
സംസ്ഥാനത്ത് എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും, ബിജെപി സംസ്ഥാന നേതൃത്വവും രണ്ടു തട്ടില്‍. പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കണമെന്ന് സുരേഷ് ഗോപിയുടെ അഭിപ്രായ പ്രകടനമെന്നാണ് ബി ജെ പിയുടെ ആരോപണം. ആലപ്പുഴ പിന്നോക്കാവസ്ഥയിലാണന്നും, രാഷ്ട്രീയ കാരണങ്ങളാല്‍ ആലപ്പുഴയില്‍ എയിംസ് വേണ്ടെന്നു വെച്ചാൽ തൃശൂരിൽ സ്ഥാപിക്കുമെന്നായിരുന്നു സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞത്.പാര്‍ട്ടിയുമായി ചര്‍ച്ച നടത്താതെ കേന്ദ്രമന്ത്രിയെന്ന നിലയില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.
പാര്‍ട്ടിയുമായി കൂടിയാലോചനകള്‍ നടത്തുന്നില്ലെന്ന് നേരത്തെ തന്നെ സുരേഷ് ഗോപിക്കെതിരെ ബി ജെ പി നേതാക്കള്‍ക്ക് പരാതിയുണ്ട്. പാര്‍ട്ടിയുടെകൂടി അഭിപ്രായം തേടാതെ കലുങ്ക് ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതും, വികസന പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കുന്നതും വരുന്ന തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമോ എന്ന ആശങ്കയാണ് നേതൃത്വത്തിനുള്ളത്. കോഴിക്കോട് ജില്ലാ കമ്മിറ്റിയും കാസര്‍ഗോഡ് ജില്ലാ നേതൃത്വവും സുരേഷ് ഗോപിയുടെ നിലപാടില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞു. കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യവുമായി ബി ജെ പി നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പിന്നോക്കാവസ്ഥയിലുള്ള കാസര്‍ഗോഡ് ജില്ലയില്‍ എയിംസ് അനുവദിക്കണമെന്നാണ് ബി ജെ പിയുടെ ആവശ്യം.
തിരഞ്ഞെടുപ്പ് കാലത്ത് സുരേഷ് ഗോപിയുടെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളില്‍ ഒന്ന് കേരളത്തില്‍ എയിംസ് അനുവദിക്കുമെന്നായിരുന്നു. എന്നാല്‍ കേരളത്തില്‍ എയിംസ് എത്തിക്കാന്‍ സുരേഷ് ഗോപിക്ക് ഇതുവരെ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ കേന്ദ്രബജറ്റില്‍ കേരളത്തിന് പ്രത്യേകിച്ച് ഒരു കേന്ദ്ര പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നില്ല. ഇതോടെ സുരേഷ് ഗോപി പ്രതിരോധത്തിലായി. എയിംസിന് ആവശ്യമായ സ്ഥലം ഏറ്റെടുത്തു നല്‍കാതിരുന്നതിനാലാണ് കേന്ദ്രം എയിംസ് അനുവദിക്കാതിരുന്നതെന്നായിരുന്നു സുരേഷ് ഗോപിയുടെ ന്യായീകരണം. എന്നാല്‍ കോഴിക്കോട് കിനാലൂരില്‍ 150 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിരുന്നു. മൊത്തം വേണ്ടത് 200 ഏക്കര്‍ സ്ഥലമാണ്. ഇതിനിടയിലാണ് കോഴിക്കോടിനെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് സുരേഷ് ഗോപി ആലപ്പുഴയ്ക്കായി രംഗത്തെത്തിയിരിക്കുന്നത്.
ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കുന്നതില്‍ ബി ജെ പിയില്‍ അഭിപ്രായ ഐക്യം ഉണ്ടായിട്ടില്ല. ഇതാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയത്. കേരളത്തിന് അടുത്തുതന്നെ എയിംസ് അനുവദിക്കുമെന്നാണ് സുരേഷ് ഗോപി പറയുന്നത്. കേരളത്തിന്റെ ആവശ്യം പരിഗണനയിലാണെന്നാണ് സുരേഷ് ഗോപി പറയുന്നത്. 22 എയിംസാണ് കേന്ദ്രം അനുവദിച്ചിരുന്നത്. ഇതില്‍ കേരളത്തിന്റെ പേരുണ്ടായിരുന്നില്ല. കേരളത്തിന്റെ ആവശ്യം പരിഗണിച്ച് ഉടന്‍ കേന്ദ്രം എയിംസ് അനുവദിച്ചുകൊണ്ടുള്ള അറിയിപ്പുണ്ടാവുമെന്നാണ് സുരേഷ് ഗോപി വ്യക്തമാക്കുന്നത്. എയിംസ് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്ന അഭിപ്രായമാണ് ബി ജെ പി സംസ്ഥാന അധ്യക്ഷനുള്ളത്. തിരുവനന്തപുരം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് രാജീവ് ചന്ദ്രശേഖര്‍ ലക്ഷ്യമിടുന്നത്.
കേരളത്തിന് എയിംസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു വ്യാഴവട്ടക്കാലമായി കേന്ദ്രത്തിന് നിവേദനം നല്‍കി കാത്തിരിക്കയാണ് കേരളം. രണ്ടാം യു പി സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് ഭരണകക്ഷി നേതാക്കളുടെ പ്രസ്താവനകള്‍ വന്നുവെന്നതല്ലാതെ ഒന്നും സംഭവിച്ചില്ല. ഒന്നാം മോഡി സര്‍ക്കാരിന്റെ കാലം തൊട്ട് ബി ജെ പി നേതാക്കള്‍ എയിംസ് പ്രധാന രാഷ്ട്രീയ ആയുധമാക്കി. തിരുവനന്തപുരം മുതല്‍ കാസർഗോഡ് വരെ എയിംസിനായി ആക്ഷന്‍ കമ്മിറ്റികളുണ്ടാക്കി. എം പിമാര്‍ പ്രാദേശിക താല്പര്യങ്ങള്‍ക്കനുസരിച്ച് എയിംസിന്റെ കേന്ദ്രം മാറ്റി. വര്‍ഷം 15 പിന്നിട്ടിട്ടും ഓരോ വര്‍ഷവും കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് വാര്‍ത്തകള്‍ വരുന്നതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.