24 April 2024, Wednesday

രാജ്യത്തിന് കരുതല്‍ ഇന്ധന ശേഖരം വേണമെന്ന് കേന്ദ്ര സെക്രട്ടറി

Janayugom Webdesk
ന്യൂഡല്‍ഹി
October 21, 2021 10:07 pm

ഇന്ത്യക്ക് കരുതല്‍ ഇന്ധന ശേഖരം അത്യന്താപേക്ഷിതമാണെന്ന് കേന്ദ്ര ഊർജ്ജ സെക്രട്ടറി അലോക് കുമാര്‍. കല്‍ക്കരി, പ്രകൃതി വാതകം, എണ്ണ എന്നിവയുടെ കരുതല്‍ ശേഖരം ഉണ്ടായാല്‍ മാത്രമെ നിലവിലുണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യാനാകൂ. അതുകൊണ്ടു തന്നെ ആവശ്യകതയും വിതരണവും ഒരുപോലെ പരിഹരിക്കാന്‍ ഇപ്പോള്‍ തന്നെ കരുതല്‍ ഇന്ധന ശേഖരത്തെ കുറിച്ച് നാം ചിന്തിച്ചു തുടങ്ങേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഐഐ സൗത്ത് ഏഷ്യ പവർ യോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഓഗസ്റ്റില്‍ ആരംഭിച്ച കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ വന്‍ വൈദ്യുത പ്രതിസന്ധിയുണ്ടായ സാഹചര്യത്തിലാണ് കേന്ദ്ര സെക്രട്ടറിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

ഓഗസ്റ്റു മുതല്‍ 29,000 മെഗാവാട്ട്, 22,000 മെഗാവാട്ട് ഉല്പാദിപ്പിക്കുന്ന വൈദ്യുത നിലയങ്ങളില്‍ യഥാക്രമം ഒരു ദിവസത്തേക്കും മൂന്നു ദിവസത്തേക്കും മാത്രമുള്ള കല്‍ക്കരി ശേഖരമാണുള്ളത്. രാജ്യത്ത് വന്‍ കല്‍ക്കരി ക്ഷാമമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോഴും കേന്ദ്ര സര്‍ക്കാര്‍ ആദ്യമിത് നിഷേധിക്കുകയായിരുന്നു. പിന്നീട് പത്ത് ശതമാനം കല്‍ക്കരി ഇറക്കുമതി ചെയ്യാന്‍ താപ നിലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇറക്കുമതി ചെയ്ത കല്‍ക്കരി ശേഖരം കൊണ്ടുമാത്രം ക്ഷാമം പരിഹരിക്കാനാവില്ലെന്ന് അലോക് കുമാര്‍ പറയുന്നു. ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയെ ആശ്രയിച്ചാണ് ഇന്ത്യയില്‍ 17,000 മെഗാവാട്ട് വൈദ്യുതി ഉല്പാദനം നടക്കുന്നത്. 

അന്താരാഷ്ട്ര വിപണിയില്‍ കല്‍ക്കരിയുടെ വില ഉയര്‍ന്നാല്‍ ഈ താപനിലയങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കും. പ്രകൃതി വാതകം ഉപയോഗിച്ച് 24,000 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നു. കരുതല്‍ ശേഖരം ഇല്ലെങ്കില്‍ ഇതിന്റേയും പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടതായി വരും. കൃത്യമായ മാര്‍ഗരേഖയില്ലെങ്കില്‍ ഇന്ധന വിലക്കയറ്റം മൂലമുണ്ടാകുന്ന വൈദ്യുത പ്രതിസന്ധി വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
eng­lish summary;Union Sec­re­tary urges coun­try to stock­pile fuel
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.