരും പങ്കെടുക്കും.
കുരുമുളക്, ഏലം, പേരേലം, മുളക്, ഇഞ്ചി, മഞ്ഞള്‍, മല്ലി, ജീരകം, ഉലുവ, പെരുംജീരകം, ജാതിക്കയും ജാതി പത്രിയും, മസാലപ്പൊടി/ കൂട്ട്, സുഗന്ധവ്യഞ്ജന എണ്ണ/സത്ത്, പുതിന/പുതിന ഉത്പന്നങ്ങള്‍, പാക്ക് ചെയ്ത സുഗന്ധവ്യഞ്ജനങ്ങള്‍, ജൈവ സുഗന്ധവ്യഞ്ജനങ്ങള്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന കയറ്റുമതിക്കാര്‍, സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളിലെ മികച്ച നവ സംരംഭകര്‍, സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളിലെ മികച്ച വനിതാ സംരംഭക എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം നല്‍കുന്നത്. ഇത് കൂടാതെ കയറ്റുമതിയില്‍ മികച്ച വളര്‍ച്ച നേടിയവര്‍ക്ക് പ്രത്യേക സാക്ഷ്യപത്രവും നല്‍കും.
ഇന്ത്യന്‍ കാര്‍ഡമം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഏലത്തിന്റെയും പേരേലത്തിന്റെയും സുസ്ഥിര കൃഷിക്കായി തയ്യാറാക്കിയ പ്ലാന്റ് പ്രൊട്ടക്ഷന്‍ കോഡ് കേന്ദ്രമന്ത്രി സോം പര്‍കാഷ് ചടങ്ങില്‍ പ്രകാശനം ചെയ്യും. ലോകവ്യാപാര സംഘടനയുടെ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് ട്രേഡ് ഡെവലപ്മെന്റ് ഫസിലിറ്റി, ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ‑കാര്‍ഷിക സംഘടന എന്നിവയുമായി ചേര്‍ന്ന് സ്പൈസസ് ബോര്‍ഡ് നടത്തിയ നൂതന ഇടപെടലുകളിലൂടെ സുഗന്ധ വ്യഞ്ജന വിതരണം ശക്തിപ്പെടുത്തുന്നതിനും വിപണി പ്രവേശം സുഗമമാക്കുന്നതിനുള്ള പദ്ധതി, വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍, ഐഡിഎച്ച്-സസ്റ്റെയിനബിള്‍ ട്രേഡ് ഇനിഷ്യേറ്റീവ്, ജിസ് ജര്‍മ്മനി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസ് റിസര്‍ച്ച്, നാഷണല്‍ റിസര്‍ച്ച് സെന്‍റര്‍ ഓണ്‍ സീഡ് സ്പൈസസ്, എന്നിവയുമായി ചേര്‍ന്ന് സ്പൈസസ് ബോര്‍ഡ് തയ്യാറാക്കുന്ന നാഷണല്‍ സസ്റ്റെയിനബിള്‍ സ്പൈസസ് പ്രോഗ്രാം, നവംബറില്‍ മുംബൈയില്‍ നടക്കുന്ന വേള്‍ഡ് സ്പൈസസ് കോണ്‍ഗ്രസിന്‍റെ കര്‍ട്ടണ്‍ റെയ്സര്‍, സുഗന്ധവ്യഞ്ജനങ്ങളുടെ വിപണനത്തിനായി ഫ്ളേവറിറ്റ് സ്പൈസസ് ട്രേഡിംഗ് ലിമിറ്റഡ് എന്ന പേരിലുള്ള സ്പൈസസ് ബോര്‍ഡ് അനുബന്ധ കമ്പനിയുടെ ഓണ്‍ലൈന്‍ വിപണനം എന്നിവയും മന്ത്രി ഉദ്ഘാടനം ചെയ്യും.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.