14 October 2024, Monday
KSFE Galaxy Chits Banner 2

യുണീക് തണ്ടപ്പേർ 16ന് നിലവില്‍ വരും: റവന്യുമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
May 13, 2022 10:37 pm

റവന്യു വകുപ്പ് ആവിഷ്കരിക്കുന്ന യുണീക് തണ്ടപ്പേർ (ഒരാൾക്ക് ഒറ്റ തണ്ടപ്പേർ) 16ന് നിലവില്‍ വരും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 16ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം കളക്ടറേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ഇനി മുതൽ വിതരണം ചെയ്യുന്ന പട്ടയങ്ങൾ ഇ‑പട്ടയങ്ങളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആധാറുമായി ബന്ധിപ്പിച്ചാണ് യുണീക് തണ്ടപ്പേർ നടപ്പാക്കുന്നത്. ഇതുവഴി ഒരാൾക്ക് സംസ്ഥാനത്ത് എവിടെയെല്ലാം ഭൂമിയുണ്ടെങ്കിലും അതെല്ലാം ഒറ്റ തണ്ടപ്പേരിലാകും. ഭൂമി സംബന്ധമായ വിവരങ്ങൾ ഭൂവുടമയുടെ സമ്മതത്തോടെ ആധാർ നമ്പറുമായി ബന്ധിപ്പിച്ച് സേവനങ്ങൾ സുഗമവും സുതാര്യവുമാക്കുന്നതിനാണ് പദ്ധതി വഴി ലക്ഷ്യമിടുന്നതെന്ന് മന്ത്രി അറിയിച്ചു.

ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈലിൽ ലഭ്യമാകുന്ന ഒടിപി ഉപയോഗിച്ച് ഓൺലൈനായോ വില്ലേജ് ഓഫീസിൽ നേരിട്ടെത്തി ഒടിപി മുഖാന്തിരമോ ബയോമെട്രിക് സംവിധാനത്തിൽ വിരലടയാളം പതിപ്പിച്ചോ തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിക്കാം. ബന്ധപ്പെട്ട വില്ലേജ് ഓഫീസർ ഇതു പരിശോധിച്ച് അംഗീകരിക്കുന്ന മുറയ്ക്ക് യുണീക് തണ്ടപ്പേർ നമ്പർ ലഭിക്കും. ഘട്ടം ഘട്ടമായാകും ഇതു സംസ്ഥാനത്ത് നടപ്പാക്കുക. പദ്ധതി പ്രാബല്യത്തിലാകുന്നതോടെ ഏതൊരു വ്യക്തിയുടേയും ഭൂമി വിവരങ്ങൾ ആധാർ അധിഷ്ഠിതമായി ഒറ്റ നമ്പറിൽ രേഖപ്പെടുത്തപ്പെടും. ഒരു ഭൂവുടമയ്ക്ക് സംസ്ഥാനത്തെ ഏതു വില്ലേജിലുമുള്ള ഭൂമി വിവരങ്ങൾ ഒറ്റ തണ്ടപ്പേരിൽ ലഭിക്കും.

ഭൂരേഖകളിൽ കൃത്യത കൈവരിക്കുന്നതിനും സുരക്ഷിതമാക്കുന്നതിനും സാധിക്കും. പദ്ധതി നടപ്പാകുന്നതോടെ ഭൂമി സംബന്ധിച്ച ഇടപാടുകൾ സുഗമമാകുകയും ക്രയവിക്രയങ്ങൾ സുതാര്യമാകുകയും ചെയ്യും. ഗുണഭോക്താക്കൾക്കു മികച്ച ഓൺലൈൻ സേവനം പ്രദാനം ചെയ്ത് വിവിധ സേവനങ്ങൾ വേഗത്തിലാക്കാനാകും. ഭൂമി വിവരങ്ങളും നികുതി രസീതും ഡിജി ലോക്കറിൽ സൂക്ഷിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ഇപ്പോഴുള്ള പേപ്പർ പട്ടയങ്ങൾക്കു പകരമായാകും ക്യുആർ കോഡും ഡിജിറ്റൽ സിഗ്‌നേച്ചറുമുള്ള ഇ‑പട്ടയങ്ങൾ നൽകുകയെന്നു മന്ത്രി പറഞ്ഞു. പേപ്പർ പട്ടയങ്ങൾ നഷ്ടപ്പെട്ടാൽ പകർപ്പെടുക്കാൻ ബുദ്ധിമുട്ടാണ്. ബന്ധപ്പെട്ട റവന്യു ഓഫീസിൽ പട്ടയ ഫയലുകൾ ഒരു നിശ്ചിത കാലയളവു മാത്രമെ സൂക്ഷിക്കാറുള്ളൂ.

പട്ടയ രേഖകൾ കണ്ടെത്തി പകർപ്പ് ലഭിക്കാത്ത സാഹചര്യം വലിയ ബുദ്ധിമുട്ടുകൾക്കും പരാതികൾക്കും ഇടയാക്കുന്നുണ്ട്. ഇതിനു പരിഹാരമായാണ് ഇ‑പട്ടയങ്ങൾ നൽകുന്നത്. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ റവന്യു വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങളിൽ നാഴികക്കല്ലാണ് ഇ‑പട്ടയങ്ങളെന്നും മന്ത്രി പറഞ്ഞു. റവന്യു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ലാൻഡ് റവന്യു കമ്മിഷണർ കെ ബിജു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഭൂമി തരംമാറ്റം നവംബര്‍ മാസത്തോടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് റവന്യൂമന്ത്രി

നിലനില്‍ക്കുന്ന എല്ലാ ഭൂമി തരംമാറ്റ പ്രശ്നങ്ങളും നവംബര്‍ മാസത്തോടെ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് റവന്യു മന്ത്രി കെ രാജന്‍. ഇതിന്റെ ഭാഗമായി കൃഷി ഓഫീസര്‍ക്കും വില്ലേജ് ഓഫീസര്‍ക്കും ഒരുമിച്ച് സഞ്ചരിക്കാനാവുന്ന തരത്തില്‍ 321 വാഹനങ്ങള്‍ അനുവദിച്ചിട്ടുണ്ട്. രണ്ടു വില്ലേജുകള്‍ക്ക് ഒരു വാഹനം എന്ന നിലയില്‍ 100 ല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ വേണ്ട വില്ലേജുകളിലേക്കാണ് വാഹനങ്ങള്‍ നല്‍കുന്നത്. കൂടാതെ 999 പേരെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി ആറുമാസത്തേക്ക് നിയമിച്ചു. അപേക്ഷകളില്‍ ആവശ്യമായ പരിശോധനകള്‍ നടത്തി നടപടികള്‍ വേഗത്തില്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:Unique thandaper into force on the 16th: Min­is­ter of Revenue
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.