Saturday
23 Feb 2019

ഐന്‍സ്റ്റീനെ തിരുത്തിയെഴുതിയ അതുല്യ പ്രതിഭ

By: Web Desk | Monday 14 May 2018 10:31 PM IST


ഇസിജി സുദര്‍ശന്‍ ഭാര്യ ഭാമതിയോടൊപ്പം

കോട്ടയം: തന്‍റെ പഠനങ്ങളിലൂടെ ശാസ്ത്രലോകത്തിന് തന്നെ പുതിയ വഴി വെട്ടിത്തുറക്കുകയായിരുന്നു ഇസിജി സുദര്‍ശന്‍. പ്രകാശത്തേക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്ന ടാക്കിയോണ്‍ കണികകളെ സംബന്ധിച്ച അദ്ദേഹത്തിന്‍റെ പഠനമായിരുന്നു അതിന് വഴിതെളിച്ചത്. ശാസ്ത്രലോകത്തെ പോലും ഞെട്ടിച്ച ആ ലോക പ്രശസ്ത മലയാളി ഭൗതികശാസ്ത്രജ്ഞനും കോട്ടയം സിഎംഎസ് കോളജ് പൂര്‍വവിദ്യാര്‍ഥിയുമായ ഡോ.ഇസിജി സുദര്‍ശനന്റെ (86) ഓര്‍മയിലാണ് കോട്ടയം. പ്രശസ്തിയുടെ ഉന്നതിയില്‍ എത്തിയപ്പോഴും ജന്മനാടിനൊപ്പം വിവിധ സൗഹൃദങ്ങളും അവസാനകാലം വരെ നിലനിര്‍ത്തിപോന്നിരുന്നു അദ്ദേഹം. ഒമ്പത് തവണ നൊബേല്‍ സമ്മാനത്തിനുവേണ്ടി നാമനിര്‍ദേശം ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ ആ സ്ഥാനപദവി കോട്ടയത്തുകാര്‍ ഏറെ സ്വപ്‌നം കണ്ടിരുന്നു.

കോട്ടയം പാക്കില്‍ പതിനഞ്ചില്‍പടിയിലുള്ള  ഇ സി ജി സുദര്‍ശന്റെ ജന്മഗൃഹം

കോട്ടയം പാക്കില്‍ പതിനഞ്ചില്‍പടിയിലുള്ള ഇ സി ജി സുദര്‍ശന്റെ ജന്മഗൃഹം

കോട്ടയം പള്ളം എണ്ണയ്ക്കല്‍ ഐപ്പ് ചാണ്ടിയുടെയും കൈതയില്‍ അച്ചാമ്മ വര്‍ഗീസിന്‍റെയും മകനായി 1931 സെപ്റ്റംബര്‍ 16നാണ് സുദര്‍ശന്റെ ജനനം. എണ്ണയ്ക്കല്‍ ചാണ്ടി ജോര്‍ജ് സുദര്‍ശന്‍ എന്നാണ് മുഴുവന്‍ പേര്. വേദാന്തത്തെയും ഊര്‍ജതന്ത്രത്തെയും കൂട്ടിയിണക്കുന്ന സുദര്‍ശന്‍, ക്വാണ്ടം ഒപ്റ്റിക്‌സിലെ ടാക്കിയോണ്‍ കണങ്ങളുടെ കണ്ടെത്തലില്‍ ഐന്‍സ്റ്റീന്റെ സിദ്ധാന്തം തിരുത്തിയെഴുതി. വൈദ്യനാഥ് മിശ്രയുമൊന്നിച്ച് സുദര്‍ശന്‍ നടത്തിയ ഈ കണ്ടെത്തലിനെ ശാസ്ത്രലോകം ക്വാണ്ടം സീനോ ഇഫക്ട് എന്നു വിളിച്ചു. ‘പ്രകാശപരമായ അനുരൂപ്യം’ എന്നുവിളിക്കപ്പെട്ട കണ്ടുപിടിത്തത്തിന് സുദര്‍ശന്‍ 2005 ല്‍ നൊബേല്‍ സമ്മാനത്തിന്റെ പടിപ്പുര വരെയെത്തി. ലോകമെങ്ങുംനിന്ന് ശാസ്ത്രലോകം സുദര്‍ശനുവേണ്ടി വാദിച്ചെങ്കിലും, നൊബേലിന് ഒരുവര്‍ഷം മൂന്നില്‍ കൂടുതല്‍ പേരെ പരിഗണിക്കില്ലെന്ന ന്യായത്തില്‍ സ്വീഡിഷ് അക്കാദമി അദ്ദേഹത്തെ ഒഴിവാക്കി.

ഇ സി ജി സുദര്‍ശനും ഭാര്യയും സി എം എസിലെ ഫിസിക്‌സ്  ഡിപ്പാര്‍ട്ട്‌മെന്റ് സന്ദര്‍ശിച്ച അവസരത്തില്‍ എടുത്ത ചിത്രം

ഇ സി ജി സുദര്‍ശനും ഭാര്യയും സി എം എസിലെ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സന്ദര്‍ശിച്ച അവസരത്തില്‍ എടുത്ത ചിത്രം

കോട്ടയം സിഎംഎസ് കോളജിലും മദ്രാസ് ക്രിസ്ത്യന്‍ കോളജുകളിലും മദ്രാസ് സര്‍വകലാശാലയിലുമായിരുന്നു ഉന്നതപഠനം. ഒരു വര്‍ഷം മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ റസിഡന്റ് ട്യൂട്ടറായിരുന്നു. മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ 1952 മുതല്‍ ’55 വരെ റിസര്‍ച്ച് അസിസ്റ്റന്റായി. 1957ല്‍ ന്യൂയോര്‍ക്കിലെ റോച്ചസ്റ്റര്‍
സര്‍വകലാശാലയില്‍ ടീച്ചിങ് അസിസ്റ്റന്റായി. 1958ല്‍ അവിടെനിന്നു പി.എച്ച്.ഡി നേടി. 1957-59 കാലത്തു ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ അധ്യാപകനായി. 1959ല്‍ റോച്ചസ്റ്ററിലേക്ക് മടക്കം.1963ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേണിലുള്ള ഇന്‍സ്റ്റിട്ട്യൂട്ടില്‍ വിസിറ്റിങ് പ്രഫസര്‍. 1964ല്‍ സിറാക്കുസ് പ്രോഗ്രാം ഇന്‍ എലിമെന്ററി പാര്‍ട്ടിക്കിള്‍സില്‍ ഡയറക്ടറും പ്രഫസറുമായി. 1969 മുതല്‍ ഓസ്റ്റിനിലെ ടെക്‌സസ് സര്‍വകലാശാലയില്‍ പ്രഫസര്‍. 1973-84 കാലത്ത് ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്ററ്റിയൂട്ട് ഓഫ് സയന്‍സസിലും 1984-90 ല്‍ ചെന്നൈയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സസില്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു. ടെക്‌സസ് യൂനിവേഴ്‌സിറ്റിയിലും പ്രഫസറായി. കോട്ടയം കേന്ദ്രമായി ശ്രീനിവാസ രാമാനുജം ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിച്ചപ്പോള്‍ നാടിന്റെ നേട്ടത്തിനൊപ്പം അതിന്‍റെ പ്രസിഡന്റായി സുദര്‍ശനുണ്ടായിരുന്നു.